Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബി മാരത്തൺ: ഇന്ന് ഗതാഗത നിയന്ത്രണം

marathon representative image

അബുദാബി∙ പ്രഥമ അബുദാബി മാരത്തൺ ഇന്നു രാവിലെ ആറിന് ആരംഭിക്കും. അഡ്നോകും അബുദാബി സ്പോർട്സ് കൗൺസിലും ചേർന്നാണു കൂട്ടയോട്ട മത്സരം സംഘടിപ്പിക്കുന്നത്. ദീർഘദൂര ഓട്ടക്കാർക്കായി 42.19 കിലോമീറ്റർ, 10 കിലോമീറ്റർ എന്നിവയ്ക്കു പുറമെ 5, 2.5 കിലോമീറ്റർ ഫൺ റണ്ണുമാണുണ്ടാവുക. 13.9 ലക്ഷം ദിർഹമാണ് മൊത്തം സമ്മാനത്തുക. ദീർഘദൂര ഓട്ടക്കാരിൽ ഒന്നാമതെത്തുന്ന പുരുഷ, വനിതാ താരങ്ങൾക്ക് ഒരു ലക്ഷം ഡോളർ വീതമാണ് സമ്മാനം.

അഡ്നോക് ആസ്ഥാനത്തിന് സമീപത്തുനിന്ന് തുടങ്ങുന്ന മാരത്തൺ കോർണിഷ്, എമിറേറേറ്റ്സ് ഹെറിറ്റേജ് വില്ലേജ്, മറീന മാൾ, കിങ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റ്, ഖസർ അൽ ഹൊസൻ, മിനാ സായിദ് വഴി അഡ്നോക് ആസ്ഥാനത്തുതന്നെ തിരിച്ചെത്തുന്ന രീതിയിലാണ് റൂട്ട് ഒരുക്കിയിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയാണ് ലോകോത്തര മാരത്തൺ സംഘടിപ്പിക്കുന്നതെന്ന് അബുദാബി സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി ആരിഫ് അൽ അവാനി പറഞ്ഞു.

പങ്കാളികൾക്ക് അബുദാബിയുടെ വിസ്മയങ്ങൾ കാണാനുള്ള അവസരംകൂടിയാണിത്. മാരത്തണിലൂടെ കായിക ഭൂപടത്തിൽ അബുദാബിയുടെ യശസ്സ് ഒന്നുകൂടി ഉയരും. കൂടുതൽ രാജ്യാന്തര പരിപാടികൾ അബുദാബിയിലേക്ക് എത്തിക്കാനിടയാക്കുമെന്ന് അഡ്നോക് എക്സിക്യൂട്ടീവ് ഓഫിസ് ഡയറക്ടർ ഒമർ സുവൈന അൽ സുവൈദി പറഞ്ഞു.

ഇന്ന് ഗതാഗത നിയന്ത്രണം

അബുദാബി∙ അബുദാബി മാരത്തണിന്റെ ഭാഗമായി ഇന്നു അർധരാത്രി മുതൽ ഉച്ചയ്ക്കു രണ്ടു വരെ നഗരത്തിലെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.മറീന മാൾ മുതൽ കോർണിഷ് വരെയും ഖസർ അൽ ഹൊസൻ റോഡിലേക്കുള്ള പാതകളിലുമാണ് ഗതാഗത നിയന്ത്രണം. 18ാം നമ്പർ റോഡിൽനിന്നു അഡ്നോക് ആസ്ഥാനത്തേക്കും ഹിൽട്ടൺ ഹോട്ടലിലേക്കുമുള്ള റോഡ് അടച്ചിടും. മാരത്തണിനോടനുബന്ധിച്ച് ബൈനൂന പാർക്കിൽ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

ഇവിടെ പാർക്ക് ചെയ്യാം

ഫുൾ മാരത്തണിൽ പങ്കെടുക്കുന്നവർക്ക് മത്സരസ്ഥലത്തിനടുത്ത് വാഹനം നിർത്തിയിടാനുള്ള പ്രത്യേക കാർ സ്റ്റിക്കർ നൽകും. ഇവർക്ക് അഡ്നോക് ടവർ സ്റ്റാഫ് പാർക്കിങും ഉപയോഗിക്കാം. 10 കിലോമീറ്റർ റണ്ണിൽ പങ്കെടുക്കുന്നവർക്ക് നാഷൻ ടവേഴ്സ് പാർക്കിങിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 5, 2.5 ഫൺ റണ്ണിന് എത്തുന്നവർ ഹുദ്രിയാത് ഐലൻഡിൽ പാർക്ക് ചെയ്ത ശേഷം ഷട്ടിൽ ബസിൽ മാരത്തൺ പോയിന്റിലെത്തണമെന്നാണ് നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.