Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉംറയ്ക്കിടെ ഏകമകളെ നഷ്ടമായി, ഹറമിൽ തൊട്ട് ആ മാതാവ് പ്രാർഥിച്ചു; പിന്നെ സംഭവിച്ചത്

hawwa1 ഹവ്വ നസീമ

ദുബായ് ∙ സൗദിയിൽ ഉംറയ്ക്കിടെ കാണാതായ മകളെ തിരിച്ചു കിട്ടാൻ വേണ്ടിയുള്ള പ്രാർഥന ഫലിച്ചാൽ ഖുർആൻ മനപ്പാഠമാക്കിക്കുമെന്ന് മാതാവിന്റെ പ്രതിജ്ഞ. വർഷങ്ങൾക്കു മുൻപാണു സംഭവം. കർണാടക മന്ത്രിയുടെ മകളായ ഹവ്വാ നസീമാണ് ഖുർആൻ മനപാഠമാക്കിയ ആ മകൾ.

ഒൻപതാം ക്ലാസുകാരി ഇന്ന് എത്തിയിരിക്കുന്നത് ദുബായിലെ രാജ്യാന്തര ഹോളി ഖുർആൻ പാരായണ മത്സര വേദിയിൽ. കർണാടക നഗര വികസന–ഹൗസിങ് ബോർഡ് മന്ത്രി യു.ടി.ഖാദറിന്റെ മകളും മലപ്പുറം  മഅ്ദിന്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഹവ്വ നസീമയാണ് ഇൗ മാസം 16 വരെ ദുബായില്‍ നടക്കുന്ന ഷെയ്ഖ് ഫാത്തിമ ബിന്‍ത് മുബാറക് രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തിന്റെ മൂന്നാമത് എഡിഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനെത്തിയത്.

വർഷങ്ങൾക്ക് മുൻപ് സൗദി അറേബ്യയിലെ മക്കയിൽ ഉംറ നിർവഹിക്കാൻ കുടുംബം എത്തിയപ്പോഴാണ് കൊച്ചുകുട്ടിയായ ഏക മകൾ ഹവ്വയെ കാണാതായത്. കഠിന ദുഃഖത്തിലായ യു.ടി.ഖാദറും കുടുംബവും കുട്ടിയെ തിരയാത്ത ഇടമില്ലായിരുന്നു. ഒടുവിൽ കുട്ടിയുടെ മാതാവ്,കാസർകോട് ചട്ടഞ്ചാൽ മുണ്ടോള്‍ സ്വദേശിനിയും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമായ  ലമീസ ഹറമിൽ തൊട്ടു കരഞ്ഞുകൊണ്ട് പ്രാർഥിച്ചു, മകളെ തിരികെ കിട്ടിയാൽ അവളെ ഖുർആൻ മുഴുവനും ഹൃദിസ്ഥമാക്കിക്കുമെന്ന്. 

hawwa കർണാടക മന്ത്രി യു.ടി.ഖാദറും മകൾ ഹവ്വ നസീമയും വാർത്താ സമ്മേളനത്തിൽ

പിറ്റേ ദിവസം ഹവ്വയെ തിരികെ ഹറമിൽ തന്നെ കണ്ടെത്തുകയും ചെയ്തു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഹവ്വ ഖുര്‍ആന്‍ പഠനത്തിനുള്ള തുടക്കം കുറിച്ചത്.  11 വയസ്സായപ്പോഴേക്കും ലക്ഷ്യം കൈവരിച്ചു.  അധ്യാപകരുടെ നിരന്തരമുള്ള പ്രോത്സാഹനം വഴി ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉര്‍ദു, കന്ന‍ഡ, തമിഴ് എന്നീ ഭാഷകളും പഠിച്ചെടുത്തു. ഒഴിവ് സമയത്തിലെ ഹോബി ഖുര്‍ആന്‍ പാരായണം ശ്രവിക്കലും ബുര്‍ദ ആലാപനവുമാണ്. ഡോക്ടറാവുകയും ഇൗ പെൺകുട്ടിയുടെ ജീവിതാഭിലാഷമാണ്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ വനിതകള്‍ക്കായി നടത്തുന്ന രാജ്യാന്തര ഖുർആൻ പാരായണ മത്സരത്തില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികൾ പങ്കെടുക്കുന്നു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ പത്നി ഷെയ്ഖാ ഫാത്തിമാ ബിന്‍ത് മുബാറക്കിന്റെ നാമത്തിൽ സംഘടിപ്പിക്കുന്ന ഹോളി ഖുര്‍ആന്‍ മത്സരം 2016ലാണ് ആരംഭിച്ചത്.

ഖുര്‍ആന്‍ മനപ്പാഠമാക്കിയ 25 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ഒന്നാം സമ്മാനമായി ഏകദേശം 50 ലക്ഷം ഇന്ത്യന്‍ രൂപ(രണ്ടര ലക്ഷം ദിര്‍ഹം) നൽകും.  ദുബായ് അല്‍ മംജൂര്‍ സൈന്റിഫിക് കള്‍ച്ചറല്‍ അസോസിയേഷനിലാണ് പരിപാടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.