Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികൾക്ക് തിരിച്ചടി: എയർഇന്ത്യ വിമാനത്തിൽ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾക്ക് അധിക ഫീസ്

അബുദാബി∙ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾക്ക് (അൺ അക്കംപനീഡ് മൈനർ) അധിക ഫീസ് ഏർപ്പെടുത്തി. വൺവേയ്ക്ക് 165 ദിർഹമാണ് അധികം നൽകേണ്ടത്. ഇരുവശത്തേക്കും തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾക്ക് 330 ദിർഹം വിമാന ടിക്കറ്റിന് പുറമെെ നൽകണം. ദേശീയ എയർലൈനായ എയർഇന്ത്യ എക്സ്പ്രസിൽ നേരത്തെ ഇതിനായി പ്രത്യേക നിരക്ക് ഈടാക്കിയിരുന്നില്ല. പുതുതായി ഏർപ്പെടുത്തിയ നിരക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ഈടാക്കും. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കിൽ എയർഇന്ത്യ എക്സ്പ്രസ് ഓഫിസിലെത്തി അധിക തുക അടയ്ക്കേണ്ടിവരും.

യാത്ര റദ്ദാക്കിയാൽ തുക തിരികെ ലഭിക്കില്ല. മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റുകയാണെങ്കിൽ അൺഅക്കംപനീഡ് തുക വീണ്ടും അടയ്ക്കേണ്ട. 5 മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെയാണ് അൺഅക്കംപനീഡ് മൈനർ വിഭാഗത്തിൽ വിമാനത്തിൽ തനിച്ച് യാത്ര ചെയ്യാൻ അനുവദിക്കുക. ഇതിനായി മാതാപിതാക്കളുടെ പാസ്പോർട്ട് കോപ്പി ഉൾപ്പെടെ ബന്ധപ്പെട്ട എയർലൈൻ ഓഫിസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. നാട്ടിലെ വിമാനത്താവളത്തിൽ കുട്ടിയെ സ്വീകരിക്കുന്ന വ്യക്തിയുടെ പേരും നമ്പറും കുട്ടിയുമായുള്ള ബന്ധവും അപേക്ഷയിൽ രേഖപ്പെടുത്തണം. യാത്രാ ദിവസം ചെക്കിൻ കൗണ്ടറിലെത്തിയാൽ കുട്ടിയെ വിമാന ജീവനക്കാർ ഏറ്റുവാങ്ങും.

യാത്രയ്ക്കൊടുവിൽ പ്രസ്തുത വ്യക്തിക്ക് കുട്ടികളെ കൈമാറുകയാണ് ചെയ്യുക. ഗൾഫിൽ വേനൽ അവധി ഉൾപ്പെടെയുള്ള സീസൺ സമയത്ത് റോക്കറ്റുപോലെ കുതിച്ചുയരുന്ന ടിക്കറ്റു നിരക്കിൽനിന്ന് രക്ഷപ്പെടാനാണ് കുട്ടികളെ തനിച്ചയയ്ക്കാൻ രക്ഷിതാക്കൾ നിർബന്ധിതരാവുന്നത്.

 
പ്രവാസികൾക്ക് തിരിച്ചടി; ന‌ടപടിയിൽ വ്യാപക പ്രതിഷേധം


പ്രവാസികളെ സഹായിക്കാനായി തുടങ്ങിയ ദേശീയ എയർലൈനുകളും സ്വകാര്യ എയർലൈനുകളെ പിന്തുടർന്ന് അധിക നിരക്ക് ഏർപ്പെടുത്തുന്നത് വിദേശ ഇന്ത്യക്കാരെ വഞ്ചിക്കലാണെന്ന് കൊല്ലം കരുനാഗപ്പള്ളി സ്വദേശി സൂരജ് പ്രഭാകരൻ പറഞ്ഞു. നാലംഗം കുടുംബത്തിന് സീസൺ സമയത്ത് നാട്ടിൽ പോയി തിരിച്ചുവരാൻ കുറഞ്ഞത് 12,000-14,000 ദിർഹമെങ്കിലും ഈടാക്കും. നേരത്തെ അവധി ആസൂത്രണം ചെയ്യാത്തവർക്ക് സാധാരണത്തേതിനെക്കാൾ അഞ്ചിരട്ടി നൽകിയാലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുണ്ട്. ഈ കൊള്ളയിൽനിന്ന് രക്ഷപ്പെടാനാണ് കുട്ടികളെ തനിച്ചയക്കുന്നതെന്നും അതിനുകൂടി ദേശീയ എയർലൈൻ തടയിടുകയാണെന്നും സൂരജ് പറയുന്നു.നടപടിയിൽ അബുദാബി കേരള സോഷ്യൽ സെന്റർ ശക്തമായ രേഖപ്പെടുത്തി.

അധിക തുക പിൻവലിക്കാൻ സർക്കാർതലത്തിലും അല്ലാതെയും സമ്മർദം ചെലുത്തുമെന്ന് പ്രസിഡൻറ് എ.കെ ബീരാൻകുട്ടി അറിയിച്ചു. എയർഇന്ത്യ, എമിറേറ്റ്സ്, എത്തിഹാദ് അടക്കമുള്ള ഫുൾ എയർലൈനുകളിൽ കുട്ടികളെ തനിച്ച് അയയ്ക്കാമെന്നുവച്ചാൽ ചൈൽഡ് ഫെയറിന് പകരം ഫുൾ ഫെയറാണ് നൽകേണ്ടത്. അതുപക്ഷേ അധിക നിരക്കു ചേർക്കുന്നതിനെക്കാൾ വളരെ കൂടുതലായിരിക്കും. അതുകൊണ്ടാണ് എയർ ഇന്ത്യാ എക്സ്പ്രസിൽ കുട്ടികളെ അയക്കാൻ നിർബന്ധിതാരാവുന്നതെന്നും ഇനി ആ വഴി കൂടി അടയുകയാണെന്നും തിരുവനന്തപുരം അണ്ടൂർകോണം സ്വദേശി ഷർജു അബ്ദുൾ ഷറഫ് പറഞ്ഞു. പ്രവാസികളെ പിഴിഞ്ഞു വരിഞ്ഞുമുറുക്കുന്ന ഏർപ്പാട് നിർത്താൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.