Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരുകളുടെ അവഗണന, പ്രാദേശിക പ്രശ്നങ്ങൾ; തിരഞ്ഞെടുപ്പ് ചൂടുപിടിക്കും

NRI-vote-2019

കടൽകടന്ന് ഏറെ അകലെയാണെങ്കിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രവാസികളിലും പ്രകടമാണ്. ഈ തിരഞ്ഞെടുപ്പിൽ ഏതെല്ലാം വിഷയങ്ങൾ ചർച്ച ചെയ്യും, തങ്ങളുടെ മണ്ഡലത്തിലെ പ്രധാന പ്രശ്നങ്ങൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളിൽ പ്രവാസി മലയാളികൾ അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്ന പംക്തിയാണ് ‘കടൽകടന്ന വോട്ടുചിന്ത’.

കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ല

പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്ര സർക്കാർ, ഉണ്ടായിരുന്ന പ്രവാസികാര്യ വകുപ്പ്‌ തന്നെ ഇല്ലാതാക്കിയതായി കോൺഗ്രസ് അനുഭാവിയും സാമൂഹിക പ്രവര്‍ത്തകനുമായ സി.പി.അബ്ദുൾ ജലീൽ പറഞ്ഞു. പ്രധാനമന്ത്രി ദുബായിൽ വന്ന് പ്രവാസികളെ കുറിച്ച് തേനൂറുന്ന വാക്കുകൾ പറഞ്ഞതല്ലാതെ യാതൊന്നും പ്രവാസികൾക്ക് വേണ്ടി ചെയ്തില്ല. കേരള സർക്കാരും പ്രവാസികളെ പാടെ മറന്നു. ലോക കേരളസഭ പോലുള്ള മാമാങ്കം നടത്തിയതല്ലാതെ, ഇതിലൊന്നും പ്രവാസികൾക്ക് പ്രയോജനമുള്ള ഒന്നും ഉണ്ടായില്ല. മുഖ്യമന്ത്രി പ്രഖ്യാപാച്ച ഒരു കാര്യവും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. യുഎഇയിൽ പൊതുമാപ്പിന്റെ സമയത്ത് പോലും സർക്കാരിന്റെ കാര്യമായ ഇടപെടൽ ഉണ്ടായില്ല. പൊതു മാപ്പിൽ നാട്ടിലേയ്ക്ക് മടങ്ങുന്നവർക്ക് ടിക്കറ്റ് നൽകും എന്ന് പ്രഖ്യാപിച്ചെങ്കിലും ഭരണകക്ഷിയുമായി അടുപ്പമുള ചിലർക്ക് മാത്രമാണ് ലഭിച്ചത്.

എന്റെ മണ്ഡലയായ കാസർകോട് കഴിഞ്ഞ 15 വർഷമായി ഒരാൾ തന്നെയാണ് എംപി. അദ്ദേഹത്തെ മണ്ഡലത്താൽ കണ്ടവർ വളരെ വിരളം.  കാര്യമായ കേന്ദ്ര പദ്ധതികളോ, വികസനമോ കൊണ്ടുവരാൻ എംപിക്ക് സാധിച്ചിട്ടില്ല. തികച്ചും പരാജയമായിരുന്നു എംപി. റെയിൽവേ വികസന കാര്യത്തിൽ 15 വർഷം എംപി ആയിട്ടും പി. കരുണാകരനിൽ നിന്ന് ഒന്നും ലഭിച്ചില്ല. ഏതെങ്കിലും പദ്ധതി നടപ്പിലാക്കായാൽ തന്നെ അതിൽ രാഷ്ട്രീയ വേർതിരിവ് തികച്ചും പ്രകടമായിരുന്നു. എംപി ഫണ്ടിന്റെ വിനിയോഗം തീർത്തും പക്ഷപാതപരമായിരുന്നു. ഇതൊക്കെ മനസിലാക്കിയ കാസർകോട് മണ്ഡലത്തിലെ വോട്ടർമാർ മാറി ചിന്തിക്കും എന്ന് തന്നെയാണ് ഉറച്ച് വിശ്വസിക്കുന്നത്.

