Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർഗാത്മക മേഖലയ്ക്കു ഭാവി: ലോക സർക്കാർ ഉച്ചകോടി

World-Government-Summit ലോക സർക്കാർ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ലബനനൻ പ്രധാനമന്ത്രി സാദ് അൽ ഹരീരി തുടങ്ങിയവർ.

ദുബായ് ∙ മൂന്നു ദിവസത്തെ ലോക സർക്കാർ ഉച്ചകോടി ആരംഭിച്ചു. 140 രാജ്യങ്ങളിൽ നിന്ന് നാലായിരം പേർ പങ്കെടുക്കുന്നുണ്ട്. ലോക സാമ്പത്തിക രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിതെളിക്കാവുന്ന ആശയങ്ങളും ചിന്തകളും ഉരുത്തിരിയുന്ന ഉച്ചകോടിയിൽ സാമ്പത്തിക രംഗത്തെ പ്രഗദ്ഭരാണ് പങ്കെടുക്കുന്നത്. 200 സെമിനാറുകളും 600 പ്രഭാഷകരും ഉണ്ട്. അറബ് മോനിട്ടറി ഫണ്ട്, ഐഎംഎഫ് പോലുള്ള ധനകാര്യ സ്ഥാപനങ്ങളിലെ 120 എക്സിക്യൂട്ടീവുകളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ സെമിനാറിൽ പങ്കെടുക്കും. ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന വികസന ഫണ്ടുകളെക്കുറിച്ച് രാവിലെ ചർച്ച നടക്കും. ലോകബാങ്കുമായി സഹകരിച്ചുള്ള വിവിധ പദ്ധതികളെക്കുറിച്ച് ഉച്ചകഴിഞ്ഞ് ചർച്ച ചെയ്യും. മദീനത്ത് ജുമൈറയിൽ നടക്കുന്ന ഉച്ചകോടി ചൊവ്വാഴ്ച സമാപിക്കും.

World-Government-Summit2

ഭാവിയിൽ 45% ജോലികളും മാറും

നിലവിലെ 45% ജോലികളും ഭാവിയിൽ മാറുമെന്ന് യുഎഇ ക്യാബിനറ്റ് കാര്യമന്ത്രിയും ലോക ഗവൺമന്റ് ഉച്ചകോടി ചെയർമാനുമായ മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി പറഞ്ഞു. ലോക ഗവൺമന്റ് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവിരങ്ങളുടെ കൈമാറ്റ ലോകത്തു നിന്നു ഭാവനയുടെ ലോകത്തേക്കു നമ്മൾ മാറുകയാണ്. സാങ്കേതിക വിദ്യയുടെ മേൽക്കോയ്മ കാരണം സർക്കാരുകളുടെ ശ്രദ്ധയും വിവര സാങ്കേതിക രംഗത്താവും. എന്നാൽ ഭാവനാശേഷിയുടെ ഏകോപനം ഭാവിയിലെ വൻ സാധ്യതയാണ്. ഇതാണ് മനുഷ്യനെ നിർമിത ബുദ്ധിയിൽ നിന്നു വേർതിരിക്കുന്നതും.

World-Government-Summit1

രൂപകൽപന, കല, സംഗീതം തുടങ്ങിയ മേഖലകൾ ഭാവന, സർഗാത്മകത ആവശ്യപ്പെടുന്നതാണ്. 2500 കോടി ഡോളറാണ് ഇപ്പോൾ ഈ രംഗത്തെ വ്യവസായ മൂല്യം. എന്നാൽ 2030 ആകുമ്പോഴേക്ക് 85 ദശലക്ഷം ഒഴിവുകൾ ഈ രംഗത്ത് ഉണ്ടാകും. അന്ന് ഭാവനാശേഷി ഉപയോഗിച്ചുള്ള വ്യവസായങ്ങളുടെ മൂല്യം 8500 കോടി ഡോളറാവും. ഈ സാധ്യത മനസ്സിലാക്കി യുവാക്കളെ ഭാവനാസമ്പന്നരും സർഗാത്മകശേഷിയുള്ളവരും ആക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

20190210RC__C095143

പരസ്പരമുള്ള ആശയ വിനിമയത്തിൽ നിന്നു മാറി മനുഷ്യൻ ബഹുതല സംവേദനം നടത്തുകയാണ്. ഭാവിയിൽ കാറുകളിലും വീടുകളിലുമായി മൂവായിരം കോടി സ്മാർട് ഉപകരണങ്ങളാവും ഉണ്ടാകുകയെന്ന് ഗർഗാവി ചൂണ്ടിക്കാട്ടി. ഡ്രൈവർ രഹിത കാറുകളും ടെലികോൺഫറൻസിങ് ഡോക്ടർ സംവിധാനവും മറ്റുമാകും ഭാവിയിൽ വരിക. ഈ സാഹചര്യത്തോട് എങ്ങനെ പെട്ടെന്ന് ഇണങ്ങുന്നു എന്നതാവും സർക്കാരുടെ ഭാവി പോലും നിശ്ചയിക്കുക. ഈ മേഖലകളിൽ നിക്ഷേപം നടത്താനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും തൊഴിലുകൾ വർധിപ്പിക്കുകയും ചെയ്യുക എന്നത് സർക്കാരുകളുടെ കടമയാകും. സ്റ്റാർട്ടപ്പുകൾക്ക് ഏറെ പ്രോത്സാഹനം നൽകുകയും നല്ല തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും െചയ്യുന്ന നഗരങ്ങളാണ് ഭാവിയിൽ ഉണ്ടേകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേൾഡ് എക്കണോമിക് ഫോറം സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ക്ലോസ് ഷോബ് സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.