Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രില്ലറിന്റെ ഹരം പകരുന്ന ഹ്രസ്വചിത്രം 'സ്പൈ മേറ്റ്സ്' ഹിറ്റായി

spy-mates

അബുദാബി∙ യുഎഇ തലസ്ഥാന നഗരിയുടെ വശ്യസൗന്ദര്യം പകർത്തിയ, പ്രവാസി മലയാളികളുടെ ഹ്രസ്വചിത്രം സ്പൈമേറ്റ്സ് യു ട്യൂബിൽ ഹിറ്റായി. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഒന്നേക്കാൽ ലക്ഷത്തിലേറെ പേരാണ് ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ചിത്രം യു ട്യൂബിലൂടെ ആസ്വദിച്ചത്. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ചാര പ്രവർത്തനത്തിലേർപ്പെടുന്ന രണ്ട് വനിതകളടക്കമുള്ള നാലംഗ സംഘത്തിന്റെ കഥയാണ് 'സ്പൈ മേറ്റ്സ്'. ഒാരോ രംഗവും ഉദ്വേഗത്തോടെ മാത്രമേ കണ്ടിരിക്കാൻ സാധിക്കുകയുള്ളൂ. മേക്കിങ്ങിലെ അന്യൂനതയാണ് 22 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻ്റെ എടുത്ത പറയേണ്ട പ്രത്യേകത.

spy-mates01

അഭിനയം, ഛായാഗ്രഹണം, എഡിറ്റിങ്, പശ്ചാത്തല സംഗീതം, വിഷ്വൽ ഇഫക്ട്സ്, സൗണ്ട് എഡിറ്റിങ് തുടങ്ങിയവയിലും ചിത്രം യുഎഇയിൽ പുറത്തിറങ്ങുന്ന ഹ്രസ്വചിത്രങ്ങളില്‍ നിന്ന് ഏറെ മുന്നോട്ട് പോയിരിക്കുന്നു. വർത്തമാന കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ തുറന്നുകാണിക്കാനും ചിത്രം ശ്രമിക്കുന്നു. എന്നാൽ, വളരെ വലിയ ക്യാൻവാസിൽ പറയേണ്ട ഒരു കഥ ചുരുങ്ങിയ സമയത്തിനുള്ളിൽ പറയാൻ ശ്രമിച്ചപ്പോഴുണ്ടായ പ്രശ്നങ്ങള്‍ ചിലയിടങ്ങളിൽ മുഴച്ചുനിൽക്കുന്നു. സംഭാഷണങ്ങളിലെ ഇംഗ്ലീഷിന്റെ അതിപ്രസരവും ക്ലൈമാക്സിലെ അവ്യക്തതയും ചെറിയൊരു ശതമാനം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നുണ്ട്. എങ്കിലും തുടക്കം മുതൽ ഒടുക്കം വരെ ചടുല സ്വഭാവം കാത്തു സൂക്ഷിക്കാൻ സംവിധായകന് കഴിഞ്ഞു എന്ന് നിസംശയം പറയാം.

യുഎഇയിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് സ്പൈമേറ്റ്സിന് പിന്നിൽ. അബുദാബിയിൽ മൾട്ടീമീഡിയ ഡിസൈനർ ആയി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി ജിമ്മി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. 'വാലെ പാർക്കിങ് ' എന്ന ഇദ്ദേഹത്തിന്റെ ആദ്യ ഹ്രസ്വചിത്രവും ത്രില്ലർ ഗണത്തിൽപ്പെട്ടതായിരുന്നു.

യുഎഇ പൗരന്മാരായ അഹമ്മദ് അൽ റുമൈതി, ഹംദാൻ ബിൻ മനാ അൽ ഉതൈബ എന്നിവരാണ് വന്‍ ബജറ്റിലൊരുക്കിയ ഇൗ മലയാള ചിത്രം നിർമിച്ചത് എന്നതാണ് മറ്റൊരു പ്രത്യേകത. ജോൺ പോൾ, പ്രവീൺ ഇന്ദുകുമാർ, കബീർ അർവാൻ, സുബി നാസ്, ആർ.ആർ.രാഹുൽ, ആൻ മാത്യു, ബിയാൻ, മൈൽസ്, ടിയാ പയസ് എന്നിവർ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. ജിബി ജേക്കബ്, അഷ്റഫ് എന്നിവരാണ് ഛായാഗ്രഹണം നിർവഹിച്ചത്. പശ്ചാത്തല സംഗീതം: സാവോ കോസ്റ്റിക്. ശബ്ദമിശ്രണം: സജാദ് അസീസ്. അസി.ക്യാമറാമാൻ:അഖില്‍ കെ.രവി, പ്രൊഡ‍ക് ഷൻ കൊ ഒാർഡിനേറ്റർമാർ: മെൽവിൻ മാത്യു, രാംദാസ് നായർ ചങ്ങാത്ത്. രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ ബാക്കി വയ്ക്കുന്ന ക്ലൈമാക്സ് ആണ് ചിത്രത്തിൻ്റേത്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.