Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂസഫലിയുടെ കച്ചവട വളർച്ചയ്ക്കു പിന്നിലെ രഹസ്യം; പിഴയ്ക്കാത്ത ചില ചുവടുകൾ

യൂസഫലിയുടെ ജീവിതകഥ-രാജു മാത്യു
M_A_Yusuffali

യുഎഇയുടെ ഭരണാധികാരിയും രാഷ്ട്രപിതാവുമായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചയോടെ യൂസഫലിയുടെയും ലുലുവിന്റെയും വളർച്ചയുടെ ഗതിവേഗം മാറി. കൊട്ടാരത്തിൽനിന്നു സ്ഥലവും ദീർഘകാല വായ്പകളും അനുവദിച്ചു. മറ്റുള്ളവർക്ക് ഏഴു വർഷത്തേക്കു വായ്പ അനുവദിക്കുമ്പോൾ യൂസഫലിക്കു പതിനഞ്ചു വർഷത്തേക്കാണ് വായ്പ നൽകിയത്. തുടക്കകാലത്തു തന്നെ ലഭിച്ച ആ പിന്തുണ യൂസഫലിയെ കുറച്ചൊന്നുമല്ല കരുത്തനാക്കിയത്. 

lulu

2000 ൽ ദുബായ് ഖിസൈസിൽ തുടങ്ങിയ ഹൈപ്പർമാർക്കറ്റാണ് മറ്റൊരു നേട്ടം. ദുബായ്-ഷാർജ അതിർത്തിയിലുള്ള വിശാല മരുഭൂമിയിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കുമ്പോൾ പലരും മൂക്കത്തു വിരൽവച്ചു. ആളൊഴിഞ്ഞ ഈ പ്രദേശത്ത് ഇത്രയും വലിയ സംരംഭം ആരംഭിച്ചാൽ വിജയിക്കുമോ എന്നായിരുന്നു പലരുടെയും സംശയം. പക്ഷേ യൂസഫലിക്ക് ഉറപ്പായിരുന്നു, അത് നൂറു ശതമാനം വിജയം നേടുമെന്ന്. ആ കണക്കു കൂട്ടൽ കൃത്യമായിരുന്നെന്ന് കാലവും തെളിയിച്ചു. ആളുകളുടെയും വണ്ടികളുടെയും എണ്ണം പെരുകുമ്പോൾ പാർക്കിങ് സൗകര്യമാണ് കച്ചവട സ്ഥാപനത്തിന് ആദ്യം വേണ്ടതെന്ന ന്യായമാണ് അന്ന് അടുപ്പക്കാരോട് യൂസഫലി പറഞ്ഞത്. 

അതുകൊണ്ടാണ് ഖിസൈസിൽ വിശാലമായ പാർക്കിങ് സ്ഥലത്തോടെ ഹൈപ്പർമാർക്കറ്റ് തുടങ്ങിയതും. ഇന്ന് ഖിസൈസ് തിരക്കേറിയ സ്ഥലമായി. ഹൈപ്പർമാർക്കറ്റിനു ചുറ്റുവട്ടത്ത് നഗരം വികസിച്ചു എന്നു പറയുന്നതാകും ശരി. 2000 ൽ വൈടുകെ വിഷയം ഉൾപ്പെടെ കത്തിനിൽക്കുമ്പോഴാണ് ഒരു പ്രശ്നവുമില്ലെന്ന മട്ടിൽ യൂസഫലി വലിയ സംരംഭം തുടങ്ങിയത്. ലോകം പ്രതിസന്ധിയെക്കുറിച്ചു ചിന്തിച്ചപ്പോൾ യൂസഫലി സാധ്യതകളെക്കുറിച്ചു മാത്രം ആലോചിച്ചു എന്നതാണു ശരി. ഇതോടൊപ്പം സിറ്റിയുടെ പുറത്തേക്കും യൂസഫലി കച്ചവടം വിപുലമാക്കിക്കൊണ്ടിരുന്നു. 

അബുദാബി ഖലീഫാ സിറ്റി, മദീനത്ത് സായിദ് തുടങ്ങിയ മേഖലകളിലേക്കും സൂപ്പർമാർക്കറ്റുകൾ വളർന്നു. ആളുകളുടെ അടുത്തേക്കു സ്ഥാപനങ്ങളും സൗകര്യങ്ങളും ചെല്ലണമെന്ന ആശയമാണ് യൂസഫലി നടപ്പാക്കിയത്. കച്ചവടം വളരണമെങ്കിൽ മൂന്നു കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രമാണം. ഒന്നാമതു ലൊക്കേഷൻ. രണ്ടാമതും ലൊക്കേഷൻ. മൂന്നാമതും ലൊക്കേഷൻ എന്നതാണ് അ ദ്ദേഹത്തിന്റെ അഭിപ്രായം. 

Yusuffali-Sheikh-Maktoum

തിരക്കുള്ള നഗരത്തിൽ റോഡരുകിൽ കച്ചവട സ്ഥാപനം തുടങ്ങിയാൽ വിജയിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 60% കച്ചവടം. ബാക്കി 40% ഉപയോക്താക്കൾക്കുള്ള സൗകര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം തന്റെ ഉദ്യോഗസ്ഥരോടു പറയുന്നു. കടയിലേക്ക് വരാനുള്ള റോഡ് സൗകര്യവും പാർക്കിങ് സൗകര്യവും കടയ്ക്കുള്ളിലെ പുതുമകളും സാധനങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും അവ വിന്യസിച്ചിരിക്കുന്ന രീതിയുമെല്ലാം വിജയഘടകങ്ങളാണെന്ന് അദ്ദേഹം അനുഭവത്തിൽനിന്നു വെളിപ്പെടുത്തുന്നു. അറിയാവുന്ന മേഖലയിൽ മാത്രം ബിസിനസ് ചെയ്യുക എന്നതാണ് യൂസഫലിയുടെ മറ്റൊരു പോളിസി. 

റിയൽ എസ്റ്റേറ്റ് മേഖല കത്തിനിൽക്കുന്ന കാലത്ത് പലരും യൂസഫലിയെ സമീപിച്ചു. ആ മേഖലയിലും കൈവയ്ക്കണമെന്ന് ഉപദേശിച്ചു. പത്ത് ഇറക്കിയാൽ ആയിരം കിട്ടുന്ന കാലം. പക്ഷേ, അപ്പോഴും യൂസഫലി അവരോടു പറഞ്ഞത് തനിക്കറിയാവുന്ന രംഗം വ്യാപാരമാണ്. അതിൽ മുന്നേറുന്നതിനാണു താൽപര്യം. അറിയാത്ത പണി ചെയ്യാൻ താനില്ല എന്നാണ്. അതു ശരിയായിരുന്നെന്ന് കാലം പല തവണ തെളിയിച്ചു. ഗൾഫിൽ പല തവണ മാന്ദ്യം വന്ന് റിയൽ എസ്റ്റേറ്റ് മേഖല കൂപ്പുകുത്തിയപ്പോഴും യൂസഫലിയുടെ ഗ്രാഫ് മുകളിലേക്കു തന്നെ കുതിച്ചുകൊണ്ടിരുന്നു.

ആ ഓർമകൾ തന്നെ ഹരം കൊള്ളിക്കുന്നതാണ്...അതെക്കുറിച്ച് അടുത്താഴ്ച

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.