Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റമസാൻ: ആടുമാടുകളുടെ വില കൂട്ടാൻ അനുവദിക്കില്ലെന്ന് സർക്കാർ

goat

കുവൈത്ത് സിറ്റി ● റമസാൻ മാസമെത്തുന്നതിനു മുന്നോടിയായി ആടുമാടുകൾക്കു വില വർധിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രാലയങ്ങൾ മുന്നറിയിപ്പ് നൽകി. വില വർധിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ആടുമാടുകളെ ഇറക്കുമതി ചെയ്യുന്നവർ ഒപ്പുശേഖരിച്ച് സർക്കാറിനു സമർപ്പിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

വിലക്കയറ്റം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിന്റെ നിർദേശമനുസരിച്ച് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ബന്ധപ്പെട്ട ഏജൻസികളുടെയും സം‌യുക്ത യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. വാണിജ്യ-വ്യവസായമന്ത്രി ഖാലിദ് അൽ റൌദാൻ, മുനിസിപ്പാലിറ്റി മന്ത്രി മുഹമ്മദ് അൽ ജാബരി, ഉപഭോക്തൃ സം‌രക്ഷണ ഏജൻസി മേധാവി ബന്ദർ അൽ ലാഫി തുടങ്ങിയർ യോഗത്തിൽ സംബന്ധിച്ചു.

വിപണിയിൽ ഇടപെടാനും ആടുമാടുകളുടെ ഇറക്കുമതിയിൽ ഏതെങ്കിലും തരത്തിലുള്ള കുത്തകയുണ്ടെങ്കിൽ അത് അവസാനിപ്പിക്കാനും യോഗം തീരുമാനിച്ചു. നിശ്ചിത കാലത്തേക്ക് വിലവർധന അനുവദിക്കണമെന്നാണ് ഇറക്കുമതി ഏജന്റുമാർ ഒപ്പിട്ട് നിവേദനം നൽകിയിട്ടുള്ളത്. ഈ നീക്കത്തിനു പിന്നിലെ ലക്ഷ്യം എന്താണെന്നു കണ്ടെത്താൻ അന്വേഷണത്തിനു വാണിജ്യമന്ത്രി റൌദാൻ ഉത്തരവിട്ടിട്ടുണ്ട്.

വിപണിയിലെ ആടുമാടുകളുടെയും മാംസോൽപന്നങ്ങളുടെയും ശേഖരം സംബന്ധിച്ചു റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശം നൽകി. വിലവർധന, കൃത്രിമ ക്ഷാമം എന്നിവ സംബന്ധിച്ചു കർശന പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്. വിലവർധന ബോധ്യപ്പെട്ടാൽ മന്ത്രാലയത്തെ അറിയിക്കണമെന്ന് ഉപഭോക്താക്കളോടും അഭ്യർഥിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.