Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ചരിത്രം പിറക്കുന്നു; മാർപ്പാപ്പ ഫെബ്രുവരിയിൽ യുഎഇ സന്ദർശിക്കും

Pope Francis

ദുബായ് ∙ ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ ഫെബ്രുവരിയിൽ യുഎഇ സന്ദർശിക്കും. ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെയാവും സന്ദർശനം. അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും കത്തോലിക്കാ സഭാ വിശ്വാസികളുടെയും ക്ഷണം സ്വീകരിക്കുന്നതായി വത്തിക്കാൻ അറിയിച്ചു. ആദ്യമായാണ് ഒരു പോപ്പ് യുഎഇ സന്ദർശിക്കുന്നത്.

എന്നെ സമാധാനത്തിന് ഉപാധിയാക്കൂ എന്ന ആശയത്തെ മുൻനിർത്തിയാണ് സന്ദർശനം. സഹോദര്യം വർധിപ്പിക്കാൻ വിവിധ വിശ്വാസധാരകളുമായുള്ള ചർച്ചയിൽ പങ്കെടുക്കുമെന്നും വത്തിക്കാൻ അറിയിപ്പിൽ പറയുന്നു. 2016 ജൂണിൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വത്തിക്കാൻ സന്ദർശിച്ച് മാർപ്പാപ്പയെ യുഎഇയിലേക്ക് ക്ഷണിച്ചിരുന്നു.

സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് പോപ്പെന്നും അദ്ദേഹത്തിന്റെ ചരിത്രപരമായ സന്ദർശനത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വിറ്ററിൽ കുറിച്ചു.

സന്ദർശന വാർത്തയെ സ്വാഗതം ചെയ്യുന്നതായി യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പരസ്പരം കൂടുതൽ മനസ്സിലാക്കാനും സഹായിക്കുന്ന സന്ദർശനം ലോകത്ത് സമാധാനം നിലനിർത്താൻ ചർച്ചകൾക്കും ഒരുമിച്ചുള്ള പ്രവർത്തിനും സഹായിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

രണ്ടരലക്ഷത്തിലധികം കത്തോലിക്ക സഭാ വിശ്വാസികളാണ് യുഎഇയിൽ ഉള്ളത്. ജനസംഖ്യയുടെ ഏഴുശതമാനത്തോളം വരുമിത്. ഫിലിപ്പീൻ സ്വദേശികളാണ് അധികവും. ലോകത്തെ ഏറ്റവും വലിയ ഇടവകകളിൽ ഒന്നായി കരുതപ്പെടുന്ന ദുബായ് സെന്റ് മേരീസ് ഇടവക ദേവാലായം ഉൾപ്പടെ എട്ടു ദേവാലയങ്ങളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.