Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബ്ദവും വെളിച്ചവും ഉദയ; മറ്റൊരു ചരിത്രത്തിന് അലയൊലി മുഴക്കാൻ രാഹുൽ ഗാന്ധി യുഎഇയിൽ

Rahul Gandhi

ദുബായ്∙ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നു രാഹുൽ ഗാന്ധി ഉദയ സൗണ്ട്സിന്റെ മൈക്കിലൂടെ സംസാരിക്കുമ്പോൾ മറ്റൊരു ചരിത്രത്തിന്റെ അലയോലികളാവും മുഴങ്ങുക. രാഹുലിന്റെ മുതു മുത്തച്ഛൻ ജവഹർലാൽ നെഹ്റു മുത്തശ്ശി ഇന്ദിരാഗാന്ധി, പിതാവ് രാജീവ് ഗാന്ധി, മാതാവ് സോണിയാ ഗാന്ധി ഇവരെല്ലാം ഉദയ സൗണ്ട്സിലൂടെയാണ് സംസാരിച്ചിട്ടുള്ളത്. ഉദയ സ്ഥാപകൻ എറണാകുളം പുല്ലേപടി ജംങ്ഷനിൽ പരേതനായ ടി.കെ.ഖാദറാണ് നെഹ്റുവിന് മൈക്ക് നൽകിയത്. 1952ൽ നെഹ്റു മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ പ്രസംഗിച്ചത് ഖാദറിന്റെ മൈക്കിലൂടെയാണ്. പിന്നീട് ഇന്ദിരഗാന്ധിക്കും ഖാദർ തന്നെ മൈക്ക് നൽകി.

selfie-with-rahul

ഖാദറിന്റെ മകൻ ബഷീറാണ് ദുബായ് ഉദയയയുടെ ഉടമ. ബഷീറിന്റെ മകൻ റിനുവും സഹോദര പുത്രൻ റിയാസും ചേർന്നാവും ഇന്ന് രാഹുലിന്റെ പൊതുപരിപാടിയിൽ ശബ്ദ-വെളിച്ച നിയന്ത്രണം നടത്തുന്നത്. ഖാദറിന് ഒരു നിയോഗം പോലെയാണ് നെഹ്റുവിന് മൈക്ക് നൽകേണ്ടി വന്നത്. നെഹ്റുവിന്റെ പരിപാടിക്ക് മറ്റൊരു കൂട്ടരുടെ മൈക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ സമയത്ത് അത് പണിമുടക്കി. അപ്പോഴാണ് റോഡിലൂടെ നെഹ്റുവിന്റെ പരിപാടി സംബന്ധിച്ച് അനൗൺസ്മെന്റ് നടത്തി ഖാദർ നിന്നത്. നെഹ്റു ഇതു കേട്ടു. സംഘാടകർ ഉടൻ തന്നെ അദ്ദേഹത്തെ കാറോടെ അകത്തേക്കു വിളിപ്പിച്ചു. 

ഖാദറിന്റെ മൈക്രോഫോണിലൂടെയാണ് പിന്നീട് നെഹ്റു സംസാരിച്ചത്. കാറിൽ കെട്ടിവച്ച കോളാമ്പിയിൽ ആ ശബ്ദം പ്രതിധ്വനിച്ചതാണ് നാട് കേട്ടത്. ഖാദറിന്റെ മറ്റു മക്കളായ ഷംസുദ്ദീൻ, യൂസഫ്, ഇക്ബാൽ, നൗഷാദ് എന്നിവർ ഇതേ മേഖലയിലാണ് നാട്ടിൽ പ്രവർത്തിക്കുന്നത്. രാജീവ് ഗാന്ധി ചാലക്കുടിയിൽ വന്നപ്പോഴും പിന്നീട് സോണിയാ ഗാന്ധി മറൈൻ ഡ്രൈവിൽ പ്രസംഗിച്ചപ്പോഴുമെല്ലാം ഷംസുദ്ദീനും ഇക്ബാലുമെല്ലാം മൈക്ക് ഓപ്പറേറ്റർമാരായി ഉദയയുടെ പേരു കാത്തു. ഇപ്പോൾ രാഹുൽ എത്തുമ്പോൾ മകനും സഹോദരനായ ഷംസുദ്ദീന്റെ മകൻ റിയാസും ചേർന്ന് ശബ്ദ സംവിധാനം നിയന്ത്രിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബഷീർ (56) നിറഞ്ഞ ശബ്ദത്തിൽ പറയുന്നു.

17 വർഷം മുമ്പാണ് ദുബായിൽ ബഷീർ പ്രസ്ഥാനം തുടങ്ങിയത്. അതും ഒരു നിമിത്തം പോലെ. ഇംഗ്ലണ്ടിലേക്ക് അതിന്റെ തലേവർഷം സാധനസാമഗ്രികൾ വാങ്ങാൻ പോകുമ്പോൾ ദുബായിൽ രണ്ടുമൂന്നു ദിവസത്തേക്കു താമസിക്കേണ്ടി വന്നു. അപ്പോഴാണ് ഇവിടെ ശബ്ദ വിൽപ്പനയ്ക്കു നല്ല സാധ്യതകണ്ടത്. പിറ്റേവർഷം ഇവിടെ പ്രസ്ഥാനം ആരംഭിക്കുകയായിരുന്നുവെന്ന് ബഷീർ വെളിപ്പെടുത്തുമ്പോൾ അതിൽ വിജയചരിത്രമുഴക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.