Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മലയാളത്തോടു മമത, ദൈവത്തോട് ഉറച്ച സ്നേഹം’

രാജു മാത്യു
Ignatius-Aphrem-II

ദുബായ് ∙ സുറിയാനി സഭാ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്ക് കേരളത്തോടും മലയാളികളോടും പ്രത്യേക മമതയുണ്ട്. അദ്ദേഹം അമേരിക്കയിൽ ആയിരുന്ന കാലം തൊട്ടു തുടങ്ങിയതാണ് ആ പ്രത്യേക അടുപ്പം. മലയാളികളുടെ ഭവനങ്ങൾ സന്ദർശിച്ച കാര്യവും അവരുടെ സ്നേഹോഷ്മളതയുമെല്ലാം ബാവാ നിറഞ്ഞ മനസ്സോടെ ഓർത്തു. കേരള സന്ദർശനത്തിലെ ഒരോ നിമിഷങ്ങളും ഹൃദ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ വർഷത്തെ കേരള സന്ദർശനം ഇത്തിരി കൂടി മെച്ചപ്പെടുത്താമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അതെന്താണ്. അഞ്ചുദിവസത്തെ സന്ദർശനത്തിന് എത്തിയ ബാവാ അതെക്കുറിച്ച് മനോരമയോടു മനസ്സു തുറന്നു

?. കേരള സന്ദർശനം എപ്പോഴും നല്ല ഓർമകളാണെന്ന് പറഞ്ഞല്ലോ. കഴിഞ്ഞ സന്ദർശനം

അതെ, കേരളവും മലയാളികളുമെല്ലാം എന്നോടു കാണിക്കുന്ന സ്നേഹാദരങ്ങൾ വളരെ വലുതാണ്. സന്ദർശനത്തിന്റെ ഒരോ നിമിഷവും ഓർമിക്കത്തക്കതാണ്. കഴിഞ്ഞ വർഷത്തെ സന്ദർശനം അൽപം കൂടി മെച്ചപ്പെടാമായിരുന്നു എന്ന തോന്നലുണ്ട്. സഭാ തർക്കത്തെ തുടർന്നുള്ള അനുരഞ്ജന ശ്രമങ്ങൾ വിജയിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു.

?. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടല്ലോ, അതെക്കുറിച്ച്

അദ്ദേഹം തുറന്ന മനസ്സോടെയാണ് കാര്യങ്ങൾ കേട്ടത്. അനുരഞ്ജന ചർച്ചയ്ക്ക് വഴിതെളിക്കാമെന്നും പറഞ്ഞു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചർച്ചകൾ നടക്കണം. എല്ലാ ഭാഗത്തിനും സ്വീകാര്യമായ നിലയിൽ പരിഹാരമുണ്ടാകണം.

? ഇനി കേരളത്തിലേക്ക് 

തിയതിയും മറ്റും നിശ്ചയിച്ചിട്ടില്ല. എന്റെ സാന്നിധ്യം കൊണ്ട് പ്രശ്നപരിഹാരവും മറ്റും ഉണ്ടാവുമെങ്കിൽ ഏതു നിമിഷവും കേരളത്തിലേക്ക് പോകാൻ സന്തോഷമാണ്, സന്നദ്ധനാണ്.

? പ്രശ്ന പരിഹാരത്തെ സംബന്ധിച്ച് എന്തെങ്കിലും ധാരണകളോ, സമവാക്യങ്ങളോ മനസ്സിലുണ്ടോ

സമാധാനപരമായ ചർച്ചക ഉണ്ടാകണം. രണ്ടു സഹോദരീ സഭകളായി നിന്നുകൊണ്ടുള്ള പ്രശ്നപരിഹാരത്തിനും തയാറാണ്. അത് പരസ്പര സമ്മതത്തോടെയും അംഗീകാരത്തോടെയും ആകണം. വിശ്വാസികൾക്ക് ദേവാലയങ്ങളിൽ സമാധാനത്തോടെ ശുശ്രൂഷകളിൽ പങ്കെടുക്കാൻ കഴിയണം.

? കെയ്റോയിൽ സെപ്റ്റംബറിൽ വച്ചിരുന്ന ചർച്ചകൾ

ഇല്ല, അതു നടന്നില്ല. ഒരു വിഭാഗം ആ ക്ഷണം നിരസിച്ചതോടെ ആ ചർച്ച സാധ്യമായില്ല. കോപ്റ്റിക് സഭാധ്യക്ഷനും മറ്റും മുൻകൈയ്യെടുത്താണ് ആ ചർച്ച നടത്താൻ തീരുമാനിച്ചത്.

? ദുബായിലെ വിശ്വാസികളോട് പറയാനുള്ളത്. ഇവിടുത്തെ സഭയെക്കുറിച്ചുള്ള പദ്ധതികൾ

ഇവിടെ കാര്യക്ഷമമായിത്തന്നെ ചിട്ടയോടെ സഭ പോകുന്നു. ഭാവിയിൽ ഒരു ഭദ്രാസനമായി മാറ്റണമെന്നാണ് ആലോചിക്കുന്നത്. നമ്മളെല്ലാം വിശ്വാസത്തിൽ ഒന്നായി മുന്നോട്ടു പോകണം. കേരളത്തിൽ നിന്നുള്ളവർ അവരുടെ പാരമ്പര്യത്തിലും പൂർവപിതാക്കന്മാരുടെ വിശ്വാസത്തിലും ഉറച്ചു മുന്നോട്ടു തന്നെ പോകട്ടെ. സഭയുടെയും അടിയുറച്ച വിശ്വാസത്തിന്റെയും പ്രതിനിധികളാണ് അവർ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

? സഭയിലെ യുവജനങ്ങളോട്

സത്യത്തിൽ നല്ല മാതൃകകൾ യുവാക്കൾക്ക് കാണിച്ചു കൊടുക്കാൻ കഴിയുന്നുണ്ടോ എന്നു സംശയമാണ്. സഭാ ജീവിതത്തിന്റെ ശരിയായ മാതൃക കാണിച്ചു കൊടുക്കേണ്ടതാണ് യുവാക്കൾക്ക്. സമാധാനത്തിന്റെ അന്തരീക്ഷത്തിൽ യുവാക്കൾ വളരട്ടെ. പുറമെ ധാരാളം സംഘർഷങ്ങളും വെല്ലുവിളികളും അവർ നേരിടുന്നു. അതു കൂടാതെ അന്തർസംഘർഷങ്ങളും അവർക്ക് നൽകാതിരിക്കാനുള്ള ചുമതല സഭയ്ക്കുണ്ട്. 

? ഏറ്റവും സ്വാധീനിച്ച ബൈബിൾ വചനം

ദൈവം സ്നേഹമാണ്. അതെ ആ സ്നേഹത്തിൽ അടിയുറച്ച് വിശ്വസിച്ചാൽ, വളർന്നാൽ പിന്നെ ഒരു പ്രശ്നവുമില്ല. 

? മലാളികളോട് ഏറെ ഇഷ്ടമാണെന്നറിയാം. ചില മലയാളം വാക്കുകളും അറിയാമെന്ന് അറിയാം. പെട്ടെന്ന് ഒരു വാക്ക് പറയാമോ

നന്ദി. അദ്ദേഹം നിറഞ്ഞു ചിരിച്ചു കൊണ്ടു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.