Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൊറിയന്‍ ആണവാക്രമണം ചെറുക്കും ജപ്പാനിലെ ഭൂഗര്‍ഭ ബോംബ് ഷെല്‍ട്ടറുകള്‍

bomb-shelter

ടോക്കിയോ∙ പസഫിക്ക് സമുദ്രത്തിലെ അമേരിക്കന്‍ ദ്വീപായ ഗുവാമിനു നേരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയതോടെ ജപ്പാനിലും ദക്ഷിണ കൊറിയയിലും കടുത്ത ജാഗ്രത. ജപ്പാന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ടോക്കിയോയില്‍ വിന്യസിച്ചു തുടങ്ങി. ജപ്പാനു മുകളിലൂടെ നാലു മിസൈലുകള്‍ യുഎസ് സൈനിക താവളം സ്ഥിതി ചെയ്യുന്ന ഗുവാമിലേക്കു തൊടുക്കുമെന്നാണ് കൊറിയയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രാലത്തിന്റെ വളപ്പിലേക്ക് പിഎസി-3 പേട്രിയറ്റ് മിസൈല്‍ യൂണിറ്റാണ് വിന്യസിച്ചിരിക്കുന്നത്. തങ്ങളുടെ രാജ്യത്തിനു മുകളില്‍ കൂടി പറക്കുന്ന മിസൈലുകള്‍ തകര്‍ക്കുമെന്ന് ജപ്പാന്‍ അറിയിച്ചു. ഉത്തരകൊറിയന്‍ മിസൈലുകള്‍ തടയാന്‍ ജപ്പാനു നിയമപരമായി അധികാരമുണ്ടെങ്കിലും അതിനുള്ള ശേഷിയില്ലെന്നാണു പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. 

bomb-shelter2

ബോംബ് ഷെല്‍ട്ടറുകളുടെയും ആണവവികിരണം തടയുന്ന എയര്‍ പ്യൂരിഫയറുകളുടെയും വില്‍പന ജപ്പാനില്‍ വര്‍ധിച്ചതായി അധികൃതര്‍ പറഞ്ഞു. ആണവാക്രമണമുണ്ടായാല്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഷെല്‍ട്ടറുകള്‍ വീടുകള്‍ക്ക് അടിയിലാണു നിര്‍മിക്കുന്നത്. ഇത്തരം ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്ന കമ്പനിക്ക് ഇപ്പോള്‍ ഒരു മാസം എട്ടോളം ഓര്‍ഡറുകളാണു ലഭിക്കുന്നത്. മുമ്പ് പ്രതിവര്‍ഷം ആറു ഷെല്‍ട്ടറുകള്‍ മാത്രം നിര്‍മിച്ചിരുന്ന സ്ഥാനാത്താണിത്. പടിഞ്ഞാറന്‍ ജപ്പാനിലെ കോബെയിലുള്ള കമ്പനി ഇതുവരെ സ്വിസ് നിര്‍മിതമായ 50 എയര്‍ പ്യൂരിഫയറുകള്‍ വിറ്റുകഴിഞ്ഞു. അണുവികിരണത്തെയും വിഷവാതകങ്ങളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ഈ ഉപകരണം. കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ആറു പേര്‍ക്കു വേണ്ടിയുള്ള ഉപകരണത്തിന് 5630 ഡോളറും 13 പേര്‍ക്കുള്ളതിന് 15,440 ഡോളറുമാണു വില. 

bomb-shelter1

തറനിരപ്പില്‍നിന്നു പത്തു മീറ്റര്‍ താഴ്ചയിലാണ് ബോംബ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നത്. ഏഴു മീറ്റര്‍ കനമുള്ള ഭിത്തിയാവും ഇതിനുണ്ടാകുക. ആണവവികിരണവും വിഷവാതകങ്ങളും തടയത്തക്ക രീതിയില്‍ വായുസഞ്ചാരത്തിനുള്ള സംവിധാനങ്ങളും ഒരുക്കും. ഭക്ഷണം, വെള്ളം, വൈദ്യുതി, ആശയവിനിമയ സൗകര്യങ്ങളും സജ്ജമാക്കും. ആണവാക്രമണമുണ്ടായാല്‍ അതിന്റെ കെടുതികള്‍ അടങ്ങുന്നതുവരെ ഷെല്‍ട്ടറില്‍ കഴിയാനുള്ള തരത്തിലാവും നിര്‍മാണം. 

bomb-shelter3

ദക്ഷിണ കൊറിയയിലും അധികൃതര്‍ സൂക്ഷ്മമായി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. മുമ്പു പലവട്ടം ഉത്തരകൊറിയന്‍ ആക്രമണ ഭീഷണി നേരിട്ടിട്ടുള്ളതിനാല്‍ ജനങ്ങള്‍ ഇതേക്കുറിച്ചു ബോധവാന്മാരാണ്. ജനങ്ങള്‍ക്കു മൊബൈലില്‍ സന്ദേശമെത്തുന്ന തരത്തില്‍ മുന്നറിയിപ്പു സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സിയോളില്‍ മാത്രം മൂവായിരത്തോളം ബങ്കറുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനുകളും പാര്‍ക്കിങ് ഗാരേജുകളും ഉള്‍പ്പെടെ നിരവധി സുരക്ഷിത മേഖലകളും തയാറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.