അബുദാബി∙ അൽഐൻ-അബുദാബി റോഡിൽ അൽഖസ്ന ഭാഗത്ത് ഇന്ധന ടാങ്കറും മറ്റു മൂന്നു വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. ഡ്രൈവിങ്ങിനിടെ മതിയായ അകലം പാലിക്കാത്തതുമൂലം കൂട്ടിയിടിച്ച മൂന്നു വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
ഈ വാഹനങ്ങൾക്കിടയിലേക്ക് ഇന്ധന ടാങ്കർ ഇടിച്ചുകയറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഇവിടെ നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിനും കേടുപാടുകൾ പറ്റി. പരുക്കേറ്റവരെ മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റി. വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിച്ചും വേഗപരിധി മറികടക്കാതെയും വാഹനമോടിക്കണമെന്ന് അൽഐൻ ട്രാഫിക് വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ലഫ്. കേണൽ മൊഹ്സിൻ അൽ മൻസൂരി പറഞ്ഞു.