Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീദേവിയുടെ മരണം, പിണറായിയുടെ സന്ദർശനം; 2018ൽ യുഎഇയിൽ സംഭവിച്ചത്

sreedevi-new

ദുബായ്‌∙ വേൾഡ് എക്സ്പോയിലേക്ക് അടുക്കുന്ന യുഎഇക്ക് 2018 സമ്മാനിച്ചതു നേട്ടങ്ങൾ. 2020 ഒക്ടോബറിൽ നടക്കുന്ന എക്സ്പോയിൽ പങ്കെടുക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒരുങ്ങുമ്പോൾ ഗതാഗതമേഖലയിൽ ഉൾപ്പെടെ വൻ കുതിപ്പ്. ബഹിരാകാശം, ഊർജം, വാണിജ്യം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണവും ശക്തമാകുന്നു. ഉഭയകക്ഷിബന്ധത്തിന്റെ സാധ്യതകളുമായി പുതുവർഷപ്പിറവി അരികെ. 2018ലെ നേട്ടങ്ങളുടെ നാൾവഴികൾ:

2018 ജനുവരി 1

∙ പഴമകളുടെ പ്രൗഢിയും സൗഭാഗ്യങ്ങളുടെ സൗന്ദര്യവും ഒറ്റ ഫ്രെയിമിൽ സംഗമിക്കുന്ന ‘ദുബായ് ഫ്രെയിം’ (ബെർവാസ് ദുബായ്) സന്ദർശകർക്കായി തുറന്നു.

DUB-FRAME

സബീൽ പാർക്കിൽ 25 കോടി ദിർഹം ചെലവിൽ 150 മീറ്റർ ഉയരത്തിൽ ഫോട്ടോ ഫ്രെയിമിന്റെ മാതൃകയിലാണ് ഈ വിസ്മയസൗധം. ഒരുഭാഗത്തേക്കു നോക്കിയാൽ ഷെയ്ഖ് സായിദ് റോഡ്, ബുർജ് ഖലീഫ തുടങ്ങിയവ ഉൾപ്പെടുന്ന ആധുനിക ദുബായിയും മറുഭാഗത്തേക്കു നോക്കിയാൽ ദെയ്റ, ഉം ഹുറൈർ, കരാമ എന്നിവ ഉൾപ്പെടുന്ന പൗരാണിക ദുബായിയും ദൃശ്യമാകും. ഇതിലെ 93 മീറ്റർ നീളമുള്ള സ്ഫടികപ്പാലത്തിൽ കയറിനിന്നാൽ താഴത്തെ നഗരക്കാഴ്ചകൾ കാണാം.

∙ ഭക്ഷ്യോൽപന്നങ്ങൾക്ക് അടക്കം 5 % മൂല്യവർധിത നികുതി (വാറ്റ്) നിലവിൽ വന്നു. വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്ന സാധനങ്ങൾ, വിവിധ സേവനങ്ങൾ തുടങ്ങിയവയ്ക്കു വാറ്റ് ബാധകം. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ചില വിഭാഗങ്ങളെ വാറ്റിൽനിന്ന് ഒഴിവാക്കി.

ജനുവരി 26

∙ വിവിധോദ്ദേശ്യ ഉപഗ്രഹമായ അൽ യാഹ് 3 ഫ്രഞ്ച് ഗയാനയിൽ നിന്നു വിജയകരമായി വിക്ഷേപിച്ചു. മുഖ്യമായും വാർത്താവിനിമയ ആവശ്യത്തിനുള്ള ഉപഗ്രഹത്തിന്റെ സേവനം ആഫ്രിക്കൻ രാജ്യങ്ങൾക്കും ബ്രസീലിനും ലഭ്യമാക്കി.

AL-YAH-sat

ഫെബ്രുവരി 10

∙ സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തി. മൂന്നുവർഷത്തിനിടയിലെ രണ്ടാമത്തെ സന്ദർശനത്തിൽ യുഎഇയുമായി സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു.

DUB-MODI

ദുബായിൽ നടന്ന രാജ്യാന്തര സർക്കാർ ഉച്ചകോടിയിൽ 26 രാഷ്ട്രത്തലവൻമാരെ മോദി അഭിസംബോധന ചെയ്തു. ഉച്ചകോടിയിൽ മുഖ്യാതിഥിയായിരുന്നു ഇന്ത്യ. ശാസ്ത്ര-സാങ്കേതിക, സാമ്പത്തിക മേഖലകളിലടക്കമുള്ള വൻ മുന്നേറ്റവും വിവിധ മേഖലകളിലെ പരിജ്ഞാനവും കണക്കിലെടുത്തായിരുന്നു ഈ അത്യപൂർവ അംഗീകാരം.

