Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികളുടെകൂടി വിയർപ്പാണ് ഇന്ത്യ; ആവേശമായി രാഹുലിന്റെ പ്രസംഗം

Rahul-Gandhi-addresses ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംസാരിക്കുന്നു.

ദുബായ് ∙ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കശ്മീർ മുതൽ കേരളം വരെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവാസികൾ. യുഎഇയിലെ 7 എമിറേറ്റുകൾക്കു പുറമെ സൗദി, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നും മറ്റു വിദേശരാജ്യങ്ങളിൽനിന്നും വരെ ആളുകളെത്തിയിരുന്നു.  പതിനായിരത്തിലേറെപ്പേർ ഇരിപ്പിടം കിട്ടാത്തതിനെ തുടർന്നു സ്റ്റേഡിയത്തിനു പുറത്തുനിന്നാണു പ്രസംഗം കേട്ടത്. ‘‘മരണം വരെ എന്റെ വാതിലുകൾ, എന്റെ കാതുകൾ, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും. പ്രവാസികളുടെകൂടി വിയർപ്പാണ് ഇന്ത്യ.

അവരുടെ ശബ്ദം പാർലമെന്റിൽ കേൾക്കണം. ഇന്ത്യ വെറും ഭൂപ്രദേശമല്ല. ഓരോ ഇന്ത്യക്കാരനുമാണ് ഇന്ത്യ. ഇവിടെ ദുബായിലേക്ക് വരുമ്പോൾ ഇന്ത്യയും കൊണ്ടാണു നിങ്ങൾ വരുന്നത്. ’’– കാതടപ്പിക്കുന്ന കയ്യടികൾക്കിടയിൽ രാഹുൽ പറഞ്ഞു. വൈകിട്ട് നാലിനു തുടങ്ങിയ പരിപാടിയിലേക്ക് ഉച്ചയ്ക്കു തന്നെ ജനപ്രവാഹമായിരുന്നു. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ ‘രാഹുൽ ഗാന്ധി കീ ജയ്’ മുദാവാക്യങ്ങൾ മുഴങ്ങി. ത്രിവർണ നിറത്തിൽ തിളങ്ങിയ സ്റ്റേഡിയത്തിൽ ഒരുക്കിയ 25 മീറ്റർ റാംപിൽ നടന്നു കൊണ്ടായിരുന്നു  പ്രസംഗം. 2015 ഓഗസ്റ്റ് 16നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേ വേദിയിലാണ് സംസാരിച്ചത്. റാംപിൽ നടന്നുള്ള പ്രസംഗം മൂലം, അന്നത്തേതിൽ നിന്നു വ്യത്യസ്തമായി ജനക്കൂട്ടത്തിനിടയിൽനിന്നു സംസാരിക്കുന്നതു പോലെയുള്ള ആവേശവും സൃഷ്ടിക്കാനായി.

Rahul-Gandhi-addresses1

ഇന്ത്യയെ സ്പർശിക്കുന്ന വിഷയങ്ങളെല്ലാം അക്കമിട്ടു പറഞ്ഞാണു രാഹുൽ പ്രവാസി ജനതയെ കയ്യിലെടുത്തത്. ‘‘വിനയവും മറ്റുള്ളവരെ പ്രശംസിക്കാനുള്ള മനസ്സുമാണ് യുഎഇ പ്രധാനമന്ത്രിയിൽ കണ്ടത്; ധാർഷ്ട്യമല്ല. എന്നാൽ, നമ്മുടെ നാട്ടിൽ ധാർഷ്ട്യവും അസഹിഷ്ണുതയും നിറഞ്ഞ ഭരണമാണിപ്പോൾ. ഗാന്ധിജി പഠിപ്പിച്ച അഹിംസ മറന്നിരിക്കുന്നു. ഹിംസയുടെ തത്വശാസ്ത്രം ഒരിക്കലും ജയിക്കില്ല. ഇന്ത്യയുടെ ഒന്നാമത്തെ പ്രശ്നം തൊഴിലില്ലായ്മയാണ്. രണ്ടാമത്തേതു കർഷക ദുരിതം. പുതിയ ഹരിതവിപ്ലവത്തിനു സമയമായി. യുഎസിന് എതിരെ നിൽക്കാൻ ശക്തിയുള്ള രണ്ടേ രണ്ടു രാജ്യങ്ങളാണ് ചൈനയും ഇന്ത്യയുമെന്നാണു മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞത്. എന്നാൽ നോട്ട് നിരോധനവും ജിഎസ്ടിയും മറ്റു വിചിത്ര നയങ്ങളും നമ്മുടെ നട്ടെല്ലൊടിച്ചിരിക്കുന്നു.

Rahul-Gandhi-addresses2

തൊഴിലില്ലായ്മയെ തോൽപിക്കാനാവുമെന്നു മാത്രമല്ല, ചൈനയെ പിന്തള്ളി മുന്നിലെത്താനും ആകുമെന്നു തെളിയിക്കണം. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരും, ഉറപ്പ് എന്നു പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ സ്റ്റേഡിയത്തിലെങ്ങും മുദ്രാവാക്യങ്ങളും ദേശഭക്തിഗാനങ്ങളും മുഴങ്ങി. പ്രവാസി കോൺഗ്രസ് ചെയർമാൻ സാം പിത്രോദ അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എഐസിസി സെക്രട്ടറി ഹിമാംശു വ്യാസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.