Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗുവാം ചെറിയ ദ്വീപല്ല; അമേരിക്ക കരുതിവച്ചിരിക്കുന്നത് കിമ്മിനെ ഞെട്ടിക്കും

guam-flight

ഉത്തരകൊറിയയുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ലോകശ്രദ്ധയിലേക്കെത്തിയ പസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപായ ഗുവാം യുഎസ് സൈനിക വൃത്തങ്ങളില്‍ അറിയപ്പെടുന്നത് അമേരിക്കയുടെ 'സ്ഥിരം വിമാനവാഹിനി' എന്ന്. നാവികസേനാ താവളവും ആന്‍ഡേഴ്‌സണ്‍ വ്യോമതാവളവുമാണ് 544 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപിലുള്ളത്. 

ബി-1ബി ലാന്‍സര്‍ ബോംബറുകളും ആണവ ആക്രമണശേഷിയുള്ള അന്തര്‍വാഹിനികളും യുദ്ധക്കപ്പലുകളും 7500 ടണ്‍ സ്‌ഫോകവസ്തുക്കളും വെടിക്കോപ്പുകളുമാണ് ഗുവാമിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ബി-52 ബോംബറുകളും എഫ്22, എഫ്-35, ബി-2 സ്‌റ്റെല്‍ത്ത് ബോംബറുകളും  ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഏഴായിരത്തോളം അമേരിക്കന്‍ സൈനികരാണ് ഇവിടെ യുദ്ധത്തിനു തയാറെടുക്കുന്നത്. 

ഗുവാമിലെ അപ്ര തുറമുഖത്താണ് രണ്ട് എസ്എസ്എന്‍ 688 അന്തര്‍വാഹിനികളും ഇവയുടെ വിതരണ കപ്പലായ യുഎസ്എസ് എമോറി എസ് ലാന്‍ഡും നങ്കൂരമിട്ടിരിക്കുന്നത്. ആണവപോര്‍മുനകള്‍ ഘടിപ്പിച്ച ടോമഹാക്ക് മിസൈലുകള്‍ തൊടുക്കാന്‍ കഴിയുന്ന 12 വെര്‍ടിക്കല്‍ ലോഞ്ച് സിസ്റ്റം ട്യൂബുകളാണ് അന്തര്‍വാഹിനിയിലുള്ളത്. നേവല്‍ സ്‌പെഷല്‍ വാര്‍ഫെയര്‍ യൂണിറ്റ്-1-ന്റെയും സബ്മറൈന്‍ സ്‌ക്വാര്‍ഡന്‍-15ന്റെയും ആസ്ഥാനമാണ് അപ്ര തുറമുഖം. 

guam-map

ഇവിടെനിന്നു മുപ്പതു മൈല്‍ അകലെ പടിഞ്ഞാറന്‍ മുനമ്പിലാണ് ആന്‍ഡേഴ്‌സണ്‍ വ്യോമസേനാ താവളം. ട്രംപിന്റെ ഉത്തരവു ലഭിച്ചാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ ഉത്തരകൊറിയയ്‌ക്കെതിരായ ആക്രമണം ആരംഭിക്കുക ഇവിടെനിന്നാവും. കഴിഞ്ഞ മാസം ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയപ്പോള്‍ ഇൗ വ്യോമതാവളത്തില്‍നിന്നാണ് രണ്ടു ബി-1ബി ലാന്‍സര്‍ ബോംബര്‍ വിമാനങ്ങള്‍ കൊറിയന്‍ ഉപഭൂഖണ്ഡത്തിനു മുകളിലൂടെ പറന്നു ശക്തിപ്രകടനം നടത്തിയത്.

ആണവപോര്‍മുന ഘടിപ്പിക്കാന്‍ കഴിയുന്ന 250 മില്യണ്‍ പൗണ്ട് വിലവരുന്ന ആറ് ബി-1ബി ലാന്‍സര്‍ ബോംബറുകളാണ് ഇവിടെയുള്ളത്. എഫ്-16 വിമാനങ്ങളും പ്രടോളിങ് വിമാനങ്ങളും റീഫില്ലിങ് ടാങ്കറുകളും അടുത്ത ദിവസങ്ങളില്‍ കൂടുതലായി ആകാശത്തു കാണുന്നുണ്ടെന്നു നാട്ടുകാര്‍ വ്യക്തമാക്കി. കൊറിയന്‍ മിസൈലുകളെ പ്രതിരോധിക്കാനായി താഡ് മിസൈല്‍ വേധ സംവിധാനവും വ്യോമതാവളത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. 

1898-ലെ സ്പാനിഷ്-യുഎസ് യുദ്ധം മുതല്‍ അമേരിക്കന്‍ അധീനതയിലുള്ള ദ്വീപാണ് ഗുവാം. അമേരിക്കന്‍ നികുതി അടയ്ക്കുകയോ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുകയോ ചെയ്യുന്നില്ലെങ്കിലും ജന്മനാ യുഎസ് പൗരന്മാരാണ് ഗുവാം സ്വദേശികള്‍. ദ്വീപിന്റെ മൂന്നിലൊരു ഭാഗവും അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെതാണ്. ആകെ 1,62,000 ആളുകള്‍ താമസിക്കുന്ന ഇവിടെ 13,000 പേരും സൈനികരോ അവരുടെ കുടുംബാംഗങ്ങളോ ആണ്.  ഗുവാമിന് യുഎസ് പ്രതിനിധിസഭയില്‍ അംഗമുണ്ടെങ്കിലും വോട്ട് ചെയ്യാന്‍ അവകാശമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.