Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നങ്ങൾക്ക് ചിറകേകി കണ്ണൂർ

kannur-airport-grafiti

അബുദാബി∙ പ്രവാസികളുടെ സ്വപ്നങ്ങൾക്ക് യാഥാർഥ്യമാക്കി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള കന്നി വിമാനം അബുദാബിയിൽനിന്ന് ഞായറാഴ്ച ടേക്ക് ഓഫ് ചെയ്യും. കണ്ണൂരുകാർ പറന്നിറങ്ങുന്നത് മലബാറിന്റെ വികസന വിഹായസിലേക്ക്. ആദ്യവിമാനത്തിൽ 50 അംഗ സംഘത്തെ യാത്രയ്ക്കൊരുക്കിയാണ് വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ എക്സ്പാട്രിയേറ്റ്സും (വെയ്ക്ക്) നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഓവർസീസ് വിങ്ങും സന്തോഷത്തിൽ പങ്കുചേരുന്നത്. ഇതിനായി നേരത്തെ ടിക്കറ്റും എടുത്തിരുന്നു. ദുബായിൽനിന്ന് അബുദാബിയിലേക്ക് ബസിലെത്തുന്ന സംഘം ആദ്യവിമാന യാത്ര അവിസ്മരണീയമാക്കാനുള്ള പദ്ധതിയിലാണ്.

പുതിയ അവസരം

sudheesh സുധീഷ്

പ്രവാസികൾക്ക് പുതിയ അവസരമാണ് കൈവന്നിരിക്കുന്നത്. അവസരം കൂടുമ്പോൾ മത്സരം മുറുകാനും ടിക്കറ്റ് നിരക്ക് കുറയാനും ഇതിടയാക്കുമെന്ന് കണ്ണൂർ ചിറയ്ക്കൽ സ്വദേശിയും കന്നിവിമാനത്തിലെ യാത്രക്കാരനുമായ ടി.പി സുധീഷ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയായിരുന്നു കണ്ണൂരിലെ വികസനത്തിത്തെ തടസ്സപ്പെടുത്തിയിരുന്നത്. വിമാനത്താവളം വന്നതോടെ റോഡ് ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങളും നിലവിൽ വരുമെന്നും സുധീഷ് ചൂണ്ടിക്കാട്ടി.

പുതിയ ദിശാബോധം

bijith ബിജിത്

മലബാറുകാരുടെ യാത്രാ സംസ്കാരത്തിന് പുതിയ ദിശാബോധം നൽകുന്നതാണ് കണ്ണൂർ വിമാന സർവീസെന്ന് കണ്ണൂർ സ്വദേശിയും കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറിയുമായ പി.എസ്. ബിജിത് പറഞ്ഞു. കോഴിക്കോട് വിമാനമിറങ്ങിയാലുള്ള യാത്രാ ബുദ്ധിമുട്ടും ടാക്സിക്കൂലിയും ഒഴിവാക്കാം. ചികിത്സ, മരണം, വിവാഹം പോലുള്ള അടിയന്തിര ആവശ്യങ്ങൾക്ക് പോയിവരുന്നവർക്കും ഇത് അനുഗ്രഹമാണ്. ഇന്ത്യയുടെ മറ്റു പ്രദേശത്തുള്ളവർക്കും ആഭ്യന്തര സർവീസ് അനുഗ്രഹമാകും. വയനാട്, കുടഗ്, കോഴിക്കോട് ജില്ലയുടെ ഭാഗങ്ങളായ വടകര, നാദാപുരം മേഖലയിൽ ഉള്ളവർക്കും ഈ വിമാനത്താവളം ഗുണകരമാകുമെന്നും ബിജിത് പറഞ്ഞു.

ഇരട്ടി സന്തോഷം

jaison ജെയ്സൺ

പ്രവാസികളുടെ യാത്ര എളുപ്പമാക്കുന്നതോടൊപ്പം കണ്ണൂരിന്റെ വികസനത്തിനും നാന്ദികുറിക്കുമെന്ന സന്തോഷത്തിലാണ് ഇരിട്ടി സ്വദേശി ജെയ്സൺ അറക്കൽ ഫ്രാൻസിസ്. ഇതിലൂടെ സമയവും പണവും ലാഭിക്കാം. മറ്റു വിമാന കമ്പനികളും വിവിധ ഗൾഫ് സെക്ടറിൽനിന്ന് കണ്ണൂരിലേക്ക് വിമാന സർവീസ് ആരംഭിച്ചാൽ അവധിക്കാലത്തെ തിരക്കിനും നിരക്കിനും ആശ്വാസമാകുമെന്നും ജെയ്സൺ പറഞ്ഞു.

