Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാൻ രാജാവിന് അമിത പ്രശംസ; കോളമിസ്റ്റിനും പത്രത്തിനുമെതിരെ നടപടി

King-Salman

റിയാദ് ∙ സൗദി ഭരണാധികാരി സൽമാൻ രാജാവിനെ അമിതമായി പ്രശംസിക്കുന്ന ലേഖനം അൽജസീറ ദിനപത്രത്തിൽ എഴുതിയ കോളമിസ്റ്റിനും ലേഖനം പ്രസിദ്ധീകരിച്ച പത്രത്തിനുമെതിരെ നടപടി. കോളമിസ്റ്റിനും പത്രത്തിനുമെതിരെ നടപടിയെടുക്കാൻ  സൽമാൻ രാജാവാണ് നിർദേശം നൽകിയത്. രാജാവിനെ പ്രശംസിക്കുന്നതിൽ അതിരു കവിഞ്ഞ്, അല്ലാഹുവിന്റെ ചില വിശേഷണങ്ങൾക്കും പ്രവാചക ശ്രേഷ്ഠൻ ഇബ്രാഹിം നബിക്ക് അല്ലാഹു നൽകിയ വിശേഷണങ്ങൾക്കും തുല്യമായ വിശേഷണങ്ങൾ രാജാവിന് ചാർത്തി നൽകിയതാണ് എഴുത്തുകാരൻ റമദാൻ ബിൻ ജരീദി അൽഅനസിക്കും അൽജസീറ പത്രത്തിനുമെതിരായ നടപടിക്ക് കാരണം.

അല്ലാഹുവിന്റെ വിശേഷണങ്ങൾ വരെ ചാർത്തി നൽകിയുള്ള അമിത പ്രശംസ ഒരിക്കലും അംഗീകരിക്കാൻ  കഴിയില്ലെന്ന് സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രിക്ക് അയച്ച കത്തിൽ സൽമാൻ രാജാവ് പറഞ്ഞു. ഈ പ്രവണത അത്യന്തം അപകടമാണ്. ഏകദൈവത്വത്തിന്റെ ആധാരത്തെ ബാധിക്കുന്ന ഇത്തരം പ്രശംസകൾക്കു നേരെ കണ്ണടക്കാൻ  സാധിക്കില്ല.

ഇക്കാര്യം കണക്കിലെടുത്ത് കോളങ്ങൾ എഴുതുന്നതിൽ നിന്ന് കോളമിസ്റ്റിന് ഉടനടി വിലക്കേർപ്പെടുത്തണം. ഇത്തരം അതിരു വിടലുകൾ പത്രങ്ങളും മാധ്യമങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ വീഴ്ചകൾ വരുത്തുന്ന എല്ലാവർക്കുമെതിരെ നടപടികൾ സ്വീകരിക്കണം. വിവാദ കോളം എഴുതിയ കോളമിസ്റ്റിനും ഇത് പ്രസിദ്ധീകരിച്ച പത്രത്തിനുമെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നും സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രിക്ക് അയച്ച കത്തിൽ സൽമാൻ രാജാവ് ആവശ്യപ്പെട്ടു. 

വിവാദ ലേഖനം പ്രസിദ്ധീകരിച്ചതിൽ അൽജസീറ പത്രം ഖേദം പ്രകടിപ്പിച്ചു.  കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു  പത്രം വിവാദ ലേഖനം പ്രസിദ്ധീകരിച്ചത്. ഇതിന്റെ തലക്കെട്ടിലെ ചില വാക്കുകളാണ് ഏറെ വിവാദമായത്. ഇവ അല്ലാഹുവിന്റെ ചില വിശേഷണങ്ങൾക്ക് സമാനമായിരുന്നു. ലേഖനത്തിൽ സൽമാൻ രാജാവിനെ പ്രശംസിക്കുന്നതിൽ കോളമിസ്റ്റ് അതിരു വിട്ടതായും കരുതിക്കൂട്ടിയല്ലാത്ത തെറ്റാണ് തങ്ങളുടെ ഭാഗത്ത് സംഭവിച്ചതെന്നും ഖേദപ്രകടനത്തിൽ അൽജസീറ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.