Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായ് രാജ്യാന്തര സ്റ്റേഡിയം ഇന്ന് ത്രിവർണമണിയും

Achu-umman-dubai ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾക്ക് നിർദ്ദേശം നൽകുന്ന അച്ചു ഉമ്മൻ.

ദുബായ്∙  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വരവേൽക്കാൻ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ വെള്ള മേലാപ്പ് ഇന്ന് ത്രിവർണമണിയും. ഇതിനൊപ്പം സംഗീതത്തിന്റെ അലയൊലികളും നൃത്തച്ചുവടുകളുടെ ഭംഗിയും സ്റ്റേഡിയത്തിൽ നിറയും. ഗാന്ധി സ്മൃതികളിൽ നാലരമണിക്കൂർ സാംസ്കാരിക സന്ധ്യ അരങ്ങേറും. സ്റ്റേഡിയത്തിലെ സ്ഥിരം ഇരിപ്പിടങ്ങൾക്കു പുറമെ 6500 പ്രത്യേക ഇരിപ്പിടങ്ങൾ പിച്ചിൽ ഒരുക്കിയിട്ടുണ്ട്. പുല്ലിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ മുഴുവൻ സ്ഥലത്തും ഫൈബർ ഷീറ്റുകൾ പാകിയിരിക്കുകയാണ്. ഇരുന്നൂറിലേറെ തൊഴിലാളികൾ ഒരാഴ്ചയിലേറെയായി പണിപ്പെട്ടാണ് സ്റ്റേഡിയം സജ്ജമാക്കിയത്.

dance

കൂറ്റൻ സ്റ്റേജും റാംപും

18 മീറ്റർ നീളവും പത്തുമീറ്റർ വീതിയുമുള്ള കൂറ്റൻ സ്റ്റേജാണ് ഒരുങ്ങുന്നത്. ഇതിനു മുന്നിൽ25 മീറ്റർ നീളത്തിൽ റാംപും ഉണ്ട്. ‘ഇന്ത്യ എന്ന ആശയം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാകും രാഹുലിന്റെ പ്രസംഗം. ഇന്ത്യയുടെ ബഹുസ്വരത വെളിപ്പെടുത്തുന്ന പരിപാടികളാണ് സാംസ്കാരിക സന്ധ്യയിലും വിഭാവനം ചെയ്തിരിക്കുന്നതെന്ന് പരിപാടികളുടെ ചുക്കാൻ പിടിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനി അമേയ്സിന്റെ എംഡിയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകളുമായ അച്ചു ഉമ്മൻ പറഞ്ഞു.

stadium സ്റ്റേഡിയത്തിലെ പുല്ലിന് കേടുവരാതിരിക്കാൻ ഫൈബർ പാളികൾ വിരിച്ചിരിക്കുന്നു.

സംഗീതം, നൃത്തം

ആലപ്പുഴ സ്വദേശിയും ‘മോഹൻലാൽ’ സിനിമയുടെ നിർമാതാവും കലാകാരനുമായ അനിൽകുമാറാണു സാംസ്കാരിക സന്ധ്യയുടെ സംവിധായകൻ. ഭരതനാട്യം, മറാഠി നൃത്തമായ ലാവണി, കഥക്, രാജസ്ഥാനി, ഗുജറാത്തി, പഞ്ചാബി നൃത്തങ്ങളും ഉണ്ടാവും. വിനോദ് സെക്വയറാണ് നൃത്തസംവിധായകൻ. അമ്പതോളം കലാകാരന്മാർ അണിനിരക്കും. റൂഹ് ട്രൂപ്പിന്റേതാണു സംഗീതം.

Stadium

ആയിരത്തോളം ബസുകൾ

വിവിധ എമിറേറ്റുകളിൽ നിന്ന് ആയിരത്തോളം ബസുകളാണ് യാത്രാസൗകര്യത്തിനായി ഒരുക്കിയിരിക്കുന്നത്. ഇവയ്ക്ക് സ്റ്റേഡിയത്തിനു സമീപം തന്നെ പാർക്കിങ് സൗകര്യവുമുണ്ട്. ഇതിനു പുറമേ കുറച്ചു ബസുകൾ ഷട്ടിൽ സർവീസും നടത്തും. ചായവും ശുദ്ധജലവും വിതരണം ചെയ്യാനുമുള്ള സംവിധാനമുണ്ട്.

ഇന്നത്തെ പരിപാടികൾ

∙രാവിലെ പത്തിന് ജബൽ അലിയിൽ ആയിരത്തോളം തൊഴിലാളികളുമായിസംവദിക്കും

∙ഉച്ചയ്ക്ക് രണ്ടിന് ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ഇന്ത്യൻ ബിസിനസ് സമൂഹവുമായി കൂടിക്കാഴ്ച

∙വൈകിട്ട് നാലിന് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പൊതുപരിപാടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.