Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവിങ്ങിനിടെ മൊബൈൽ; 800 ദിർഹം പിഴ, 4 ബ്ലാക് പോയിന്റ്, അപകടമുണ്ടായൽ ശിക്ഷ

Mobile-using-driving-kuwait representative image

ദുബായ് ∙വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ പൊലീസ് നടപടികൾ ശക്തമാക്കുന്നു. 800 ദിർഹം പിഴ ചുമത്തുകയും ലൈസൻസിൽ 4 ബ്ലാക് പോയിന്റുകൾ പതിക്കുകയും ചെയ്യും. ഫെഡറൽ ട്രാഫിക് നിയമം 32ാം വകുപ്പു പ്രകാരമാണ് നടപടി. അലക്ഷ്യ ഡ്രൈവിങ് അപകടത്തിനു കാരണമായാൽ കടുത്ത ശിക്ഷ ലഭിക്കും. ഡ്രൈവിങ്ങിനിടെ സമൂഹമാധ്യമങ്ങളിൽ വ്യാപരിക്കുക സെൽഫി സ്റ്റിക് ഉപയോഗിക്കുക, ഭക്ഷണ-പാനീയങ്ങൾ കഴിക്കുക, തലമുടി ചീകുകയോ സൗന്ദര്യ ലേപനങ്ങൾ ഉപയോഗിക്കുകയോ ചെയ്യുക എന്നിവയ്ക്കും ഇതേ ശിക്ഷയാണ്.

മൊബൈലിൽ സംസാരിക്കുമ്പോഴും സന്ദേശങ്ങൾ വായിക്കുമ്പോഴും അയയ്ക്കുമ്പോഴും അപകടസാധ്യത പ്രതീക്ഷിക്കുന്നതിലും അപ്പുറമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അപകട സാധ്യത 280 ശതമാനമാണ്. ഡ്രൈവിങ്ങിനിടെ ഫോട്ടോ എടുക്കുന്നതും സെൽഫി എടുക്കുന്നതും പലരുടെയും പതിവാണ്. ഒരു ഫോട്ടോ എടുക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ 50% കുറയുമെന്നു കണ്ടെത്തിയിട്ടുണ്ട്. മുൻപിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാതിരിക്കുന്നതും അലക്ഷ്യമായി ലൈൻ മാറുന്നതും വൻ അപകടങ്ങൾക്കു വഴിവച്ചേക്കാം. മറ്റു യാത്രക്കാരുടെ ജീവനും ഇതു ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കുന്നത്.

മത്സരം വേണ്ട, ആംബുലൻസിനോട്

ആംബുലൻസുകൾക്കും അടിയന്തര സാഹചര്യങ്ങളിൽ പോകുന്ന മറ്റു വാഹനങ്ങൾക്കും മാർഗ തടസ്സമുണ്ടാക്കിയാൽ 500 ദിർഹം പിഴ ചുമത്തും. വഴിമുടക്കുന്ന വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസിൽ 4 ബ്ലാക് പോയിന്റ് പതിക്കുകയും ചെയ്യും. രക്ഷാദൗത്യത്തിൽ ഏർപ്പെടുന്ന വാഹനങ്ങൾക്കു തടസ്സമുണ്ടാക്കുന്നതു ഗുരുതര നിയമലംഘനമാണ്.
അപകടസ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തിയോ വേഗം കുറച്ചോ നോക്കുന്നതും നിയമലംഘനമാണ്. ഇതെല്ലാം രക്ഷാദൗത്യത്തെ തടസ്സപ്പെടുത്തുന്നു. ദുബായിൽ ഇത്തരം പ്രവണതകൾ കൂടിവരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. 2013 ൽ 81 കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിൽ 2014ൽ 121 ആയി. 2015ൽ 162.

ശ്രദ്ധിക്കേണ്ടവ

∙ ആംബുലൻസുകൾ വരുമ്പോൾ മറ്റു വാഹനങ്ങൾ വേഗം കൂട്ടി പോകാതെ അവയ്ക്കു കടന്നു പോകാൻ സൗകര്യമൊരുക്കണം.

∙ പെട്ടെന്നു ബ്രേക്ക് ചെയ്യുകയോ കുറുകെ വരികയോ ചെയ്യരുത്. വേഗം കുറയ്ക്കുകയും സിഗ്നലിട്ട് വലതുവശത്തെ ട്രാക്കിലേക്കു മാറി സുരക്ഷിതമായി വാഹനം ഒതുക്കിക്കൊടുക്കുകയും വേണം.

∙ സിഗ്നലിലും ഇന്റർസെക്‌ഷനുകളിലും ആംബുലൻസുകൾക്കാണു പ്രഥമ പരിഗണന.* ആംബുലൻസുകളെ മറികടക്കുകയോ മൽസരിച്ചു പായുകയോ അരുത്.

∙ ആംബുലൻസുകൾ വരുന്നെന്നു കരുതി ചുവപ്പ് സിഗ്നൽ മറികടക്കാൻ ശ്രമിക്കരുത്.

മൊബൈൽ  ഉപയോഗം കൂടുന്നു

യുഎഇയിൽ ഡ്രൈവിങ്ങിനിടെ 74% ഡ്രൈവർമാരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി 'റോഡ് സേഫ്റ്റി യുഎഇ' നടത്തിയ സർവേയിൽ കണ്ടെത്തി. ലോകത്ത് പ്രതിവർഷം വാഹനാപകടങ്ങളിൽ 12.5 ലക്ഷത്തിലേറെ ആളുകൾ മരിക്കുന്നതായാണു ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. അപകടങ്ങൾക്കു 94 ശതമാനവും കാരണക്കാർ ഡ്രൈവർമാരാണെന്നും കണ്ടെത്തി.

മാലിന്യം എറിഞ്ഞാൽ 1,000 ദിർഹം പിഴ

വാഹനങ്ങളിൽ നിന്നു മാലിന്യങ്ങൾ വലിച്ചെറിഞ്ഞു പൊതുസ്ഥലങ്ങൾ വൃത്തികേടാക്കിയാൽ 1,000 ദിർഹമാണു പിഴ. ലൈസൻസിൽ 6 ബ്ലാക് പോയിന്റുകൾ പതിയുകയും ചെയ്യും. സിഗററ്റ് കുറ്റിയോ ടിഷ്യൂ പേപ്പറോ വലിച്ചെറിഞ്ഞാൽ പോലും ഇതുബാധകം ദുബായിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ മുനിസിപ്പാലിറ്റി വക 500 ദിർഹം പിഴയുമുണ്ടാകും. ഇതിനായി പ്രത്യേകം ഇൻസ്പെക്ടർമാരെ നിയമിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.