വൻ സാധ്യതകൾ

rageesh രഗീഷ്

മലബാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വൻ സാധ്യതകളാണ് ഇതിലൂടെ കൈവരികയെന്ന് തലശ്ശേരി സ്വദേശി രഗീഷ് കേലോത്ത് പറഞ്ഞു. സ്വകാര്യ നിക്ഷേപകർക്കു പുതിയ അവസരമുണ്ടാകുമെന്നും ഹോട്ടൽ തുടങ്ങാൻ തനിക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പുനരധിവാസത്തിന് ആഗ്രഹിക്കുന്ന പ്രവാസികൾക്കും ഇതൊരു അവസരമായെടുക്കാമെന്നും കേരളത്തിലെ ഏറ്റവും വലിയ ചരക്കുവ്യവസായം ഇനി കണ്ണൂരിലായിരിക്കും കേന്ദ്രീകരിക്കുകയെന്നും
36 വർഷമായി ഇവിടെയുള്ള രഗീഷ് ചൂണ്ടിക്കാട്ടി.

വലിയ അനുഗ്രഹം

lisa ലിസ

കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിൽനിന്ന് ദിവസേന 30ഓളം ബസുകൾ ബെംഗളൂരുവിലേക്ക് പോകുന്നുണ്ട്. റോഡ് മാർഗം എട്ടു മണിക്കൂർ വരെ എടുത്തിരുന്നത് വിമാനം വരുന്നതോടെ ഒരു മണിക്കൂറിനകം എത്താം. ചെലവ് അൽപം കൂടുമെങ്കിലും ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ജോലിക്കാർക്കും കച്ചവടക്കാർക്കും ഇത് വലിയ അനുഗ്രഹമാകുമെന്ന് അഴീക്കോട് സ്വദേശി ലിസ സജിത് പറഞ്ഞു.

വളരട്ടെ മലബാർ

hamsa ഹംസ

കേരളം കണ്ടതിൽവച്ച് ഏറ്റവും പ്രകൃതി രമണീയമായ സ്ഥലമാണ് വടക്കേ മലബാറിലേത്. പക്ഷേ അവയ്ക്ക് വേണ്ടത്ര പ്രചാരവും പ്രാധാന്യവും കിട്ടിയിരുന്നില്ല. കണ്ണൂർ വിമാനത്താവളത്തിന്റെ വരവോടെ മലബാറിന്റെ വികസനത്തിനുകൂടിയാണ് ചിറകുമുളയ്ക്കുന്നതെന്ന് കണ്ണൂർ സ്വദേശിയും അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സ്പോർട്സ് സെക്രട്ടറിയുമായ ഹംസ നടുവിൽ പറഞ്ഞു.

അഭിമാന നിമിഷം

anoop അനൂപ്

വീട്ടുമുറ്റത്തു പറന്നിറങ്ങുന്ന പ്രതീതിയാണ് തനിക്കെന്ന് 23 വർഷമായി യുഎഇയിലുള്ള കണ്ണൂർ മാവിലായി സ്വദേശി അനൂപ് നമ്പ്യാർ പറഞ്ഞു. പുതിയ ബൈപാസുവഴി വിമാനത്താവളത്തിലെത്താൻ 15 മിനിറ്റു മതി. രാജ്യാന്തര സെക്ടറിലേക്ക് ആദ്യ സർവീസിന് അനുമതി നൽകിയ കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും അതിനായി പ്രവർത്തിച്ച മുൻ സർക്കാരുകളെയും അനൂപ് അഭിനന്ദിച്ചു. രാഷ്ട്രീയം മറന്നുള്ള കൂട്ടായ പ്രയത്നത്തിന്റെ സാക്ഷാത്കാരത്തിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാൻ വക നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സമയം ലാഭിക്കാം

asif ആസിഫ്

യുഎഇയിലെത്തി ഒൻപതു മാസം പിന്നിട്ട കണ്ണൂർ തളിപ്പറമ്പു സ്വദേശി ആസിഫിന് നാട്ടിലേക്കുള്ള ആദ്യയാത്ര തന്നെ കണ്ണൂരിലേക്കാവാമെന്ന സന്തോഷത്തിലാണ്. അബുദാബിയിലേക്ക് പറക്കാൻ ഏതാണ്ട് അഞ്ചു മണിക്കൂറെടുത്താണ് കണ്ണൂരിൽനിന്ന് കോഴിക്കോട്ടെത്തിയത്. കോഴിക്കോടുനിന്ന് അബുദാബിയിലെത്താൻ വിമാനത്തിൽ മൂന്നേമുക്കാൽ മണിക്കൂർ മതി. നാട്ടിൽനിന്ന് ഗൾഫിലെത്തുന്നതിനെക്കാൾ അധികം സമയം സ്വന്തം വീട്ടിലെത്താൻ വേണ്ടിവന്നിരുന്നു. ഇനി കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സ്വന്തം വീട്ടിലെത്താൻ 20 മിനിറ്റിൽ താഴെ മതിയെന്ന സന്തോഷത്തിലാണ് ആസിഫ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.