Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളമില്ലാതെ 70 മലയാളികൾ ഉൾപ്പെടെ 400 പേര്‍; തൊഴിലാളി ക്യാംപിൽ ഭക്ഷണമെത്തി; ചർച്ച

musafa-labour-camp മുസഫയിൽ ദുരിതത്തിലായ തൊഴിലാളികൾക്ക് ഐപിഎഫ് ഭക്ഷണസാധനങ്ങൾ എത്തിച്ചപ്പോൾ.

അബുദാബി ∙ മുസഫയിൽ 7 മാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളി ക്യാംപിൽ വെള്ളവും വൈദ്യുതിയും പുനഃസ്ഥാപിച്ചു. തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും എത്തിച്ചു. ഇന്ത്യൻ എംബസിയും മാനവശേഷി, സ്വദേശിവൽകരണ മന്ത്രാലയവും ഇടപെട്ടാണ് തൊഴിലാളികൾക്ക് താൽക്കാലിക ആശ്വാസമൊരുക്കിയത്. തൊഴിൽ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണുമെന്ന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി മനോരമയോട് പറഞ്ഞു.

എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പന്ഥ് ഉൾപെടെ ഉദ്യോഗസ്ഥർ ക്യാംപിലെത്തി തൊഴിലാളികളുടെ പരാതികൾ കേൾക്കുകയും പരിമിതികൾ മനസിലാക്കുകയും ചെയ്തു. ശമ്പള കുടിശ്ശികയും ആനുകൂല്യവും വീണ്ടെടുത്ത് പ്രശ്നം പരിഹരിക്കാനായി ഇന്ന് ഉച്ചയ്ക്ക് എംബസിയിൽ നടക്കുന്ന ചർച്ചയിൽ മന്ത്രാലയ, കമ്പനി, തൊഴിലാളി പ്രതിനിധികൾ പങ്കെടുക്കും. കമ്പനി പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ചത്. ഭക്ഷണം എത്തിക്കാനും നിർദേശിച്ചിട്ടുണ്ട്. 70 മലയാളികൾ ഉൾപ്പെടെ 150 ഇന്ത്യക്കാരടക്കം 400 തൊഴിലാളിക‍ൾ ദുരിതത്തിലായ വാർത്ത മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.

തുടർന്ന് റെഡ് ക്രസൻറ്, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, കെഎംസിസി, മാർത്തോമ്മാ ചർച്ച്, ഐസിസി, ഐപിഎഫ് എന്നീ സംഘടനകൾ ആഹാരവും ഭക്ഷ്യോൽപന്നങ്ങളും കുടിവെള്ളവും എത്തിച്ചു. ശമ്പള കുടിശ്ശികയും ആനുകൂല്യവും ലഭ്യമാക്കുക, വീസ കാലാവധി കഴിഞ്ഞവരുടെ പിഴ ഒഴിവാക്കി ശിക്ഷ കൂടാതെ നാട്ടിലേക്ക് പോകാൻ അവസരമൊരുക്കുക, താൽപര്യമുള്ളവർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള അവസരമൊരുക്കുക എന്നിവയാണ് തൊഴിലാളികളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.