Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൽനടയാത്രക്കാരുടെ സുരക്ഷ; ഊർജിത കർമപദ്ധതി

road-safety കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച ധാരണാപത്രത്തിൽ തൊഴിൽകാര്യ സ്ഥിരം സമിതി ചെയർമാനും എമിഗ്രേഷൻ ഡപ്യൂട്ടി ഡയറക്ടറുമായ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ, ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ: മൈതാ ബിൻ ആദായി എന്നിവർ ഒപ്പുവയ്ക്കുന്നു.

ദുബായ്‌∙ തൊഴിലാളികളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് കൂടുതൽ കർമപരിപാടികൾക്ക് ആർടിഎ തുടക്കം കുറിക്കുന്നു. നടപ്പാലങ്ങൾ ഉൾപ്പെടെ നിർമിക്കുന്നതിനൊപ്പം ബോധവൽക്കരണം ഊർജിതമാക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ആർടിഎയും തൊഴിൽകാര്യ സ്ഥിരസമിതിയും ഒപ്പുവച്ചു. ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ മൈതാ ബിൻ ആദായി, തൊഴിൽകാര്യ സ്ഥിരസമിതി ചെയർമാനും എമിഗ്രേഷൻ ഡപ്യൂട്ടി ഡയറക്ടറുമായ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ എന്നിവരാണ് ഒപ്പുവച്ചത്. 2023 ആകുമ്പോഴേക്കും ദുബായിലെ നടപ്പാലങ്ങളുടെ എണ്ണം 167 ആയി ഉയർത്തും. കഴിഞ്ഞവർഷം നിർമിച്ച 9 എണ്ണം ഉൾപ്പെടെ നിലവിൽ 113 നടപ്പാലങ്ങളാണുള്ളത്. വാഹനമോടിക്കുന്നവർ കാൽനട യാത്രക്കാരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം ഊർജിതമാക്കും. സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുക.

തൊഴിലാളി മേഖലകളിൽ കൂടുതൽ ജാഗ്രത

കർശന നടപടികളിലൂടെ കാൽനടയാത്രക്കാരുടെ മരണനിരക്ക് കുറയ്ക്കാൻ കഴിയുന്നുണ്ട്. 2016ൽ 59 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2017ൽ ഇത് 48 ആയി. കഴിഞ്ഞവർഷം 36. തൊഴിലാളി താമസകേന്ദ്രങ്ങളായ ജബൽഅലി, സോനാപുർ, അൽഖൂസ്, മുഹൈസിന എന്നിവിടങ്ങളിൽ കഴിഞ്ഞവർഷം 17 ബോധവൽക്കരണ ക്ലാസുകൾ നടത്തി. അപകടങ്ങൾ കൂടുതലുള്ള പ്രധാന പാതകളായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ജബൽഅലി സോൺ 1 എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.മൊബൈൽ ഫോണിൽ സംസാരിച്ചും സന്ദേശങ്ങൾ അയച്ചും ചാറ്റ് ചെയ്തും റോഡിലൂടെ നടക്കുന്നത് വലിയതോതിൽ അപകടങ്ങൾക്കു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.


സൈക്കിളിനും ചട്ടങ്ങൾ

∙ സൈക്കിൾ യാത്രക്കാർ ഹെൽമറ്റും റിഫ്ലക്ടീവ് ജാക്കറ്റും ധരിക്കണം.

∙ സൈക്ലിങ് ട്രാക്കിന്റെ വലതുഭാഗത്തു കൂടിയാകണം യാത്ര.

∙സൈക്കിളിന്റെ ഇരുഭാഗത്തേക്കും കാലുകളിട്ടു യാത്രചെയ്യണം. മറ്റു രീതിയിലുള്ള സാഹസികത കുറ്റകരമാണ്.

∙സൈക്കിളിന്റെ ബാലൻസ് തെറ്റിക്കുന്ന സാധനങ്ങൾ കയറ്റി യാത്ര ചെയ്യരുത്.

∙മറ്റുവാഹനത്തിന്റെ പിന്നിൽ പിടിച്ചു സൈക്കിളിൽ യാത്ര ചെയ്യരുത്. സൈക്കിൾ ചവിട്ടുന്ന ആയാസം ഒഴിവാക്കാൻ, ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ പിന്നിൽ പിടിച്ചു യാത്രചെയ്യുന്നത് ശീലം ഒഴിക്കവാക്കണം.

∙ വാഹനങ്ങളുമായും വഴിയാത്രക്കാരുമായും സുരക്ഷിത അകലം പാലിക്കണം.

∙ ൈസക്കിളുകൾക്ക് അനുവദിക്കപ്പെട്ട മേഖലകളിൽ മാത്രം പാർക്ക് ചെയ്യുക.

∙ സൈക്കിൾ ട്രാക്കുകളിൽ മറ്റു വാഹനങ്ങൾ കയറുന്നത് ശിക്ഷാർഹമാണ്.

സ്മാർട് സംവിധാനങ്ങൾ വ്യാപകമാക്കും

∙ ക്രോസിങ്ങുകൾ, ജംക്‌ഷനുകൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പു നൽകുന്ന സ്മാർട് സംവിധാനങ്ങൾ വ്യാപകമാക്കും.

∙ റോഡപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുന്ന ഹ്രസ്വചിത്രങ്ങൾ തൊഴിലാളികൾക്കായി പ്രദർശിപ്പിക്കും.

∙വീസ പുതുക്കാനുള്ള വൈദ്യപരിശോധനയ്ക്കെത്തുന്ന മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രങ്ങളിൽ ഇവ പ്രദർശിപ്പിക്കാൻ ആരോഗ്യമന്ത്രാലയവുമായി ചേർന്നു പദ്ധതി തയാറാക്കും.

∙ നടപ്പാതകളിലേക്കു വാഹനങ്ങൾ ഇടിച്ചുകയറുന്നതും യാത്രക്കാർ അലക്ഷ്യമായി റോഡിനു കുറുകെ കടക്കുന്നതും തടയാൻ ഉറപ്പുള്ള വേലികൾ സ്ഥാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.