Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പോർട്സ് സിറ്റി, സർവകലാശാല; ഖോർഫക്കാനിൽ വൻ പദ്ധതികൾ

ഷാർജ∙ തീരദേശനഗരമായ ഖോർഫക്കാനിൽ സ്പോർട്സ് സിറ്റി, ക്ലോക് ടവർ, സർവകലാശാല എന്നിവ ഉൾപ്പെടെയുള്ള സമഗ്ര വികസന പദ്ധതികൾക്ക് തുടക്കമാകുന്നു. കൾചറൽ പാലസ്, അൽ മൊസല്ല മേഖലയിലെ അൽ മൻസിൽ ജില്ലയിൽ തുരങ്കപാത, നേവൽ അക്കാദമി എന്നിവയാണ് മറ്റു പദ്ധതികൾ. ഷാർജ-ഖോർഫക്കാൻ തുരങ്കപാത ഉദ്ഘാടനം ചെയ്യാനെത്തിയ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. നേവൽ അക്കാദമിക്കു സമീപമാകും ഖോർഫക്കാൻ സ്പോർട്സ് സിറ്റി നിർമിക്കുക. വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകുകയും രാജ്യാന്തര മത്സരങ്ങളടക്കം നടത്താൻ സംവിധാനമൊരുക്കുകയും ചെയ്യും.

നേവൽ അക്കാദമിക്ക് ശിലാസ്ഥാപനം നടത്തി. 5 മാസത്തിനകം ഇവിടെ പരിശീലന പരിപാടികൾക്കു തുടക്കമാകും. ഖോർഫക്കാൻ നഗരത്തിന്റെ പ്രവേശന കവാടത്തിലാകും ക്ലോക് ടവർ നിർമിക്കുക. നഗരത്തിൽ എവിടെനിന്നും കാണാവുന്ന വിധത്തിലുള്ള വലിയ ടവർ ആയിരിക്കും ഇത്. വിദ്യാഭ്യാസ മേഖലയിൽ വൻമുന്നേറ്റം ലക്ഷ്യമിട്ടാണ് ഖോർഫക്കാൻ സർവകലാശാല. നിലവിൽ ഷാർജ സർവകലാശാലയുടെ ഒരു കേന്ദ്രമാണുള്ളത്. 2 കൊല്ലത്തിനകം നൂതന സംവിധാനങ്ങളോടെ പുതിയ സർവകലാശാല യാഥാർഥ്യമാക്കും. ഖോർഫക്കാൻ കൾചറൽ പാലസിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും. അൽ മൻസിലിനെ പർവതമേഖലയുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയാണ് മറ്റൊരു സുപ്രധാന പദ്ധതി. കൽബ നഗര വികസനപദ്ധതികൾക്ക് ഇന്നു തുടക്കം കുറിക്കുമെന്നും ഷെയ്ഖ് ഡോ.സുൽത്താൻ പറഞ്ഞു.

ഖോർഫക്കാനിലേക്ക് ദൂരം കുറച്ച് മനോഹരപാത

ഷാർജ∙  ഖോർഫക്കാന്റെ ചരിത്രവും മുഖവും മാറ്റി എഴുതി പുതിയ പാത തുറന്നതോടെ ഇവിടേക്കുള്ള യാത്രാസമയവും പകുതിയായി . മുൻപ് ഒന്നരമണിക്കൂർ വേണമായിരുന്നു ഷാർജയിൽ നിന്ന് ഖോർഫക്കാനിലെത്താൻ. പുതിയ റോഡ് തുറന്നതോടെ യാത്രാസമയം മുക്കാൽ മണിക്കൂറായി. 89 കിലോമീറ്റർ ദൂരമുള്ള പുതിയ റോഡ് ഹജ്ജർ മലനിരകൾക്ക് കുറുകെ തുരങ്കങ്ങളിലൂടെയാണ് പോകുന്നത്. അതു കൊണ്ടു തന്നെ ഇതിലൂടെയുള്ള യാത്ര ചേതോഹരം. 600 കോടി ദിർഹം ചെലവിലാണ് പുതിയ പാതയും അനുബന്ധ സൗന്ദര്യവൽക്കരണവും നടത്തിയത്. മലനിരകളുടെ സൗന്ദര്യവും ബീച്ചുകളുടെ മനോഹാരിതയും ഇനി ഒരു പോലെ ആസ്വദിക്കാം.

അഞ്ചു തുരങ്കങ്ങൾ

മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ തുരങ്കമായ അൽ മുൽതാഖ (2.7കി.മി) ഉൾപ്പെടെ പ്രധാനമായും അഞ്ചു തുരങ്കങ്ങളാണ് ഈ പാതയിലുള്ളത്. അൽ റോഗ്(1.3 കി.മി),അൽ ഗാസീർ(900മീറ്റർ), അൽ സാഹ(300മീറ്റർ), അൽ സുഖുബ്(1.4 കി.മി) എന്നിവയാണ് മറ്റുള്ളവ. ഈ തുരങ്കങ്ങൾക്ക് ഉള്ളിലൂടെ 7.4 മീറ്റർ വീതിയിൽ ഒരോ ദിശയിലേക്കും നാലുവരിപ്പാതയുണ്ട്. ഇതിനു പുറമേ 1.1 മീറ്റർ വീതിയിൽ നടപ്പാതയും തുരങ്കത്തിലുണ്ട്. റോഡിന്റെ ആദ്യഭാഗത്തിന് 65കിലോമീറ്റർ ദൂരമുണ്ട്. ഏഴ് അടിപ്പാതകളും 14 ക്രോസ് ഓവറുകളുമുണ്ട്. രണ്ടാം ഭാഗത്തിന് 24 കിലോമീറ്റർ ദൂരം. ഈ ഭാഗത്താണ് തുരങ്കങ്ങളുള്ളത്.
   
പുതിയ റോഡ്

പഴയ ഫുജൈറ റോഡിൽ മസാഫിയിൽ ഇന്റർചെയ്ഞ്ചിൽ നിന്ന് പുതിയ റോഡിലേക്കു കയറാം. ദുബായിൽ നിന്നും ഷാർജയിൽ നിന്നും വരുന്നവർക്ക് എമിറേറ്റ്സ് റോഡിൽ നിന്നും ഈ പാതയിലേക്കു പ്രവേശിക്കാം. ദെയ്ദ് റോഡിന് തൊട്ടുമുൻപുള്ള ഇന്റർചെയ്ഞ്ചിലൂടെ വേണം ഇതിലേക്കു കടക്കാൻ. അൽ റഫീസാ അണക്കെട്ടിലേക്കു പോകാനും എളുപ്പമാകും. ഖോർഫക്കാനിലേക്കു കടക്കുന്നിടത്ത് നാലു കൃത്രിമ തടാകങ്ങളും നിർമിക്കാൻ പദ്ധതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.