Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായ് തീരങ്ങളിൽ കൂറ്റൻ കടലാമകളുടെ വിരുന്നുകാലം

hawksbill-eggs ദുബായ് തീരത്തെ ഹോക്സ്ബിൽ കടലാമയുടെ മുട്ടകൾ. മുനിസിപ്പാലിറ്റി പുറത്തുവിട്ട ചിത്രം.

ദുബായ്∙ വംശനാശഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമകൾ ദുബായ് തീരങ്ങളിൽ കൂട്ടത്തോടെ മുട്ടയിടാൻ എത്തിത്തുടങ്ങി. സെപ്റ്റംബർ വരെ ഇതുതുടരും. അത്യപൂർവമായ ഈ കടലാമകളുടെ പ്രിയപ്പെട്ട താവളമാണ് ദുബായ് തീരം. മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തിറങ്ങാൻ 50 മുതൽ 60 ദിവസം വരെയെടുക്കും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ മണ്ണിൽ നിന്നു പുറത്തുവന്ന് കടലിലേക്കു നീങ്ങുന്നു. മണിക്കൂറുകളോളം തുടർച്ചയായി തുഴയാൻ ഇവയ്ക്കാകും. ആമകൾക്കും മുട്ടകൾക്കും സുരക്ഷയൊരുക്കാൻ ദുബായിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആമകൾ കൂട്ടത്തോടെ എത്തുന്നതും നൂറുകണക്കിനു കുഞ്ഞുങ്ങളുമായി മടങ്ങുന്നതും കൗതുകകരമായ കാഴ്ചയാണ്.

വലിയ തുഴ പോലുള്ള കൈകളും കട്ടിയുള്ള പുറംതോടും അൽപം പരന്ന ശരീരവുമുള്ള ഇവയുടെ സംരക്ഷണത്തിന് ദേശീയ കർമപരിപാടികൾക്ക് യുഎഇ തുടക്കം കുറിച്ചിട്ടുണ്ട്. മുട്ടയിട്ടു വിരിഞ്ഞു മടങ്ങുന്നതുവരെയുള്ള കാലം അധികൃതരുടെ സൂക്ഷ്മനിരീക്ഷണത്തിലായിരിക്കും.ആമകളുടെ താവളത്തിലേക്ക് ആരും അതിക്രമിച്ചു കയറാതിരിക്കാൻ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുകയും സന്ദർശകർക്കു ബോധവൽക്കരണം നടത്തുകയും ചെയ്യും.ബീച്ചിനു സമീപം നിർമാണപ്രവർത്തനങ്ങൾ അനുവദിക്കില്ല. മണൽ കൊണ്ട് പ്രത്യേകരീതിയിൽ അതിരുകൾ തിരിച്ച് ആമകൾക്കു സുരക്ഷിതമേഖലയൊരുക്കുന്നു. സന്ദർശകരെ ഇവിടേക്കു കടത്തിവിടില്ല. ലോകത്ത് ഏഴിനം കടലാമകൾ ഉള്ളതിൽ വംശനാശം സംഭവിക്കുന്നവയാണ് ഹോക്‌സ്ബിൽ, ഗ്രീൻ ഇനങ്ങൾ. എന്നാൽ ഇവ രണ്ടും യുഎഇ തീരങ്ങളിലെത്താറുണ്ട്.

കെണിയൊരുക്കി മനുഷ്യർ

മനുഷ്യരും മൃഗങ്ങളും കടലാമകൾക്ക് വൻഭീഷണിയാണ്. തീരദേശവികസനവും നശീകരണവും കടലാമകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബോട്ടുകളുടെ പ്രൊപ്പല്ലറുകൾക്കിടയിൽ പെട്ടും മീൻപിടിത്തക്കാരുടെ വലകളിൽ അകപ്പെട്ടും ചാകുന്നുണ്ട്. ഇവയുടെ പുറംതോട് വ്യാവസായിക അടിസ്ഥാനത്തിൽ വിൽപന നടത്തുന്നതും വെല്ലുവിളി ഉയർത്തുന്നു. മുട്ടകൾ തേടി മൃഗങ്ങളും എത്തുന്നു.ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റിൽ പെട്ട ജീവിയാണ് ഹോക്‌സ്ബിൽ കടലാമ. വലിയരീതിയിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയാണിത്. ഇവയിൽ 80 ശതമാനത്തിലേറെയും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായെന്നാണു റിപ്പോർട്ട്. വിവിധ താവളങ്ങൾ തേടി ദീർഘദൂരം സഞ്ചരിക്കുന്ന ഇവയുടെ സംരക്ഷണം ഏതെങ്കിലുമൊരു രാജ്യത്തിനു മാത്രമായി ഏറ്റെടുക്കാനാവില്ല. അതിവേഗം വംശനാശം സംഭവിക്കാനുള്ള ഒരു കാരണമിതാണ്.

കാവലായി ഉപഗ്രഹങ്ങൾ

ഹോക്‌സ്ബിൽ, ഗ്രീൻ കടലാമകളെക്കുറിച്ചു യുഎഇ ഗവേഷണം നടത്തിവരികയാണ്. ഹോക്‌സ്ബിൽ ആമകളുടെ സ്വഭാവ സവിശേഷതകൾ, ഇവയുടെ ശത്രുക്കളാര് തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ ഏതാനും ആമകളിൽ വയർലെസ് ട്രാൻസ്മിറ്ററുകൾ ഘടിപ്പിച്ചു കടലിലേക്കു വിട്ടിരുന്നു. ഉപഗ്രഹ സഹായത്തോടെ ഉൾപ്പെടെ ഇവയുടെ സഞ്ചാരപഥങ്ങൾ നിരീക്ഷിക്കുന്നു. തീരത്തേക്കു കൂട്ടത്തോടെയുള്ള വരവ്, മുട്ടയിട്ടശേഷമുള്ള യാത്ര, ശത്രുനീക്കങ്ങൾ തുടങ്ങിയവയെക്കുറിച്ച് പല വിവരങ്ങളും കിട്ടിയിട്ടുണ്ട്. അബുദാബി, ദുബായ് തീരങ്ങൾ, ഷാർജ ഖോർ കൽബ കണ്ടൽക്കാട്‌ എന്നിവിടങ്ങളിൽ പച്ച ആമകളെ (ഗ്രീൻ ടർട്ടിൽ) കണ്ടെത്തിയിട്ടുണ്ട്.എൻവയൺമെന്റ് ആൻഡ് പ്രൊട്ടക്ടഡ് ഏരിയാസ് അതോറിറ്റി (ഇപിഎഎ) ഇവയുടെ പ്രത്യേകതകളെക്കുറിച്ചു ഗവേഷണം നടത്തിവരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.