അബുദാബിയിൽ പണിയുന്ന ക്ഷേത്രസമുച്ചയത്തിന്റെ ശിലാസ്ഥാപനവും മോദി നിർവഹിച്ചു.

ഫെബ്രുവരി 11

∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാൻ ധാരണ.

ഫെബ്രുവരി 24

SRIDEVI

∙ ബോളിവുഡ് താരം ശ്രീദേവി ദുബായിൽ മരിച്ചു. ഹോട്ടലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വാഭാവിക മുങ്ങിമരണമായിരുന്നുവെന്ന വിലയിരുത്തലോടെയാണ് ദുബായ് പൊലീസ് കേസ് അവസാനിപ്പിച്ചത്.

മാർച്ച് 4

 ∙ ദുബായിൽ പൊതുസേവനങ്ങൾക്കുള്ള സർക്കാർ ഫീസ് 3 വർഷത്തേക്കു വർധിപ്പിക്കില്ലെന്നു ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും എമിറേറ്റിന്റെ സാമ്പത്തിക മൽസരക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണിത്.

മാർച്ച് 23

DUB-SUSHMA

∙ യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ.അൻവർ ബിൻ മുഹമ്മദ് ഗർഗാഷിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഭീകരതയ്ക്കും തീവ്രവാദത്തിനും എതിരെ യോജിച്ചുനീങ്ങാനുള്ള തീരുമാനത്തിന്റെ തുടർനടപടികൾക്കു രൂപം നൽകി.

ഏപ്രിൽ 23

labour-welfare

∙ വിവിധ മേഖലകളിൽ തൊഴിലാളികളുടെ നൈപുണ്യ വികസനത്തിന് ഇന്ത്യയും യുഎഇയും യോജിച്ചു പ്രവർത്തിക്കാൻ തീരുമാനം. ഇന്ത്യൻ തൊഴിലാളികൾക്കു കൂടുതൽ അവസരങ്ങൾ ലഭ്യമാകാൻ ഇതു സഹായകമാകും.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്ഐസിസിഐ), യുഎഇ മനുഷ്യവിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം, ഇന്ത്യയുടെ നൈപുണ്യവികസന മന്ത്രാലയം എന്നിവ ചേർന്നു സംഘടിപ്പിച്ച കോൺഫറൻസിൽ ഇതിനായി കർമപരിപാടി തയാറാക്കി.

മേയ് 20

Visa

∙  വൻകിട നിക്ഷേപകർക്കും പ്രഫഷനലുകൾക്കും 10 വർഷത്തെ താമസ വീസ നൽകാൻ യുഎഇ മന്ത്രിസഭാ തീരുമാനം. നിക്ഷേപകർക്കു പുറമേ ഡോക്ടർമാർ, എൻജിനീയർമാർ, വിവിധ രംഗങ്ങളിൽ വൈദഗ്ധ്യമുള്ളവർ എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മികവു പുലർത്തുന്ന വിദ്യാർഥികൾക്കുമാണ് ഈ ആനുകൂല്യം.

വൻകിട രാജ്യാന്തര നിക്ഷേപകർക്കു യുഎഇയിലെ സംരംഭങ്ങളുടെ 100% ഉടമസ്ഥാവകാശം നൽകാനുള്ളതാണ് മറ്റൊരു സുപ്രധാനം തീരുമാനം.

ജൂൺ 4

cooking-oil

∙ വ്യാവസായിക ആവശ്യങ്ങൾക്കുള്ള എണ്ണയും ലൂബ്രിക്കന്റുകളും മറ്റ് ഉൽപന്നങ്ങളും നിർമിക്കാൻ ഇന്ത്യയിലെ ഗാന്ധാർ ഓയിൽ റിഫൈനറിയും ഷാർജ ഹംറിയ ഫ്രീസോണും കരാർ ഒപ്പുവച്ചു. ഫ്രീസോണിലെ വൻ നിക്ഷേപ പദ്ധതിയാണിത്.

ട്രാൻസ്ഫോമറുകളിലും വാഹനങ്ങളിലും ഉപയോഗിക്കാനുള്ള ലൂബ്രിക്കന്റുകൾ, ഹൈഡ്രോളിക് ലിക്വിഡ്, എണ്ണ, റബർ സംസ്കരിക്കാനുള്ള രാസവസ്തുക്കൾ, മെഡിക്കൽ ഉൽപന്നങ്ങൾ തുടങ്ങിയവയാണ് നിർമിക്കുക.