വേണം പത്തനംതിട്ടയ്ക്ക് കൂടുതൽ ശ്രദ്ധ

‘ശബരിമല, മാരാമണ്‍, മലയാലപ്പുഴ, മഞ്ഞനിക്കര’ തുടങ്ങിയ പ്രശസ്ത തീര്‍ഥാടനകേന്ദ്രങ്ങള്‍ ഉണ്ടായിട്ടും, തീര്‍ത്തും പിന്നോക്കാവസ്ഥയിലാണ് ഇൗ മല ലയോരമേഖലയെന്ന് ദുബായിൽ സാമൂഹിക പ്രവർത്തകനായ രാജു വർഗീസ് പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞതും വീതികുറഞ്ഞതുമായ റോഡുകള്‍, അപര്യാപ്തതകളുടെ കേദാരമായ ജില്ലാ ആസ്ഥാനം, റബ്ബറിന്‍റെ ഈ ഈറ്റില്ലം വിലത്തകര്‍ച്ചയാല്‍ പ്രതിസന്ധിയിലായിരിക്കുന്നു. വന്യമൃഗങ്ങളുടെ തേര്‍വാഴ്ചയാല്‍ മറ്റു കൃഷികള്‍ക്കൊന്നും സാധ്യമല്ലാത്ത അവസ്ഥ.  കുടിവെള്ള ക്ഷാമത്താലും ഗതാഗത പരിമിതികളാലും വീര്‍പ്പുമുട്ടുകയാണ് ഗ്രാമങ്ങള്‍ മിക്കതും.

NRI-voting മുരളി മീങ്ങാത്ത്, ഗിരീഷ്

കഴിഞ്ഞ 10 വര്‍ഷങ്ങള്‍ എംപി ആയിരുന്ന ആന്‍റോ ആന്റണിയുടെ നേട്ടം എംപി ഫണ്ട് വീതിച്ചുനല്‍കി അങ്ങിങ്ങായി രണ്ടോമൂന്നോ കിലോമീറ്റര്‍ റോഡുകള്‍ ടാര്‍ ചെയ്ത് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ആഘോഷിക്കുന്നതിൽ ഒതുങ്ങുന്നു. വര്‍ഷംതോറും സര്‍വേയ്ക്കായി ഓരോ കോടി രൂപ നീക്കി വയ്ക്കുന്നതില്‍ പരിമിതപ്പെട്ടിരിക്കുന്ന അങ്കമാലി- എരുമേലി- പത്തനംതിട്ട- തിരുവനന്തപുരം ശബരി റെയില്‍ സ്വപ്നമായി അവശേഷിക്കുന്നു; ജില്ലയുടെ സമഗ്രവികസനത്തിന് കുതിപ്പേകുന്നതാണ് ഈ പദ്ധതി. പാട്ടക്കാലാവധി കഴിഞ്ഞ ‘കുമ്പഴ എസ്റ്റേറ്റ്’ ഏറ്റെടുത്ത് റബ്ബര്‍ അധിഷ്ഠിതം ഉള്‍പ്പെടെയുള്ള വ്യവസായ പാര്‍ക്ക് ആരംഭിക്കണം. ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്ന, നിര്‍ദിഷ്ട ‘ശബരി വിമാനത്താവളം - ജില്ലാ മെഡിക്കല്‍കോളജ് കോന്നി’ റോഡ്‌ നിര്‍മ്മിക്കണം. ഇക്കാര്യങ്ങളിലൊന്നും ചെറുവിരല്‍ പോലും അനക്കാന്‍ എംപിക്ക് സാധിച്ചിട്ടില്ല. 

