Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; അപകടങ്ങൾ, ഗതാഗതക്കുരുക്ക്

dubai-mist ദുബായിൽ അനുഭവപ്പെട്ട മൂടൽമഞ്ഞ്. ചിത്രം: മഹേഷ് ലാൽ.

ദുബായ്∙ യുഎഇയിൽ ഇന്നലെ പുലർച്ചെ അനുഭവപ്പെട്ട ശക്തമായ മൂടൽമഞ്ഞ് ഗതാഗത മേഖലയെ ബാധിച്ചു. പലയിടങ്ങളിലും അപകടങ്ങളുണ്ടായി. ഷാർജയിൽ ഇറങ്ങേണ്ട ഏതാനും വിമാനങ്ങൾ ഫുജൈറ, അൽഐൻ വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. രാത്രിയിൽ തുടങ്ങിയ മഞ്ഞ് പുലർച്ചെ 5 മണിയോടെ ശക്തമാകുകയായിരുന്നു. 9 വരെ തുടർന്നു. ഇന്നു മൂടൽ മഞ്ഞിനും മഴയ്ക്കും സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. അബുദാബി, ദുബായ്, ഷാർജ, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ ഇടിയോടു കൂടി മഴ ലഭിച്ചേക്കാം. വടക്കൻ മേഖലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. മൂടൽമഞ്ഞിനെ തുടർന്നു ദൂരക്കാഴ്ച 200 മീറ്ററിലും താഴെയായി.

dubai-mist1 ദുബായിൽ അനുഭവപ്പെട്ട മൂടൽമഞ്ഞ്. ചിത്രം: മഹേഷ് ലാൽ.

അപകടങ്ങൾ കൂടിയായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. അബുദാബി ഗന്തൂതിനു സമീപം 3 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റൊരു അപകടത്തിൽ 11 വാഹനങ്ങൾ കൂട്ടിയിടിച്ചു.ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും ഷാർജയുടെ വിവിധ മേഖലകളിലും വാഹനാപകടങ്ങളുണ്ടായി. ആർക്കും പരുക്കില്ലെന്നു പൊലീസ് അറിയിച്ചു.ഇതര ഗൾഫ് മേഖലകളിൽ ഇന്നലെ മഴയുണ്ടായി. കുവൈത്തിലും സൗദിയുടെ വിവിധ ഭാഗങ്ങളിലും ഇടിയോടെ മഴ ലഭിച്ചു. ഇന്നു പൊടിക്കാറ്റിനു സാധ്യതയുണ്ട്. ഗതാഗതക്കുരുക്ക് മൂലം പലരും ഓഫിസുകളിൽ എത്താൻ വൈകി. വാഹനമോടിക്കുന്നവർ വളരെ ജാഗ്രത പുലർത്തണമെന്ന് പൊലീസും ആർടിഎയും നിർദേശിച്ചു.

ശ്രദ്ധിക്കാം ചില കാര്യങ്ങൾ

mist-dubai1 ദുബായിൽ അനുഭവപ്പെട്ട മൂടൽമഞ്ഞ്. ചിത്രം: മഹേഷ് ലാൽ.

∙ മൂടൽമഞ്ഞ് ദൂരക്കാഴ്ചകൾ മറയ്ക്കുന്നതിനാൽ വേഗത്തിൽ മാത്രമല്ല, പാർക്കിങ്ങിലും ശ്രദ്ധവേണം. റോഡരികിൽ നിർത്താതെ മാറ്റി പാർക്ക് ചെയ്യണം. പിന്നിൽ വരുന്ന വാഹനങ്ങൾ ഇടിക്കാതിരിക്കാനാണ് ഈ മുൻകരുതൽ.

∙ ഫോഗ് ലൈറ്റുകൾ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇതുപയോഗിച്ചാൽ മറ്റു വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ബ്രേക്ക് ലൈറ്റുകൾ ശ്രദ്ധയിൽ പെടാതെ പോകും.

∙ലോങ് ബീം ഒഴിവാക്കി ലോ ബീം ലൈറ്റുകൾ ഉപയോഗിക്കണം. ഹസാർഡ് ലൈറ്റ് ഇടരുത്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണിത്.

∙മുന്നിലുള്ള വാഹനത്തിൽ നിന്നു നിശ്ചിത അകലം പാലിച്ച് കുറഞ്ഞ വേഗത്തിൽ ഡ്രൈവ് ചെയ്യണം.

∙ഓവർടേക്ക് ചെയ്യുന്ന പ്രവണത ഒഴിവാക്കണം. സഡൻ ബ്രേക്കും ഒഴിവാക്കാം.

∙വാഹനങ്ങളുടെ എല്ലാഭാഗത്തെയും ഗ്ലാസ് നിർബന്ധമായും തുടച്ചുവൃത്തിയാക്കിയിരിക്കണം.

എത്തും എസ്എംഎസ്

dubai-fog ദുബായിൽ അനുഭവപ്പെട്ട മൂടൽമഞ്ഞ്. ചിത്രം: മഹേഷ് ലാൽ.

യുഎഇയിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു ജനങ്ങൾക്കു മുന്നറിയിപ്പ് നൽകുന്ന പൊലീസ് സംവിധാനം നിലവിൽ വന്നിട്ടുണ്ട്. മൂടൽ മഞ്ഞ് ഉൾപ്പെടെ പൈട്ടന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിൽ മുൻകരുതൽ സ്വീകരിക്കാനുള്ള എസ്എംഎസ് സന്ദേശമാണ് എത്തുക.
റോഡിൽ സ്ഥാപിച്ച ഡിജിറ്റൽ ബോർഡിലൂടെയും വിവരം കൈമാറും. നൂതന സംവിധാനമുള്ള സ്മാർട് ടവറുമായി റോഡിലെ ക്യാമറ, വേഗനിയന്ത്രണ ഉപകരണം, ക്ലോസ്ഡ് സർക്യൂട്ട് ടിവി എന്നിവ ബന്ധപ്പെടുത്തിയാണ് മുന്നറിയിപ്പ് സംവിധാനം പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.