Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികള്‍ക്കു ഓണ്‍ലൈനായും വോട്ടര്‍ പട്ടികയില്‍ ഇടംപിടിക്കാം; അറിയേണ്ടതെല്ലാം

vote

അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുമ്പോള്‍ പ്രവാസി വോട്ട് വിഷയം വീണ്ടും ചര്‍ച്ചാ വിഷയമാകുകയാണ്. ലക്ഷക്കണക്കിന് പ്രവാസികളുള്ള ഉത്തര്‍പ്രദേശില്‍ ഒരാള്‍ക്കു മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് വോട്ടവകാശമുള്ളു.

പ്രവാസി വോട്ടര്‍മാരുടെ റജിസ്‌ട്രേഷന്‍ വലിയ വെല്ലുവിളിയാണെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കുന്നത്. പ്രവാസികള്‍ക്ക് തപാല്‍ വഴിയോ ഇലക്‌ട്രോണിക് സംവിധാനം വഴിയോ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നു വ്യാപകമായി ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ ആദ്യം ചെയ്യേണ്ടത് വോട്ടര്‍ പട്ടികയില്‍ ഇടംപിടിക്കുകയാണ്. മുമ്പ് ഒറ്റയടിക്ക് ആറുമാസത്തില്‍ കൂടുതല്‍ വിദേശത്തു താമസിക്കുന്നവര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. 2011-ല്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ നിയമത്തില്‍ വരുത്തിയ ഭേദഗതിയോടെയാണ് പ്രവാസി വോട്ടവകാശം ഉറപ്പിച്ചത്.

pravasi-vote

1950-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 20എ വകുപ്പനുസരിച്ച് വിദേശത്തു താമസിക്കുന്ന എന്‍ആര്‍ഐയ്ക്ക് ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ അവകാശമുണ്ട്. ജോലി, വിദ്യാഭ്യാസം മറ്റ് ആവശ്യങ്ങള്‍ക്കായി വിദേശത്തു താമസിക്കുന്ന ഇന്ത്യന്‍ പൗരത്വമുള്ള, വിദേശ പൗരത്വം സ്വീകരിക്കാത്ത പതിനെട്ടു വയസു തികഞ്ഞ ആര്‍ക്കും പ്രവാസി വോട്ടറായി രജിസ്റ്റര്‍ ചെയ്യാനാകും. മറ്റു രാജ്യങ്ങളില്‍ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയാല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മണ്ഡലത്തില്‍ നേരിട്ടെത്തി പാസ്‌പോര്‍ട്ട് ഹാജരാക്കി വോട്ട് രേഖപ്പെടുത്താന്‍ കഴിയും.

vote

പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന താമസസ്ഥലം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ വേണം പേര് റജിസ്റ്റര്‍ ചെയ്യാന്‍. ഇതിനായി അതതു മണ്ഡലത്തിലെ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍/അസിസ്റ്റന്റ് ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍ എന്നിവര്‍ക്കു മുമ്പാകെ ഫോറം 6എയില്‍ അപേക്ഷ സമര്‍പ്പിക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം വേണം അപേക്ഷ നല്‍കാന്‍. നേരിട്ടോ തപാല്‍ വഴിയോ സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫീസറുടെയോട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായോ അപേക്ഷ സമര്‍പ്പിക്കാം. http://lsgelection.kerala.gov.in/pravasi/registration, http://ceo.kerala.gov.in/eregistration.html ഓണ്‍ലൈന്‍ അപേക്ഷിക്കുമ്പോള്‍ പാസ്‌പോര്‍ട്ട്,വീസ ഉള്‍പ്പെടെയുള്ള അനുബന്ധ രേഖകള്‍ എന്നിവ അപ്‌ലോഡ് ചെയ്യണം.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍നിന്ന് ഫോറം 6 എ ഡൗണ്‍ലോഡ് ചെയ്യാനാകും. വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ ഫോറം സൗജന്യമായി ലഭിക്കും. പ്രവാസികളുള്ള കുടുംബങ്ങളില്‍ ഫോറം നേരിട്ട് എത്തിച്ചു നല്‍കാന്‍ ബൂത്തുതല ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫോമില്‍ അടുത്തിടെയെടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. പാസ്‌പോര്‍ട്ടില്‍ ഫോട്ടോ, വിലാസം മറ്റു വിവരങ്ങള്‍ എന്നിവയുള്ള പേജിന്റെ കോപ്പിയും വിസ പതിപ്പിച്ചിരിക്കുന്ന പേജിന്റെ കോപ്പിയും സമര്‍പ്പിക്കണം. അപേക്ഷ തപാല്‍ വഴിയാണ് അയയ്ക്കുന്നതെങ്കില്‍ എല്ലാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തണം. നേരിട്ടാണു സമര്‍പ്പിക്കുന്നതെങ്കില്‍ യഥാര്‍ഥ പാസ്‌പോര്‍ട്ട്
പരിശോധനയ്ക്കായി ഹാജരാക്കണം.