ജൂൺ 26

OPEC-OIL/

∙ മഹാരാഷ്ട്രയിലെ രത്നഗിരി പെട്രോകെമിക്കൽ റിഫൈനറി പദ്ധതിയിൽ നിക്ഷേപം നടത്താൻ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദകരായ സൗദി അരാംകോയും അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്)യും കരാർ ഒപ്പുവച്ചത് ത്രിരാഷ്ട്ര സഖ്യത്തിനു വഴിയൊരുക്കി.

ഊർജരംഗത്തെ 4,400 കോടി ഡോളറിന്റെ കരാർ ഇന്ത്യയുടെ ഭാവി പദ്ധതികൾക്ക് ഏറെ ഗുണകരം.

യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് നഹ്യാന്റെ സാന്നിധ്യത്തിൽ അരാംകോ പ്രസിഡന്റ് അമീൻ എച്ച്.നാസർ, യുഎഇ സഹമന്ത്രി യും അഡ്നോക് സിഇഒയുമായ ഡോ.സുൽത്താൻ അൽ ജാബിർ, കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരാണ് കരാർ ഒപ്പുവച്ചത്.

ജൂൺ 28

∙ അബുദാബിയിൽ സായിദ്-ഗാന്ധി ഡിജിറ്റൽ മ്യൂസിയം തുടങ്ങാനുള്ള പ്രഖ്യാപനം. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി എന്നിവരുടെ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങളുടെ ചിത്രങ്ങൾ, വിഡിയോകൾ, രചനകൾ, ആശയസംഹിതകൾ തുടങ്ങിയവ ഇവിടെയുണ്ടാകും.

യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവർ ന്യൂഡൽഹിയിൽ സംയുക്തമായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ജൂലൈ 19

DUB--CHINA

∙ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് യുഎഇയിൽ.ചൈനയുടെ ആജീവനാന്ത പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഷി ചിൻപിങ് സന്ദർശിച്ച ആദ്യ വിദേശരാജ്യമാണ് യുഎഇ. നിക്ഷേപ മേഖലയിലടക്കം സഹകരണം ശക്തമാക്കാൻ ധാരണ.

സെപ്റ്റംബർ 19

∙ അഗസ്ത വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ബ്രിട്ടിഷ് ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ ദുബായ് കോടതി ഉത്തരവ്. ഇന്ത്യ നൽകിയ അപേക്ഷ പരിഗണിച്ചായിരുന്നു കോടതി നടപടി.

ഒക്ടോബർ 4

∙ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം പുതിയ മേഖലകളിലേക്കു വ്യാപിപ്പിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കൂടുതൽ ചുമതലകളോടെ പാർലമെന്ററി സൗഹൃദ സമിതി. ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള വിഷയങ്ങളിൽ സഹകരിക്കാനും കർമപരിപാടികളുടെ രൂപരേഖ തയാറാക്കാനും സമിതിയുടെ പ്രവർത്തനം സഹായകമാകും.

ഒക്ടോബർ 17

DUB-PINARAYI

∙ പ്രളയദുരിതാശ്വാസത്തിനു പ്രവാസികളുടെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. വ്യവസായികൾ, സംഘടനാ ഭാരവാഹികൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 20 വരെ വിവിധ പരിപാടികളിൽ പങ്കെടുത്തു.

ഒക്ടോബർ 24

∙ ലക്ഷക്കണക്കിന് ഇന്ത്യൻ കർഷകർക്കു നേട്ടമാകുന്ന 500 കോടിയിലേറെ ഡോളറിന്റെ ഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി പദ്ധതിക്കു ധാരണ. 20 ലക്ഷം കർഷർക്കു നേട്ടമാകുന്നതിനൊപ്പം ഇന്ത്യയിൽ 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മൂന്നുവർഷം കൊണ്ടു പദ്ധതി നടപ്പാക്കുകയാണു ലക്ഷ്യമെന്ന് യുഎഇ-ഇന്ത്യ സാമ്പത്തിക ഫോറത്തിൽ (യുഐഇഎഫ്) യുഎഇ സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹ് വ്യക്തമാക്കി.

ഒക്ടോബർ 26

ayurvedam

∙ ആയുർവേദം, സിദ്ധ ഉൾപ്പെടെയുള്ള പരമ്പരാഗത ഇന്ത്യൻ ചികിത്സാ മേഖലയിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ തീരുമാനം. സംയുക്ത ഗവേഷണ, പരിശീലന പരിപാടികൾ ഊർജിതമാക്കാനാണു പദ്ധതി.

ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സ ശാസ്ത്രങ്ങളുടെ മികവുകളും സാധ്യതകളും രാജ്യാന്തര തലത്തിൽ പരിചയപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണിത്.

