Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖത്ത് 97 തുന്നലുകൾ, ജൂലിയറ്റിന്റെ ചോദ്യത്തിലും നെൽസൺ പിന്മാറിയില്ല; മനോഹരം ഈ പ്രണയം

juliet-nelson

ദുബായ്∙ ആശുപത്രിക്കിടക്കയിൽ ബോധത്തിനും അബോധത്തിനും ഇടയിലായിരുന്നു ജൂലിയറ്റ്. തുടയെല്ല് തകർന്നിട്ടുണ്ട്. വാരിയെല്ലുകൾ രണ്ടെണ്ണം ഒടിഞ്ഞു. ഇടതു കൈമുട്ടും തകർന്നു. മുഖം ആകെ വികൃതമാക്കി 97 തുന്നലുകൾ. കാഴ്ചയ്ക്കും തകരാർ സംഭവിച്ചു. അസ്ഥി നുറുങ്ങുന്ന വേദനക്കിടെ കണ്ണുകൾ തുറന്ന് അവൾ നെൽസണിനോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ. തന്നെ ഇനി വിവാഹം കഴിക്കുമോ എന്ന്. തീർച്ചയായും എന്ന് നെൽസൺ മറുപടി പറഞ്ഞു. അവൾ വീണ്ടും മയക്കത്തിലേക്കു വീണു. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് രണ്ടാഴ്ച കഴിഞ്ഞ് മുറിയിലേക്കു മാറ്റിയപ്പോൾ അവൾ പൂർണ ബോധത്തോടെ നെൽസണിനോടു വീണ്ടും അതേ ചോദ്യം ആവർത്തിച്ചു. നീ ഇപ്പോഴും സുന്ദരിയാണ് എന്ന മറുപടിക്കൊപ്പം നെൽസൺ അവളുടെ കരം ഗ്രഹിച്ചു. നെൽസണിന്റെ മറുപടിയാണ് തന്നെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവന്നതെന്നു അജ്മാൻ ലാവൻഡർ ടവറിലെ ഫ്ലാറ്റിലിരുന്ന് ജൂലിയറ്റ് പറയുന്നു. 

അച്ഛനും അദ്ദേഹത്തിന്റെ സഹോദരനുമടക്കം നാലുപേർ മരിച്ച അപകടത്തിൽ നിന്നാണ് ജൂലിയറ്റ് ജീവിത്തിലേക്കു തിരികെ നടന്നത്. 30 ശതമാനം വൈകല്യം ബാധിച്ചു എന്ന് ഡോക്ടർമാർ വിധിയെഴുതിയ ജീവിതം ശരിയാക്കാനുള്ള മനസ്സുറപ്പിന് നെൽസണിന്റെ ആ മറുപടി ഊർജമായി. മുഖം നേരേയാക്കാൻ പിന്നീട് ഏഴു ശസ്ത്രക്രീയകൾ വേണ്ടിവന്നു. തുടയസ്ഥിക്കു പകരമിട്ട കമ്പി ഇപ്പോഴും ഉണ്ട്. പക്ഷേ ജീവിതയാത്ര സുഗമമായി മുന്നോട്ടു പോകുന്നു. ആശുപത്രി കിടക്കയിൽ നിന്ന് കരംഗ്രഹിച്ചുള്ള ഇരുവരുടെയും യാത്ര പതിന്നാലു വർഷം പിന്നിട്ടിരിക്കുന്നു. മാൻസയൻസ് പ്രഫഷണൽ സർവീസിലെ ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ മാനേജരാണ് ജൂലിയറ്റ്. നെൽസൺ സ്വന്തമായി ഇന്റീരിയർ ഡിസൈൻ കമ്പനി നടത്തുന്നു. രണ്ടുമക്കൾ. ആന്റണി(11), ആൻ മരിയ(5).

