Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലതല്ലി രാഹുൽ തരംഗം; സ്റ്റേഡിയത്തിനകത്തേക്ക് കടക്കാനാവതെ മടങ്ങിയത് പതിനായിരിങ്ങൾ

Rahul-Gandhi-addresses1

ദുബായ്∙  ത്രിവർണമണിഞ്ഞ ത്രിസന്ധ്യയിൽ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അലയടിച്ചത് രാഹുൽതരംഗം. കലയും കൗതുകങ്ങളും ചേർത്തൊരുക്കിയ കാഴ്ചകളുടെ പൂരത്തിൽ ഉയർന്നത് ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത എന്ന ആരവം. വൈകിട്ട് അഞ്ചോടെ സ്റ്റേഡിയം നിറഞ്ഞു. അപ്പോഴും അതിന്റെ ഇരട്ടി ആളുകൾ പുറത്തു കാത്തു നിൽക്കുകയായിരുന്നു. അബുദാബിയിൽ നിന്നടക്കം എത്തിയ ബസുകൾക്ക് സ്റ്റേഡിയത്തിലേക്ക് എത്താൻ കഴിഞ്ഞില്ല.

rahul5 രാഹുൽ ഗാന്ധിയുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രവർത്തകർ നിറഞ്ഞപ്പോൾ.

കൊടിക്കുന്നിൽ സുരേഷ് എംപി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ തുടങ്ങിയവർ പോലും മണിക്കൂറുകളോളം തിരക്കിൽ വലഞ്ഞു. അഞ്ചു കിലോമീറ്ററോളം റോഡ് ഗതാഗതം സ്തംഭിച്ചു. സ്റ്റേഡിയത്തിൽ ത്രിവർണപതാകയേന്തിയ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും ദേശഭക്തി ഗാനങ്ങൾ ആലപിച്ചും പ്രിയ നേതാവിനെ കാത്തിരുന്നു. ഉമ്മൻചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ സ്റ്റേഡിയത്തിലേക്കു വന്നപ്പോഴും പ്രവർത്തകർ ഇളകി മറിഞ്ഞു. ഡോലക്കും ചെറിയ വാദ്യോപകരണങ്ങളുമായി ആവേശം പങ്കുവച്ച പ്രവർത്തകർക്കൊപ്പം എഐസിസി സെക്രട്ടറി ഹിമാംശു വ്യാസും ചേർന്ന് താളമിട്ട് മുദ്രാവാക്യം മുഴക്കി.

rahul-selfie-with-labourers ദുബായ് ജബൽ അലിയിലെ ലേബർ ക്യാംപിൽ എത്തിയ രാഹുൽഗാന്ധിക്കൊപ്പം സെൽഫിയെടുക്കുന്നവർ. ചിത്രം: പിടിഐ

അഞ്ചരയോടെ സാംസ്കാരിക പരിപാടികൾ തുടങ്ങി. ആറിന് മഗ്‌രിബ് നമസ്കാരത്തിന് ഇടവേള നൽകി. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന നൃത്തങ്ങൾ അരങ്ങേറി. തുടർന്ന് വിവിധ മേഖലകളിൽ ഇന്ത്യയുടെ വളർച്ചയുടെ നാൾ വഴി കാട്ടിത്തരുന്ന ദൃശ്യങ്ങൾ കൂറ്റൻ സ്ക്രീനിൽ തെളിഞ്ഞു. 1983 ലെ വേൾഡ് കപ്പ് നേട്ടം, പി.ടി ഉഷയുടെ നേട്ടം, മിസൈൽ പരീക്ഷണ വിജയം  തുടങ്ങിയവയെല്ലാം ഇന്ത്യയുടെ നല്ല നാളുകളിലേക്കു ആളുകളെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് കൂറ്റൻ ത്രിവർണ പതാക സ്ക്രീനിൽ തെളിഞ്ഞതിനു പിന്നാലെ 7.05ന് രാഹുൽ ചിരിതൂകി  ബാൽക്കണിയിൽ എത്തിയപ്പോൾ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു.  അകമ്പടി ഗാനത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ വേദിയിലേക്ക് എത്തിയതോടെ സ്റ്റേഡിയം അക്ഷരാർഥത്തിൽ ആരവങ്ങളിൽ മുങ്ങി. തുടർന്നായിരുന്നു രാഹുലിന്റെ പ്രസംഗം.

പതിനായിരങ്ങൾ നിരാശരായി മടങ്ങി

Rahul-labour ദുബായ് ജബൽ അലിയിലെ ലേബർ ക്യാംപിൽ തൊഴിലാളികളെ അഭിസംബോധന ചെയ്യുന്ന രാഹുൽ ഗാന്ധി. വേദിയിൽ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. സദസ്സിൽ നിന്ന് ഉമ്മൻ ചാണ്ടിയെ രാഹുൽ വേദിയിലേക്കു വിളിച്ചിരുത്തുകയായിരുന്നു.

ദുബായ്∙  രാഹുൽഗാന്ധിയെ ഒരുനോക്കു കാണാൻ എത്തിയ പതിനായിരക്കണക്കിന് അണികൾ അതിനാകാതെ നിരാശരായി മടങ്ങി. സ്റ്റേഡിയത്തിന്റെ ശേഷി കഴിഞ്ഞും ആളുകൾ പ്രവഹിച്ചു കൊണ്ടിരുന്നതോടെ പൊലീസ് തടഞ്ഞു. ഇതിനിടെ ഗതാഗതക്കുരുക്കിൽപ്പെട്ട് പലർക്കും എത്താനായില്ല. അബുദാബി, ഫുജൈറ എന്നിവടങ്ങളിൽ നിന്നു വന്ന ബസുകൾ സ്റ്റേഡിയത്തിനു സമീപം പോലുമെത്താനാകാതെ തിരികെപ്പോയി. പതിനായിരത്തിലധികം പേർക്ക് ഇങ്ങനെ മടങ്ങേണ്ടി വന്നതിൽ ഖേദമുണ്ടെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.