Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആ യാത്രയിൽ വഴിതെറ്റി; ഭക്ഷണവും വെള്ളവുമില്ലാതെ മരുഭൂമിയിലൂടെ സഞ്ചരിച്ചു'

sheikh mohammed al maktoum book

അനുഭവങ്ങളുടെ മൂശയിലാണ് ജീവിതം കരുത്തും തിളക്കവും നേടുന്നത്, സ്വർണം തീയിൽ എന്ന പോലെ. യുഎഇ  വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജീവിതം അങ്ങനെ ശോഭ നേടിയതാണെന്ന് അദ്ദേഹത്തിന്റെ ജീവിതകഥയായ ഖിസ്സതി (എന്റെ കഥ) വായിച്ചാൽ വ്യക്തം. അപൂർണമായ ജീവിതകഥയെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ഖിസ്സതിയിലെ 50 അധ്യായങ്ങൾ ഈ ദേശത്തിന്റെ കഥ കൂടിയാണ്. പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം...

മരുഭൂമിയിലെ പ്രഭാതം പ്രശാന്ത സുന്ദരമാണ്. തേളുകൾ പറ്റിപ്പിടിച്ച് പതുക്കെ വിരിപ്പിലേക്ക് വരുന്നതു കാണാം. രാത്രിയിൽ നായ്ക്കൾ ഉണരുന്നു. കലമാന്റെ ഗന്ധം പടരുന്നതോടെ നിന്നെ ഉണർത്താതെ വേട്ടയാടാൻ നായ്ക്കൾ സജ്ജരാകുന്നു. അവ തമ്പടിച്ചയിടം, താണ്ടിയ ദൂരം, ഇരയെ കരവലയത്തിലാക്കാൻ കുതിച്ചു ചാടിയ ദൂരമെല്ലാം തിട്ടപ്പെടുത്താനാകും. നാളെ നായാട്ട് വേണോ വേണ്ടയോ എന്നു നിശ്ചയിക്കാൻ അതു മതിയാകും.

ഓരോ ജീവിവർഗങ്ങളും നമ്മളെയും അവ തമ്മിലും പരസ്പരം കാണുമ്പോഴുണ്ടാകുന്ന വേറിട്ട പ്രവൃത്തികളുടെയും പ്രതികരണങ്ങളുടെയും പ്രത്യേകതകൾ ഇവയെല്ലാം ഉപ്പ വിശദമായി പകർന്നു തന്നിരുന്നു. ഉദാഹരണം, വേട്ടക്കാരനു കണ്ണു കാണാതിരിക്കാൻ ഹുബാര പക്ഷി സൂര്യപ്രകാശത്തിന് അഭിമുഖമായാണ് പറക്കുക. ഒരു മൃഗം ആക്രമിക്കാൻ വരുന്ന ദൂരം നോക്കിയാണ് മുയൽ ഒളിക്കാനുള്ള മാളം നോക്കുന്നത്. വേട്ടമൃഗത്തിന്റെ ചലന സ്ഥിതിക്ക് അനുസൃതമായാണ് ഒരു ജീവി താക്കീതു കണക്കെ കുതിക്കാനായി അതിന്റെ മുൻകാലുകൾ ഉയർത്തുന്നത്. മരുഭൂമിയിൽ ഭക്ഷണം ലഭിക്കണമെങ്കിൽ യുക്തിയും ആസൂത്രണവും ആവോളം വേണം.ഒരു രാത്രി നീ വിശന്നു കഴിച്ചുകൂട്ടിയാൽ അടുത്ത പ്രഭാതം കൂടുതൽ ജാഗരൂകനാകാൻ കഴിയുമെന്നതാണ് സാമാന്യ സത്യമെന്ന് പിതാവ് പറയാറുണ്ടായിരുന്നു.

എട്ടു വയസ്സിനു മുൻപു തന്നെ വെടിവയ്ക്കാൻ ഉപ്പ പഠിപ്പിച്ചു. തോക്ക് തിരയൊഴിക്കാനും വെടിപ്പാക്കാനും പരിശീലിപ്പിച്ചു. ഒരാളുടെ ജീവനും പോറലേൽക്കാത്ത വിധം കരുതലോടെ ആയുധം ഉപയോഗിക്കാനുമുള്ള പരിജ്ഞാനവും പിതാവിൽ നിന്നും കിട്ടിയിരുന്നു. വേട്ടയാടിയ ഉരുവിന്റെ തോൽ ഉരിയാനും അതുകൊണ്ടുള്ള പാചകത്തിലും വൈദഗ്ധ്യം നേടി. അതിലുപരി മാംസം മുറിച്ചെടുത്ത് അതു വേണ്ട വിധം വെയിലത്ത് ഉണക്കി ദീർഘകാലം കരുതി വയ്ക്കാനുള്ള വിദ്യയും സുപ്രധാനമാണ്. ചെറുതും പരിമിതവുമായ ഉപകരണങ്ങളുമായാണ് നായാട്ടിനു പോകുകയെങ്കിലും ഭക്ഷണത്തിനു ആവശ്യമുള്ളതെല്ലാം ലഭിച്ചിരുന്നു. എന്റെ സിദ്ധികൾ ഉപ്പ ശ്രദ്ധിച്ചിരുന്നു. ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ സ്ഥലകാലബോധമുണ്ടോ എന്നറിയാൻ പല തവണ പിതാവിന്റെ പരീക്ഷണത്തിനു വിധേയനായിട്ടുണ്ട്.

