Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി യുവതിക്ക് രണ്ടു കോടി നഷ്ടപരിഹാരം

2000-rupees

ദുബായ്∙ ദുബായിൽ വാഹനാപകടത്തിൽ പരുക്കേറ്റ കോഴിക്കോട് സ്വദേശിയായ രഹന ജാസ്മിന്  രണ്ടു കോടി നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. 2015 ൽ ദുബായ് മറീനാ മാളിന്റെ സമീപത്താണ് വാഹനാപകടത്തിൽ രഹനയ്ക്കു ഗുരുതരമായ പരുക്ക് പറ്റിയത്. 

തലക്കും മുഖത്തും കണ്ണിനും ഗുരുതരമായ പരുക്കേറ്റ  രഹനയെ അബോധാവസ്ഥയിലാണ് ദുബായ് റാഷിദ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഭർത്താവിന്റെ സുഹൃത്തിന്റെയും കുടുംബത്തിന്റെയും കൂടെയായിരുന്നു രഹന അവരുടെ കാറിൽ യാത്ര ചെയ്തിരുന്നത്. ഭർത്താവിന്റെ സുഹൃത്തായ മലയാളി യുവാവായിരുന്നു കാർ ഓടിച്ചിരുന്നത്. 

രഹനയും  ഭർത്താവിന്റെ സുഹൃത്തിന്റെ ഭാര്യയും രണ്ടു വയസ്സുള്ള കുട്ടിയും കാറിന്റെ പിൻ സീറ്റിലായിരുന്നു. 2015 ഓഗസ്റ്റിൽ ദുബായിലെ ഒരു ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ്  രാത്രി 8.30 ന് അപകടം ഉണ്ടായത്. വാഹനം ഓടിച്ചിരുന്ന വ്യക്തിയും പിൻസീറ്റിലുണ്ടായിരുന്ന രണ്ടു വയസ്സുള്ള കുട്ടിയും അപകടത്തിൽ മരിക്കുകയും രഹനക്ക് ഗുരുതര പരുക്കേൽക്കുകയായിരുന്നു. 24 ദിവസം രഹന ദുബായ് റാഷിദ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു. 

ബോധം വീണ്ടു കിട്ടിയ ശേഷം  പല ശസ്ത്രക്രിയകൾക്കും രഹന വിധേയമായി. ഇപ്പോൾ നാട്ടിലാണ്. ചികിത്സപൂർത്തിയായ ശേഷം നഷ്ടപരിഹാര കേസ് ഫയൽ ചെയ്യാനായി ദുബായ് അൽക്കബ്ബാൻ അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടന്റായ അഡ്വ. ഷംസുദിൻ കരുനാഗപ്പള്ളിയുമായി ബന്ധപ്പെട്ടു വക്കാലത്ത് നൽകുകയായിരുന്നു. അഡ്വ. ഷംസുദീൻ അഞ്ചു മില്യൻ ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ദുബായ് സിവിൽ കോടതിയിൽ ഫയൽ ചെയ്ത കേസിൽ പ്രാഥമിക കോടതി ഏഴു ലക്ഷം ദിർഹവും (DED 700000), 9% പലിശയും നഷ്ടപരിഹാരമായി നൽകാൻ എതിർ കക്ഷിയായ ഇൻഷ്വറൻസ് കമ്പനിക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു.

എന്നാൽ 7,00,000 ദിർഹം മതിയായ നഷ്ടപരിഹാരമല്ലെന്നു തെളിയിക്കാനാവശ്യമായ കാര്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ബാക്കി തുകയ്ക്കു വേണ്ടി വീണ്ടും അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. ടി. അപ്പീൽ കേസിലാണു കഴിഞ്ഞ ദിവസം നഷ്ടപരിഹാര തുക ഒരു മില്യൺ ദിർഹം ആയി ഉയർത്തിക്കൊണ്ട് അപ്പീൽ കോടതിവിധി പ്രസ്താവിച്ചത്. ഒപ്പം ഈ ഒരു മില്യൻ ദിർഹത്തിന്റെ 9% വരുന്ന തുക പലിശയും നൽകാൻ കോടതി ഉത്തരവായി.

(മൊത്തം നഷ്ടപരിഹാരം 2 കോടി 11 ലക്ഷം രൂപയിലധികം വരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.