Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ പൊലീസ് ചമഞ്ഞ് രണ്ടു പേരെ തട്ടിക്കൊണ്ടുപോയി; ആറര കോടി രൂപ കവർന്നു

dubai-police

ദുബായ് ∙ ദുബായിൽ പൊലീസ് ചമഞ്ഞ് രണ്ടു പേരെ തട്ടിക്കൊണ്ടുപോവുകയും 3.5 മില്യൺ ദിർഹം (ഏതാണ്ട് ആറര കോടി രൂപ) കവരുകയും ചെയ്ത ഏഴു പേരുടെ സംഘം പിടിയിൽ. ഇവർക്കെതിരായ കേസ് ദുബായ് പ്രാഥമിക കോടതിയിൽ ആരംഭിച്ചു. 39 വയസ്സുള്ള എമിറാത്തിയും 38 വയസ്സുള്ള സിറിയക്കാരനുമാണ് പൊലീസ് വേഷത്തിലെത്തി പാക്ക് സ്വദേശികളായ രണ്ടുപേരെ കബളിപ്പിച്ച് പണം തട്ടിയത്. പൊലീസ് വേഷത്തിലെത്തിയ ഇവർക്കൊപ്പം സഹപൊലീസുകാരായി അഞ്ചു പേർ വേറെയും ഉണ്ടായിരുന്നു. ഇതില്‍ ഒരാൾ അഫ്ഗാൻ സ്വദേശിയും മറ്റു നാലുപേർ പാക്കിസ്ഥാനികളുമാണ്. ജനുവരിയിൽ നെയ്ഫ് ഭാഗത്തു വച്ച് ലാൻഡ്ക്രൂയിസർ കാറിൽ എത്തി പൊലീസ് ഐഡി കാണിച്ചായിരുന്നു സംഭവങ്ങൾ.

ഇരകൾ പറയുന്നത് ഇങ്ങനെ

‘ പൊലീസ് ഉദ്യോഗസ്ഥരാണ് എന്നു സ്വയം പരിചയപ്പെടുത്തിയാണ് അവർ സംസാരിച്ചത്. ഞങ്ങളുടെ കൈവശമുള്ള പണവുമായി ബന്ധപ്പെട്ട് ഒരു കേസ് ഉണ്ടെന്നാണ് പറഞ്ഞത്. തുടർന്ന് ഞങ്ങളെ ജെബീൽ അലിയിൽ പണം സൂക്ഷിച്ചിട്ടുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. കേസന്വേഷണത്തിന്റെ ഭാഗമായി പണം തങ്ങൾ കൊണ്ടുപോവുകയാണെന്ന് അവർ പറഞ്ഞു’– പാക്കിസ്ഥാൻ സ്വദേശികളിൽ ഒരാൾ വ്യക്തമാക്കി.

തുടർന്ന്, പൊലീസ് വേഷത്തിൽ എത്തിയ സംഘം സ്ഥലത്തു നിന്നും പോയി. എന്താണ് കേസെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പാക്കിസ്ഥാന്‍ സ്വദേശികൾ അബുദാബി പൊലീസ് സ്റ്റേഷനിലേക്ക് പോയി. എന്നാൽ, അവിടെ വച്ചാണ് തങ്ങൾ ചതിയിൽപ്പെട്ട കാര്യം ഇവർക്ക് മനസിലായത്. പാക്ക് സ്വദേശികൾക്കെതിരെ യാതൊരുകേസും ഇല്ലായിരുന്നു. ഉടൻ തന്നെ സംഭവിച്ച കാര്യങ്ങൾ പൊലീസിൽ പറയുകയും പരാതി നൽകുകയുമായിരുന്നു. 

രണ്ടു പ്രതികളെ ഉടൻ തന്നെ പൊലീസ് പിടികൂടി. ഇവർക്കെതിരെ പൊലീസ് വേഷത്തിൽ തട്ടിപ്പ് നടത്തുക, മോഷണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റം ചുമത്തി. ഇതിനിടെ സിറിയൻ പൗരൻ പൊലീസിന്റെ അറസ്റ്റിനെ ചെറുക്കാനും ശ്രമിച്ചു. ഇയാൾക്കെതിരെ കൂടുതൽ കുറ്റം ചുമത്തി. 

അറസ്റ്റിലായ രണ്ടുപേരാണ് സംഘത്തിലുള്ള മറ്റു അഞ്ചു പേരെ കുറിച്ചുള്ള വിവരം നൽകിയത്. പാക്കിസ്ഥാൻ സ്വദേശികളുടെ കൈവശം വലിയ തുകയുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് തട്ടിപ്പിന് വഴിയൊരുക്കിയത്. മോഷ്ടിച്ച തുകയിൽ 500,000 ദിർഹം മാത്രമാണ് പൊലീസിലിന് നിലവിൽ കണ്ടെത്താൻ സാധിച്ചത്. എല്ലാ പ്രതികളും അവർക്കെതിരായ കുറ്റം നിഷേധിച്ചു. കേസ് ഏപ്രിൽ രണ്ടിന് വീണ്ടും പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.