Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ ട്രക്കിലെ കോടികളുമായി മുങ്ങി: പാക്ക് സ്വദേശികളുടെ അപ്പീൽ തള്ളി, കുടുക്കിയത് സിസിടിവി

truck-robbery

ദുബായ് ∙ ദുബായിലെ പണമിടപാടു സ്ഥാപനത്തിൽ നിന്നും 14 ദശലക്ഷം ദിർഹം (ഏതാണ്ട് 26 കോടിയിൽ അധികം രൂപ) തട്ടിയെടുത്ത കേസിൽ മൂന്ന് ഡ്രൈവർമാർ ഉൾപ്പെടെ ഏഴു പേരുടെ അപ്പീൽ കോടതി തള്ളി. പാക്കിസ്ഥാൻ സ്വദേശികളായ ഇവർ ഏഴു പേരും മൂന്നു വർഷം തടവു ശിക്ഷ അനുഭവിക്കണം. ഇതിനു ശേഷം പ്രതികളെ നാടുകടത്താനും അപ്പീൽ കോടതി പ്രസീഡിങ്ങ് ജഡ്ജ് ഐസ അൽ ഷരീഫ് ഉത്തരവിട്ടു.

ഇക്കഴിഞ്ഞ ജൂണിലാണ് ദുബായ് പ്രാഥമിക കോടതി മൂന്നു വർഷം ജയിൽ ശിക്ഷ വിധിച്ചത്. ഇത് ചോദ്യം ചെയ്താണ് പ്രതികൾ അപ്പീൽ കോടതിയെ സമീപിച്ചത്. എന്നാൽ, പ്രതികളുടെ ആവശ്യം കോടതി നിരാകരിച്ചു. 2017 ഓഗസ്റ്റ് മാസമാണ് സംഭവം ഉണ്ടായത്. ദുബായിലെ വിവിധ ബാങ്കുകളിലേക്കും പണമിടപാട് സ്ഥാപനങ്ങളിലേക്കും നൽകാനുള്ള പണവുമായാണ് സംഘം മുങ്ങിയത്.

കേസിൽ അറസ്റ്റിലായ 37 ഉം 30ഉം വയസ്സുള്ള പാക്ക് ഡ്രൈവർമാർ കുറ്റം സമ്മതിച്ചു. എന്നാൽ, മറ്റുള്ളവർ കുറ്റം നിഷേധിച്ചു. മൂന്നു ഡ്രൈവർമാരെ കൂടാതെ നാലു പേർ തങ്ങളെ സഹായിച്ചുവെന്ന് 37 വയസ്സുള്ള പ്രതി സമ്മതിച്ചു. പണം പാക്കിസ്ഥാനിലേക്ക് അയച്ചു കൊടുക്കാനായിരുന്നു പദ്ധതിയെന്നും ഇയാൾ കോടതിയിൽ വെളിപ്പെടുത്തി.

സിസിടിവി ‘കണ്ണുകൾ’ പ്രതികളെ കുടുക്കി

അൽ ഗുറൈർ സെന്ററിനടുത്തെ എടിഎം മെഷീനിൽ പണം നിറയ്ക്കാനായി വന്ന പണമിടപാട് കമ്പനിയുടെ വാഹനത്തിൽ നിന്നാണ് സംഘം പണം തട്ടിയത്. മണി ട്രാൻസ്ഫര്‍ വാഹനത്തിന്‍റെ ഡ്രൈവറായ പാക്ക് സ്വദേശിയുമായി ബന്ധപ്പെടനാകുന്നില്ലെന്ന് നേപ്പാൾ സ്വദേശികളായ രണ്ട് സുരക്ഷാ ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് പണവുമായി കടന്നുകളഞ്ഞ കാര്യം തിരിച്ചറിയുന്നത്. ഉടൻ സ്ഥലത്തെത്തി ഡ്രൈവറുടെ മൊബൈലിലേയ്ക്ക് വിളിച്ചപ്പോൾ റിങ് ചെയ്തെങ്കിലും എടുത്തില്ല. പിന്നീട് നടത്തിയ തിരച്ചിലിൽ ഇവരുടെ വാഹനം തൊട്ടടുത്ത് പാർക്ക് ചെയ്തതായി കണ്ടെത്തി. എന്നാൽ, 37കാരനായ ഡ്രൈവർ അതിലുണ്ടായിരുന്നില്ലെന്നുമാണ് സുരക്ഷാ മാനേജരുടെ മൊഴി.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ സുരക്ഷാ ക്യാമറയുടെ ബന്ധം വിച്ഛേദിച്ചതായി കണ്ടെത്തി. തൊട്ടടുത്ത സുരക്ഷാ ക്യാമറ പരിശോധിച്ചപ്പോൾ ഡ്രൈവർ തന്റെ നാട്ടുകാരായ രണ്ടു പേരോടൊപ്പം പണമടങ്ങിയ ബാഗുമായി കാറിൽ കയറുന്നതും തുടർന്ന് വിജനമായ പ്രദേശത്ത് കാർ ഉപേക്ഷിച്ച് മൂവരും ടാക്സിയില്‍ കയറി രക്ഷപ്പെടുന്നതു മറ്റൊരു സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തി. ശേഷം ലഭിച്ച സൂചനകൾ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്നുപേരെയും ഷാർജയിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് മറ്റു നാലു പാക്കിസ്ഥാനികൾ സഹായം ചെയ്തതായും കണ്ടെത്തുകയായിരുന്നു. ഇവരെയും പൊലീസ് പിടികൂടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.