ഒക്ടോബർ 29

KHALIFASAT

∙ പൂർണമായും സ്വദേശി എൻജിനീയർമാർ രൂപകൽപന ചെയ്ത യുഎഇയുടെ ഖലീഫസാറ്റ് ഉപഗ്രഹം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു വിക്ഷേപിച്ചു.

70 സ്വദേശി യുവ എൻജിനീയർമാർ ചേർന്നാണ് ഈ വിവിധോദ്ദേശ്യ ഉപഗ്രഹം രൂപകൽപന ചെയ്തത്. ഉപഗ്രഹത്തിന് 330 കിലോ ഭാരവും 2 മീറ്റർ ഉയരവും 1.5 മീറ്റർ ചുറ്റളവുമുണ്ട്.

ചിത്രങ്ങൾ സൂക്ഷ്മമായി പകർത്താനും ലോകത്ത് എവിടേയ്ക്കും അതിവേഗം കൈമാറാനും കഴിയും. കാലാവസ്ഥാ നിരീക്ഷണം, അടിസ്ഥാന സൗകര്യ വികസനം, നഗരാസൂത്രണം, സമുദ്ര പഠനം തുടങ്ങിയവയാണ് ദൗത്യങ്ങൾ.

ഒക്ടോബർ 31

∙ ഇന്ത്യ-യുഎഇ പങ്കാളിത്ത ഉച്ചകോടിയിൽ 40 സുപ്രധാന കരാറുകൾ. വിവിധ മേഖലകളുടെ വികസനം ലക്ഷ്യമിട്ടുള്ള നിക്ഷേപ പദ്ധതികൾക്കാണു രൂപം നൽകിയത്.

സർക്കാർ, പൊതു-സ്വകാര്യ മേഖലകളുടെ സജീവപങ്കാളിത്തമുള്ള ഈ പൊതുവേദി ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകൾ വിലയിരുത്തുകയും പദ്ധതികൾക്കു രൂപം നൽകുകയും ചെയ്യും. അസം, ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കും യുഎഇ എമിറേറ്റ് ആയ ഷാർജയ്ക്കും പ്രാധാന്യം നൽകിയായിരുന്നു ഇത്തവണത്തെ ഉച്ചകോടി.

നവംബർ 12

DUB-MOON

∙ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ മനുഷ്യവാസത്തിനുള്ള ഗ്രാമം നിർമിക്കാൻ യുഎഇ പങ്കാളിത്തത്തോടെ പദ്ധതി. ചൊവ്വാ ഗ്രഹത്തിൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം നിർമിക്കാനുള്ള യുഎഇയുടെ പദ്ധതിക്കു പിന്നാലെയാണ് ശാസ്ത്രലോകത്തിനാകെ ആവേശം പകരുന്ന പുതിയ ദൗത്യം.

ദുബായിൽ നടന്ന ഗ്ലോബൽ ഫ്യൂച്ചർ കൗൺസിൽ ഓൺ സ്പേസ് ടെക്നോളജീസ് സമ്മേളനത്തിൽ ഇതായിരുന്നു മുഖ്യചർച്ചാവിഷയം.അടുത്ത ദശകത്തിൽ ചന്ദ്രന്റെ ഉപരിതലം മുഖ്യദൗത്യങ്ങളുടെ കേന്ദ്രമാകുമെന്നു ശാസ്ത്രജ്ഞർ വിലയിരുത്തി.

ഡിസംബർ 4

GANDHI-SAYED-MUSEUM

∙ അബുദാബി മനാറത് അൽ സാദിയാത്തിൽ ഗാന്ധി-സായിദ് ഡിജിറ്റൽ മ്യൂസിയം ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചേർന്ന് ഉദ്ഘാടനം ചെയ്തു.

ഡിസംബർ 22

VIKRAM

∙ ഇന്ത്യൻ തീരദേശസേനയുടെ കപ്പൽ (ഐസിജിഎസ്) വിക്രം മൂന്നു ദിവസത്തെ സംയുക്ത നാവികാഭ്യാസത്തിന് യുഎഇയിൽ എത്തി. കപ്പലിലെ നാവികർ യുഎഇ തീരദേശസേനയുമായി ചേർന്നു പരിശീലനവും അഭ്യാസപ്രകടനങ്ങളും നടത്തി.

നൂതന പടക്കപ്പലുകൾ, അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ, മറൈൻ കമാൻഡോ വിഭാഗം എന്നിവയുള്ള ഇന്ത്യൻ നാവികസേനയുടെ വിപുലമായ അനുഭവപരിജ്ഞാനം പങ്കുവയ്ക്കാൻ സന്ദർശനം സഹായകമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.