juliet-nelson-children ജൂലിയറ്റും നെൽസണും മക്കളായ ആന്റണിക്കും ആനിനുമൊപ്പം

പ്രചോദനാത്മ ജീവിതത്തിനുള്ള റേഡിയോ മാംഗോ ഭീമ മൽസരത്തിലും വിജയിയായി ജൂലിയറ്റ്

തൃശൂർ സ്വദേശികളാണ് ജൂലിയറ്റും നെൽസണും. ജൂലിയറ്റിന്റെ മാതാപിതാക്കൾ വർഷങ്ങളായി ഷാർജയിലായിരുന്നു. 2003 ജൂലായ് മൂന്നിനാണ് വിവാഹത്തിന് വാക്കുറപ്പിക്കാൻ നെൽസണിന്റെ മാതാപിതാക്കളും ബന്ധുക്കളും ജൂലിയറ്റിന്റെ വീട്ടിൽ ചെന്നത്. അന്ന് രാത്രി ഏഴരയോടെയാണ് ഏവരെയും ഞെട്ടിച്ച് ആ കാറപകടം നടന്നതും. ബന്ധുക്കളെ വിളിക്കാൻ ദുബായ് എയർപോർട്ടിൽ പോയി മടങ്ങുമ്പോൾ ഷാർജ അൽകാൻ പാലത്തിൽ വച്ചായിരുന്നു അത്. ജൂലിയറ്റിന്റെ പിതാവും സഹോദരനും ഉൾപ്പടെ നാലുപേർ അപകടത്തിൽ മരിച്ചു. അമ്മ ലില്ലി, സഹോദരൻ ലിജോ എന്നിവർക്ക് ഗുരുതര പരുക്കുമേറ്റു. കുറേ നാൾ വീൽചെയറിലായിരുന്നു ജൂലിയറ്റിന്റെ ജീവിതം. 

ആറുമാസം ഫിസിയോ തെറാപ്പിയും വേണ്ടിവന്നു. അപ്പോഴെല്ലാം നെൽസണിന്റെ വാക്കുകൾ അവൾക്കു കരുത്തായി. അപകടത്തിനു ശേഷം കൃത്യം ഒരു വർഷം കഴിഞ്ഞദിവസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയചടങ്ങു നടത്തിയത്. 2004 ജൂലൈ മൂന്നിന് പിതാവിന്റെയും സഹോദരന്റെ ഓർമച്ചടങ്ങുകൾക്ക് ശേഷമായിരുന്നു അത്. ഒരാഴ്ചയ്ക്കു ശേഷം പതിനൊന്നിനു വിവാഹവും. അപകടം നടക്കുമ്പോൾ എംബിഎ പഠനത്തിനൊപ്പം എടിഎൻ കമ്പനിയിൽ ജോലിയും ചെയ്യുകയായിരുന്നു ജൂലിയറ്റ്. അപകട ശേഷം ഓർമക്കുറവും മറ്റും സംഭവിച്ചെങ്കിലും ജൂലിയറ്റ് വാശിയോടെ പഠനം തുടർന്നു. അഞ്ചുവർഷം കൊണ്ടാണെങ്കിലും പഠനം പൂർത്തിയാക്കി. ദുബായിൽ നിന്ന് ഷാർജയിലെ ശാഖയിലേക്ക് ജൂലിയറ്റിന് മാറ്റം നൽകി ആദ്യ കമ്പനിക്കാരും സഹായിച്ചു. പിന്നീട് 2006 ലാണ് പുതിയ കമ്പനിയിൽ ജോലിക്കു പ്രവേശിച്ചത്. 2014 ഏപ്രിൽ ഒന്നിന് മകളുടെ ജന്മദിന ദിവസമാണ് ഇപ്പോഴത്തെ ജോലി ലഭിച്ചതെന്ന് ആഹ്ലാദത്തോടെ ജൂലിയറ്റ് പറയുന്നു. മുൻപ് ഒരു പാടു പോലുമില്ലായിരുന്നു തന്റെ മുഖത്തെന്ന് അപകടത്തിന്റെ വടുക്കളിൽ തലോടി ജൂലിയറ്റ് ഓർത്തു. അതിനല്ലേ സ്നേഹത്തിന്റെ ഈ ഔഷധമെന്ന മട്ടിൽ നെൽസൺ അപ്പോഴും അവളുടെ കരം ചേർത്തു പിടിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.