Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണലിൽ തളിർക്കും നാടൻ കൃഷിപാഠം;പൊന്നു വിളയിച്ചു മലയാളി സഹോദരങ്ങൾ

george സഖറിയാ ജോർജും ജോർജ് തോമസും മഫ്റഖിലെ പച്ചക്കറി തോട്ടത്തിൽ. ചിത്രം. മനോരമ

അബുദാബി ∙ പരിമിതികളിൽ പച്ചപ്പു പടർത്തി മരുഭൂമിയിൽ പൊന്നു വിളയിക്കുകയാണ് മലയാളി സഹോദരങ്ങൾ. കൊല്ലം ശൂരനാട് മണ്ണുവിളയിൽ ജോർജ്-കുഞ്ഞമ്മ ദമ്പതികളുടെ മക്കളായ സഖറിയാ ജോർജും ജോർജ് തോമസുമാണ് അബുദാബി മഫ്റഖിലെ ജോലി സ്ഥലത്ത് കൃഷി ചെയ്ത് നൂറുമേനി വിളവെടുക്കുന്നത്. കുഞ്ഞുനാളിൽ മാതാപിതാക്കളിൽ നിന്നു പകർന്നു കിട്ടിയ കൃഷിപാഠമാണ് മണലാരണ്യത്തിൽ പൂത്തു തളിർത്തതെന്ന് ദാഫിർ കോൺട്രാക്ടിങ് കമ്പനിയിലെ സ്റ്റോർ കീപ്പർമാരായ സഖറിയയും തോമസും സാക്ഷ്യപ്പെടുത്തുന്നു.

മത്തൻ, പാവൽ, പടവലം, പയർ, ബീൻസ്, വെണ്ട, വഴുതന, തക്കാളി, അമര പയർ, മല്ലിച്ചപ്പ്, പുതീന നിത്യവഴുതന, കാന്താരിയടക്കം വിവിധ തരം പച്ചമുളക് തുടങ്ങി ആവശ്യമായ എല്ലാ പച്ചക്കറികളും 15 വർഷമായി സ്വന്തമായി കൃഷി ചെയ്തുവരുന്നു. പച്ചക്കറിത്തോട്ടത്തിന് സ്നേഹവും പരിചരണവും ആവോളം നൽകിയപ്പോൾ പടവലവും മത്സരിച്ചുവളർന്നു. ഇവരെക്കാൾ നീളമുള്ള പടവലമാണ് ഈ തോട്ടത്തിൽ വിളഞ്ഞുനിൽക്കുന്നത്. കേരളത്തിലെ പച്ചപ്പും ഹരിതാഭയും മറന്ന് ഗൾഫിലേക്ക് ചേക്കേറിയ പ്രവാസികൾക്കു മുന്നിൽ വിസ്മയമാകുകയാണ് ഈ സഹോദരങ്ങളുടെ പച്ചക്കറിത്തോട്ടം. മഫ്റഖിലെ ജോലി സ്ഥലത്തോടു ചേർന്നുകിടക്കുന്ന സ്ഥലം കമ്പനിയുടെ അനുമതിയോടെ കൃഷിക്ക് അനുയോജ്യമാക്കി. അഗ്രികൾചർ സാൻഡ്  വാങ്ങി നിലമൊരുക്കി. സെപ്റ്റംബറിൽ വിത്തുപാകി, അവയെല്ലാം മുളച്ചുവന്നതോടെ ഇരുവരുടെയും മനസ്സിൽ പച്ചപ്പു പടർന്നു. വീട്ടിൽ പാചകത്തിന് ഉപയോഗിക്കുന്ന പച്ചക്കറികളുടെയും മറ്റും അവശിഷ്ടങ്ങളാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നതെന്ന് ജോർജ് തോമസ് പറഞ്ഞു.

വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ വീട്ടുവളപ്പിലെ പരിമിതികളിൽ വിളയിച്ചെടുക്കാമെന്നാണ് ഇരുവരും പ്രവാസികളെ പഠിപ്പിക്കുന്നത്. മറ്റു രാജ്യങ്ങളിലെ വിത്തുകൾ ഇവിടെ പരീക്ഷിച്ചു വിജയിച്ചശേഷം നാട്ടിലും കൊണ്ടുപോയി കൃഷി ചെയ്തതായി സഖറിയാസ് ജോർജ് പറഞ്ഞു. ജോലിക്കു മുൻപും ശേഷവും അര മണിക്കൂർ വീതം കൃഷിക്കായി ചെലവിടുമ്പോൾ ടെൻഷൻ അകറ്റുമെന്ന് ചെയ്യുമെന്ന് ജോർജ് തോമസ് പറഞ്ഞു. കഠിനാധ്വാനത്തിലൂടെ വിളയിച്ചെടുത്ത പച്ചക്കറികൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സൗജന്യമായി നൽകുന്നതാണ് ഇവരുടെ രീതി. വിത്തുകളും തൈകളും ഫലങ്ങളും മറ്റുള്ളവർക്കു കൈമാറി ജൈവകൃഷിയുടെ നന്മ മറുനാട്ടിലും പ്രചരിപ്പിക്കുകയാണ് ഈ സഹോദരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.