Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയുമായി മുന്നോട്ട്, തിരക്കഥ വിഷയമല്ല; ‘രണ്ടാമൂഴം’ വിവാദത്തിൽ നിലപാട് വ്യക്തമാക്കി നിർമാതാവ്

lal-shetty-mt

അബുദാബി ∙ മഹാഭാരതം സിനിമയ്ക്കായുള്ള തിരക്കഥ പ്രശസ്ത സാഹിത്യകാരനായ എം.ടി. വാസുദേവന്‍ നായര്‍ തിരിച്ചു വാങ്ങിയതിനെക്കുറിച്ചു ഒന്നും അറിയില്ലെന്ന് നിർമാതാവും പ്രമുഖ പ്രവാസി വ്യവസായിയുമായ ഡോ.ബി.ആര്‍ ഷെട്ടി. മഹാഭാരതം പോലുള്ള വലിയൊരു കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകൊയാണ് ലക്ഷ്യം. സിനിമയുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഇതുമായി മുന്നോട്ട് പോകുന്നുണ്ട്. മലയാളവും ഹിന്ദിയും  ഉള്‍പ്പെടെ പല ഭാഷകളിലായി സിനിമ നിര്‍മിക്കും. ഇക്കാര്യത്തിൽ ഒരു മാറ്റവും ഇല്ലെന്നും അദ്ദേഹം അബുദാബിയിൽ പറഞ്ഞു. 

shetty സംവിധായകൻ ശ്രീകുമാർ മേനോൻ നിർമാതാവും പ്രമുഖ പ്രവാസി വ്യവസായിയുമായ ഡോ.ബി.ആര്‍ ഷെട്ടി എന്നിവർ (ഫയൽ ചിത്രം)

എം.ടി.വാസുദേവൻ നായർ എന്ന മഹാനായ എഴുത്തുകാരനോടും അദ്ദേഹത്തിന്റെ സാഹിത്യ കൃതികളോടും മറ്റും എന്നും ബഹുമാനമേയുള്ളൂ. എങ്കിലും തിരക്കഥയുടെ കാര്യത്തില്‍ പ്രത്യേകിച്ച് നിര്‍ബന്ധമില്ല. ഇതുസംബന്ധിച്ച് ഇപ്പോള്‍ എംടി നടത്തിയ പ്രസ്താവനയെ കുറിച്ചും അറിയില്ല. മഹാഭാരതത്തിന് വേണ്ടി പണം മുടക്കാന്‍ തയാറായ ഒരു ഇന്ത്യക്കാരന്‍ മാത്രമാണ് ഞാന്‍. സിനിമ നിര്‍മാണം എന്റെ ജോലിയല്ല. എന്നാല്‍ മഹാഭാരതം എന്ന മഹത്തായ കൃതിയെ സിനിമയിലൂടെ വരും തലമുറക്ക് വേണ്ടി ചരിത്രമാക്കി ബാക്കിവെക്കണം എന്നതാണ് എന്റെ സ്വപ്നം. ആ സ്വപ്ന പദ്ധതിയില്‍ നിന്ന് മാറിയിട്ടില്ല. അത് യാഥാർഥ്യമാക്കുക തന്നെ ചെയ്യും. ആരുടെ തിരക്കഥ എന്നത് വിഷയമാവുന്നില്ല. മഹാഭാരതം എന്ന സിനിമയല്ലാതെ രണ്ടാമതൊരു സിനിമ നിര്‍മിക്കുകയുമില്ല. ഒരു യഥാർഥ ഇന്ത്യക്കാരനാണ് ഞാന്‍. ആ ചിന്ത മാത്രമാണ് സിനിമക്ക് പിന്നിലുള്ള പ്രചോദനമെന്നും ഷെട്ടി പറഞ്ഞു. 

എം.ടി.വാസുദേവൻനായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമിക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ആയിരം കോടി രൂപ ചെലവഴിച്ചുള്ള മഹാഭാരതം എന്ന ചിത്രം കഴിഞ്ഞ വർഷം ജൂൺ നാലിന് അബുദാബിയിൽ വാർത്താ സമ്മേളനത്തിലാണ് ഷെട്ടി പ്രഖ്യാപിച്ചത്. ചിത്രം മലയാളത്തിൽ പുറത്തിറങ്ങുക രണ്ടാമൂഴം എന്ന പേരിൽ തന്നെയായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. 1970കളിൽ യുഎഇയിലെത്തിയ കർണാടകയിലെ മംഗലാപുരം സ്വദേശിയായ ഷെട്ടി പിന്നീട് വൻ വ്യവസായിയായി മാറുകയായിരുന്നു. അബുദാബി ആസ്ഥാനമായുള്ള എൻഎംസി ഹെൽത്ത് കെയറിൻ്റെയും യുഎഇ എക്സ്ചേഞ്ചിൻ്റെ ചെയർമാനാണദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.