അതിനായി ചോദ്യങ്ങൾ തൊടുത്തുവിടുകയും ഞാൻ മറുപടി പറയുകയും ചെയ്യും. വാഹനത്തിലാകുമ്പോൾ വഴിയടയാളങ്ങൾ ആരായും. എന്റെ മറുപടി മനസ്സാന്നിധ്യത്തോടെ ശ്രവിക്കുകയും പറയുന്നതിലെ അപാകതകൾ അതിസൂക്ഷ്മ പരിജ്ഞാനം കൊണ്ട് തിരുത്തുകയും ചെയ്യും. ഉപ്പ സതീർഥ്യരോട് സംസാരത്തിലാവുകയോ രാത്രിയിൽ വളഞ്ഞുപുളഞ്ഞുള്ള വഴിയിലൂടെ വാഹനമോടിക്കുകയോ ചെയ്യുന്ന സമയത്തും എന്നിലേക്ക് ദൃഢമായി ദൃഷ്ടി പതിപ്പിച്ച് ചോദിക്കും 'നമ്മൾ ഏതു ദിക്കിലേക്കാണ് പോകുന്നത്? തെക്ക്, വടക്ക്, പടിഞ്ഞാറ്, കിഴക്ക്? ഭൂമിശാസ്ത്രപരമായ എന്റെ അവബോധവും അതിന്റെ അനുരണനങ്ങളും ഉപ്പ പരിഗണിച്ചിരുന്നു. ആകാശത്തെ നക്ഷത്ര മുദ്രകളും അതിൽ കടന്നു വന്നു. താരകങ്ങൾ മരുഭൂമിയിലെ വടക്കുനോക്കിയന്ത്രങ്ങളാണ്. മേഘാവൃതമായ രാവിൽ കാറ്റിന്റെ സഹായത്തോടെ നമുക്ക് സൂര്യോദയദിക്കറിയാം.മരുഭൂമിയിൽ വഴി തെറ്റാൻ വളരെ എളുപ്പമാണ്. അതു കൊണ്ട് ദിക്കറിയുന്ന ഒരു വഴികാട്ടിയെ നേതാവായി യാത്രാ സംഘത്തിനു നിർബന്ധമാണെന്ന് പറയാറുണ്ട്.

കാര്യങ്ങൾ സൗഹൃദവും സാധാരണവുമാകാൻ ഈ സഹജാവബോധം എന്റെ ഹൃദയ ഭിത്തിയിൽ ദിവസവും വേരൂന്നിയിരുന്നു. ഒട്ടക കാലടികൾ കണ്ടറിയാൻ ശേഷി നേടിയിരുന്നു. അവയെ നഷ്ടമായാൽ കാലടി തേടി കണ്ടെത്താനാകും. അതിശയകരമായ കാര്യം, മരുമണ്ണു തൊട്ട ഒട്ടകപാദങ്ങൾ മനുഷ്യ കാലടികളേക്കാൾ ആഞ്ഞു പതിഞ്ഞതായിരിക്കും. ചിലപ്പോൾ അവയുടെ കാലടി പിന്തുടരുമ്പോൾ നിന്റെയും നിന്റെ കൂടെയുള്ളവരുടെയും ജീവൻ തന്നെ രക്ഷപ്പെട്ടേക്കാം. വഞ്ചന, അഹങ്കാരം എന്നിവ മരുഭൂമിയിൽ വസിക്കുന്നവർക്ക് ഭൂഷണമല്ല. ഒരു നായാട്ട് യാത്രയിൽ വാഹനം കേടായതിനാൽ എനിക്കും സഹോദര, സുഹൃത്തുക്കൾക്കും വഴി തെറ്റിയ സംഭവമുണ്ടായി. ഭക്ഷണ, പാനീയങ്ങൾ ഇല്ലാതെ ഏറെ വഴി ദൂരം സഞ്ചരിക്കേണ്ടി വന്നു. മണൽ കൂനകൾ താണ്ടിയുള്ള ആ സങ്കീർണ സമയത്ത് മുതിർന്ന സഹോദരന്മാരായ ഷെയ്ഖ് മക്തൂമും ഷെയ്ഖ് ഹംദാനും എനിക്ക് ആത്മവിശ്വാസം നൽകി.

അവർക്ക് എന്നെക്കാൾ കൂടുതൽ ഇച്ഛാശക്തിയുണ്ടായിരുന്നു. കാരണം അവർ ഇരുവരും എന്നെക്കാൾ കൂടുതൽ ഉപ്പയിൽ നിന്നും വിജ്ഞാനം നുകർന്നിരുന്നു. കാലാവസ്ഥാ വ്യതിയാനം മറികടന്നും മാനുകളെയും ചെന്നായ്ക്കളെയും ജയിച്ചും വശ്യതയും വന്യതയും വേണ്ട വിധം പുണർന്നും മരുഭൂമിയിൽ അധിവസിക്കാൻ എട്ടാം വയസ്സിൽ ഉപ്പ അഭ്യസിപ്പിച്ചു. ഒൻപത് വയസ്സിനു ശേഷം മനുഷ്യരൊത്ത് നഗരത്തിൽ വസിക്കാനും ശീലിപ്പിച്ചു. മനുഷ്യനെത്ര പരുഷം! മരുഭൂമിയെത്ര മനോഹരം!

(തയാറാക്കിയത് മുജീബ് എടവണ്ണ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.