Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അബുദാബിയിലെ ഒന്നാമനാണ് യൂസഫലി, അദ്ദേഹം വിചാരിച്ചാൽ ഇവിടെ എന്തും നടക്കും’

യൂസഫലിയുടെ ജീവിതകഥ –രാജു മാത്യു
yusuf-ali-with-rahul രാഹുൽ ഗാന്ധിയും മിലിന്ദ് ദിയോറയും അബുദാബിയിലെ യൂസഫലിയുടെ വസതി സന്ദർശിച്ചപ്പോൾ

കഴിഞ്ഞ മാസം നടന്ന രാഹുൽ ഗാന്ധിയുടെ യുഎഇ സന്ദർശനവേളയിൽ അബുദാബിയിലെ ദുസിതാനി ഹോട്ടലിൽ വ്യവസായികളുടെ യോഗം നടക്കുകയാണ്. ഇരുന്നൂറോളം വമ്പൻ വ്യവസായികൾ എത്തിയിട്ടുണ്ട്. ഐബിപിജിയാണ് (ഇന്ത്യൻ ബിസിനസ്മെൻ ആൻഡ് പ്രഫഷനൽ ഗ്രൂപ്പ്) സംഘാടകർ. അതിന്റെ ചെയർമാനായ ശതകോടീശ്വരൻ ബി. ആർ. ഷെട്ടി തന്റെ പ്രസംഗത്തിൽ എം. എ. യൂസഫലിയെ വിശേഷിപ്പിച്ചതു കേട്ട് സദസ്സ് ഒന്നടങ്കം കയ്യടിച്ചു. അബുദാബിയിലെ ഒന്നാമനാണ് യൂസഫലി. അദ്ദേഹം വിചാരിച്ചാൽ ഇവിടെ എന്തും നടക്കും. അത്രയ്ക്കു ബന്ധങ്ങളാണ് അദ്ദേഹത്തിനുള്ളത്. അബുദാബിയിലെ ബിസിനസ് സമൂഹം ഒന്നാകെ ആ വാക്കുകൾ ശരിവച്ചത് നിറഞ്ഞ കരഘോഷങ്ങളോടെയാണ്.

വർഷങ്ങൾക്കു മുൻപു കേരളത്തിലെ പ്രമുഖനായ ഒരു ദൃശ്യമാധ്യമ പ്രവർത്തകർ അബുദാബിയിലെത്തി. അബുദാബിയിലെ കർക്കശ നിയമങ്ങളൊന്നും മനസ്സിലാക്കാതെ നാട്ടിലെ പോലെ ക്യാമറയുമെടുത്ത് രാത്രി പുറത്തിറങ്ങി ഒരോന്നു ചിത്രീകരിക്കാൻ തുടങ്ങി. അൽപം വീര്യം ഉള്ളിൽ ഉണ്ടായിരുന്നതിനാൽ ഒട്ടും അധൈര്യപ്പെടാതെയായിരുന്നു ചിത്രീകരണം. എന്തിനാ കുറയ്ക്കുന്നതെന്നു കരുതി അബുദാബി പൊലീസിന്റെ ഹെഡ് ക്വാർട്ടേഴ്സിന്റെ പരിസരവും ചിത്രീകരിച്ചു. പോരേപൂരം ! ഒട്ടും താമസിയാതെ പിടിയിലുമായി പിടിക്കപ്പെട്ടാൽ ഏതു പൊലീസ് സ്റ്റേഷനിലേക്കാണു കൊണ്ടുപോകുന്നതെന്നു പോലും പുറത്തറിയാൻ പ്രയാസമാണ്. ഏതായാലും യൂസഫലി വിവരമറിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ ആളെ പുറത്തെത്തിക്കാനായി.

തികഞ്ഞ ഈശ്വര വിശ്വാസിയാണ് യൂസഫലി. സുബഹി നമസ്കാരത്തോടെയാണ് അദ്ദേഹത്തിന്റെ ഒരുദിനം തുടങ്ങുന്നതു തന്നെ. വർഷങ്ങൾക്കു മുൻപാണത്. ഭക്ഷണസാധനങ്ങളും മറ്റും കയറ്റിയ കപ്പലുമായി ജോർദാനിലേക്കു പോയതാണ് യൂസഫലി. എന്നാൽ ഇറാക്ക് അക്രമണത്തെ തുടർന്ന് അവിടെ തുറമുഖം അടച്ചു പോയി. മാംസം ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളാണ്. എത്രകാലം ഇങ്ങനെ തുറമുഖത്ത് അടുക്കാനാവാതെ കഴിയേണ്ടി വരുമെന്നു നിശ്ചയില്ല. കപ്പലിലെ സാധനങ്ങൾ വിറ്റുകാശാക്കിയില്ലെങ്കിൽ എല്ലാം തകിടം മറിയും. ഒടുവിൽ ഇരുപത്തൊന്നാമത്തെ ദിവസമാണു തുറമുഖം തുറന്നു സാധനങ്ങൾ  ഇറക്കാനായത്. യൂസഫലിയുടെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു. യൂസഫലി മക്കയിലേക്കു പോയി. നന്ദി പറയാൻ ഉംറ നിർവഹിച്ചു. ഒരാൾ പ്രാർഥിക്കുമ്പോൾ ഈശ്വരനും അയാളും തമ്മിലാണു ബന്ധം. അതിൽ മറ്റൊരാൾ ഇടപെടുന്നത് എന്തിന് എന്നാണു യൂസഫലിയുടെ ചോദ്യം. ക്രിസ്ത്യൻ ദേവാലയങ്ങൾക്കും ക്ഷേത്രങ്ങൾക്കുമെല്ലാം അദ്ദേഹം മനസ്സറിഞ്ഞ് സംഭാവന ചെയ്യുന്നു. യാക്കോബായ സഭയിലെ ഉന്നത ബഹുമതിയും അദ്ദേഹത്തിനു ലഭിച്ചു. തികഞ്ഞ മതസൗഹാർദം എങ്ങും പുലരണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹവും പ്രാർഥനയും.

ഉമ്മയുടെ സ്വാധീനം ഏറെയുണ്ട് യൂസഫലിയുടെ ജീവിതത്തിൽ അതെക്കുറിച്ച് അടുത്ത ഭാഗത്തിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.