Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൺചട്ടിയിലെ ചിരട്ടത്തവിയിൽ മലയാളത്തിന്റെ കഞ്ഞിപ്പെരുമ

kanjikada

റാസൽഖൈമ∙ പഴങ്കഞ്ഞിയിൽ പുതുമകൾ പരീക്ഷിച്ചു പഴമയുടെ രുചിഭേദങ്ങളൊരുക്കുകയാണ് തൃശൂരിൽ നിന്നുള്ള 'ഇരട്ടച്ചങ്കന്മാർ'. അയൽവാസികളും ആത്മസുഹൃത്തുക്കളുമായ ഷഹദും സുധീറുമാണ് കഞ്ഞിപ്പെരുമയെ കടൽകടത്തിയത്.  മൺചട്ടിയിലെ തരാതരം കഞ്ഞികളിൽ മുങ്ങിപ്പൊങ്ങുന്ന ചിരട്ടത്തവികളിൽ മറഞ്ഞിരിക്കുന്നത് മലയാളക്കരയുടെ കൊതിപ്പിക്കുന്ന കൈപ്പുണ്യം.

പഴങ്കഞ്ഞി, ഗോതമ്പുകഞ്ഞി, ജീരകക്കഞ്ഞി, ചെറുപയർ കഞ്ഞി, ഇറച്ചിക്കഞ്ഞി, പാൽക്കഞ്ഞി, സാദാ കഞ്ഞി, പൊടിയരിക്കഞ്ഞി എന്നിങ്ങനെ 8 കഞ്ഞികളാണ്  3 മാസം മുൻപു തുടങ്ങിയ ഇവരുടെ കൊച്ചിൻ കഫ്റ്റീരിയയിൽ ഉള്ളത്. ഇത്തിസലാത്ത് റോഡിൽ ഗൾഫ് സിനിമാസിനു സമീപത്തെ കടയിലേക്കു മലയാളികൾ മാത്രമല്ല, എല്ലാ ദേശക്കാരും എത്തുന്നു. സാദാ കഞ്ഞിക്ക് 6 ദിർഹം. ഇറച്ചിക്കഞ്ഞിക്കും പാൽക്കഞ്ഞിക്കും 10 ദിർഹം. മറ്റ്കഞ്ഞികൾക്ക് 8 ദിർഹം വീതം. കഞ്ഞിക്ക് അകമ്പടിയായെത്തുന്ന 'ടച്ചിങ്സുകളും' ചില്ലറക്കാരല്ല. പുഴുക്ക്, കൊണ്ടാട്ടം, പപ്പടം, അച്ചാർ, ചമ്മന്തി എന്നിവ. പുഴുക്ക് ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും. കപ്പപ്പുഴുക്ക്, പയറും കടലയും ചേർന്ന മിക്സഡ് പുഴുക്ക് എന്നിവയ്ക്കു പുറമേ സീസണിൽ ചക്കപ്പുഴുക്കും ഉണ്ടാകും. ചെമ്മീൻ ചമ്മന്തി, പുളിഞ്ചമ്മന്തി, മാങ്ങാ ചമ്മന്തി എന്നിവ മാറിമാറി ഉണ്ടാകും.

'കഞ്ഞി പാക്കേജ്' പോരെന്നുണ്ടെങ്കിൽ മത്തി ഉൾപ്പെടെയുള്ള മീൻകറികളും തട്ടാം. പഴങ്കഞ്ഞിയും മത്തിക്കറിയുമാണ് ചിലരുടെ രുചിക്കൂട്ട്. മറ്റുചിലർക്കു പൊരിച്ചതു തന്നെ വേണം. തേങ്ങയരച്ച മീൻ കറികളും മുളകിട്ട മീൻകറിയുമൊക്കെ റെഡി. ഇതിനു പ്രത്യേക നിരക്കാണ്.  നന്നാറി സർബത്ത്, ഉപ്പുസോഡ, ഇഞ്ചിമോര്, കുലുക്കിസർബത്ത്, പാൽ സർബത്ത് എന്നിവയുമുണ്ട്. ചിക്കനും മട്ടനും ബിരിയാണിയുമൊക്കെ കഴിച്ചുമടുത്തവർ നാടൻ രുചിതേടി എത്തുന്നതായി ഷഹദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.