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ശബരിമല ഉള്‍പ്പെടുന്ന റാന്നി മണ്ഡലത്തില്‍ നിന്നും ഇതുവരെ ഒരു സംസ്ഥാന മന്ത്രിപോലും ഉണ്ടാകാതിരുന്നതും പിന്നോക്കാവസ്ഥയ്ക്ക് കാരണമാണ്. റാന്നി എംഎല്‍എ രാജു ഏബ്രഹാമിനെ മന്ത്രിയാക്കാണം എന്ന ജനങ്ങളുടെ മുറവിളി, ഇപ്പോള്‍ ജില്ലയില്‍ നിന്ന് ഒരുമന്ത്രിപോലും ഇല്ലാതിരുന്നിട്ടും മുഖ്യമന്ത്രി ചെവിക്കൊണ്ടിട്ടില്ല. കഴിവുള്ളതും, ഭരണ നേതൃത്വങ്ങളില്‍ സ്വാധീനമുള്ളതുമായ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാതെ രാഷ്ട്രീയ അടിസ്ഥാനത്തില്‍ മാത്രം വോട്ട് ചെയ്യുന്ന രീതി വോട്ടറന്മാര്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. യുഡിഎഫില്‍ നിന്ന് ഉമ്മന്‍ചാണ്ടി, പി.ജെ.ജോസഫ്, എല്‍ഡിഎഫില്‍ നിന്ന് മാത്യു.ടി. തോമസ്, എന്‍ഡിഎയില്‍ നിന്ന് കെ.സുരേന്ദ്രന് തുടങ്ങിയവരെപ്പോലെയുള്ള ആരെങ്കിലും, എംപി ആയാല്‍ ഒരു കേന്ദ്രമന്ത്രി സ്ഥാനത്തിന് പത്തനംതിട്ടയ്ക്ക് ഭാഗ്യം ലഭിക്കുമെന്ന് ഈ കര്‍ഷക ജനത വിശ്വസിക്കുന്നു.

NRI-vote-comment സി.പി.ജലീൽ, രാജു വർഗീസ്

ഇടതിന് ക്ഷീണമാകും

ഇടതിന്റെ ഉറച്ച കോട്ടയായ കാസർകോട് മണ്ഡലത്തിൽ ജില്ലയുടെ പിന്നോക്കാവസ്ഥ ചർച്ചയായാൽ ഇടതിന് ഇത്തിരി ദുഷ്കരമാകുമെന്ന് കരുതുന്നതായി എഴുത്തുകാരന്‍ മുരളി മീങ്ങാത്ത്. മൂന്ന് തവണ തുടർച്ചയായി എംപി ആയിട്ടും പെരിയ കേന്ദ്ര സർവകലാശാലയാണ് എടുത്ത് പറയാനുള്ള ഒരു വികസനം .കാസർകോട് നിന്ന് തെക്കോട്ടുള്ള യാത്ര വേണ്ടത്ര ട്രെയിനുകൾ ഇല്ലാതെ എത്ര ദുഷ്‌കരമാണ് . ബേക്കലിന്റ വിനോദ സഞ്ചാര പദ്ധതിക്ക് ഒരു ഉണർവ്വും കൈ വന്നിട്ടില്ല. യുഡിഎഫ് സ്ഥാനാർഥിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പെരിയയിലെ സമീപകാല ഇരട്ട കൊലപാതകം തെരെഞ്ഞെടുപ്പിനെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്.

പ്രവാസികൾക്ക് വോട്ടില്ലാത്തതിൽ ഖേദം

ഇൗ തിരഞ്ഞെടുപ്പിലെങ്കിലും പ്രവാസികൾക്ക് വോട്ട് ചെയ്യാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇപ്രാവശ്യം അത് യാഥാർഥ്യമാകാത്തതിൽ ഖേദമുണ്ടെന്ന് ദുബായിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ഗിരീഷ് പറഞ്ഞു. ഇനിയിപ്പോൾ അടുത്ത ഇലക്ഷന് നോക്കാം. ജനങ്ങൾക്ക് വേണ്ടി എല്ലാ നന്മകളും ചെയ്യാൻ സാധിക്കുന്ന, ജനങ്ങളുടെ മനസ്സ് മനസിലാക്കി ഭരിക്കാൻ കഴിയുന്ന, ജനങ്ങളുടെ മുഖത്ത് നോക്കി പുഞ്ചിരിക്കാൻ സാധിക്കുന്ന ഒരു നല്ല ഭരണാധികാരിക്കുവേണ്ടി മലയാള മണ്ണിന്റെ മക്കൾ കാത്തിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.