അതതു മണ്ഡലങ്ങളിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ഇആര്‍ഒ)/അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ എന്നിവര്‍ക്കാണ് അപേക്ഷകളും രേഖകളും പരിശോധിക്കാന്‍ അധികാരമുള്ളത്. അപേക്ഷ അയയ്‌ക്കേണ്ട വിലാസം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും അതതു രാജ്യത്തെ ഇന്ത്യന്‍ എംബസികളിലും ലഭ്യമാണ്.

ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കുന്നതെങ്കിലും പിന്നീട് ഫോറം 6 എയും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും തപാല്‍ വഴി അയച്ചു നല്‍കുകയും വേണം. അപേക്ഷയില്‍ സൂചിപ്പിക്കുന്ന വിദേശവിലാസത്തിലേക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ തുടര്‍ നോട്ടീസ് അയയ്ക്കും. എല്ലാ കേസുകളിലും നേരിട്ടു ഹാജരാകേണ്ട ആവശ്യം വരാറില്ല. ഇത്തരത്തില്‍ ലഭിക്കുന്ന ഫോം 6 എയുടെ കോപ്പി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും.

ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ഏഴു ദിവസത്തിനുള്ളില്‍ പരാതി സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. അപേക്ഷന്‍ നല്‍കിയിരിക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ ബൂത്തുതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്യാം. രേഖകള്‍ വിശ്വാസയോഗ്യമാണെന്നു കണ്ടെത്തിയാല്‍ അപേക്ഷകന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് റജിസ്‌ട്രേഷന്‍ ഓഫിസര്‍ ഉത്തരവു നല്‍കും. ഏഴു ദിവസത്തിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള ആക്ഷേപം ഉയര്‍ന്നുവന്നാല്‍ അപേക്ഷകന്‍ താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനെ ഇതു സംബന്ധിച്ച് വിശദീകരണം തേടാനായി നിയോഗിക്കും.

അപേക്ഷകനും പരാതിക്കാരനും ഒരേ രാജ്യത്താണെങ്കില്‍ രണ്ടുപേരെയും വിളിച്ച് കാര്യങ്ങള്‍ തിരിക്കും. തുടര്‍ന്ന് എംബസി ഉദ്യോഗസ്ഥന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും അന്തിമ തീരുമാനം. എന്തായാലും വിദേശത്തുള്ള അപേക്ഷകന് ഇന്ത്യയില്‍ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍ മുമ്പാകെ നേരിട്ടു ഹാജരാകേണ്ടിവരില്ല. ഫോറം 6എ സംബന്ധിച്ച പരാതികള്‍ ഇആര്‍ഒയുടെ നോട്ടീസ് ബോര്‍ഡിലോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ വെബ്‌സൈറ്റിലോ ലഭ്യമാകും.

ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍ക്കു ലഭിക്കുന്ന രേഖകള്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ക്കു പരിശോധനകള്‍ക്കായി കൈമാറും. ഇദ്ദേഹം അപേക്ഷകന്റെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന വീട്ടുവിലാസത്തിലെത്തി പരിശോധന നടത്തി ഇതു സംബന്ധിച്ച് സത്യവാങ്മൂലം ഇവരില്‍നിന്നു വാങ്ങും. വിശദീകരണം നല്‍കാന്‍ ബന്ധുക്കള്‍ ഇല്ലെങ്കിലോ രേഖകള്‍ തൃപ്തികരമല്ലെങ്കിലോ അപേക്ഷകന്‍ താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയിലേക്ക് തുടര്‍ പരിശോധനയ്ക്കായി രേഖകള്‍ അയച്ചുകൊടുക്കും. അപേക്ഷന്റെ മണ്ഡലത്തിലുള്ള ആര്‍ക്കും ഫോറം-7 ഉപയോഗിച്ച് തടസവാദം ഉന്നയിക്കാവുന്നതാണ്.

പരിശോധനകള്‍ക്കു ശേഷം അപേക്ഷകന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ആ വിവരം ഫോറം 6 എയില്‍ നല്‍കിയിരിക്കുന്ന വിദേശവിലാസത്തില്‍ തപാല്‍ വഴി അറിയിക്കും. കൂടാതെ നല്‍കിയിരിക്കുന്ന മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് അയയ്ക്കുകയും ചെയ്യും.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും ഇക്കാര്യം പരിശോധിക്കാം. വോട്ടര്‍ പട്ടികയില്‍ ഏറ്റവും താഴെ 'ഓവര്‍സീസ് വോട്ടര്‍' എന്ന വിഭാഗത്തിലാവും ഇവരുടെ പേര് ഉള്‍പ്പെടുത്തുക. ഏതെങ്കിലും തരത്തിലുള്ള തിരുത്തുകള്‍ വരുത്തണമെങ്കില്‍ ഫോറം 8-ല്‍ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. വിദേശവിലാസത്തില്‍ മാറ്റം വന്നാല്‍ അക്കാര്യം ഇആര്‍ഒയെ അറിയിക്കാനുള്ള ബാധ്യത അപേക്ഷനുണ്ട്. പ്രവാസം അവസാനിപ്പിച്ച് ഇന്ത്യയില്‍ മടങ്ങിയെത്തിയാല്‍ അക്കാര്യവും അറിയിക്കണം.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.