Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വസിച്ചാലും ഇല്ലെങ്കിലും റിപ്ലി ലോകം ഇവിടെ; വാഫി മാളിൽ പ്രദർശനം കണ്ടു കണ്ണു തള്ളാം

രാജു മാത്യു
Ripley1

ദുബായ് ∙ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം ഉറപ്പ്. ഊദ്മേത്തയിലെ വാഫി മാളിൽ എത്തുന്ന ആളുകൾ അന്തംവിടുകയാണ്. ആനപക്ഷിയുടെ മുട്ട, ലോകത്തെ ഏറ്റവും വലിയ പല്ലിയുടെ അസ്ഥികൂടം, കരയിൽ ഓടുകയും വെള്ളത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്ന സ്കൂട്ടർ, ടയർകൊണ്ട് 20 അടി വലുപ്പത്തിൽ നിർമിച്ച ടിറാനോസോർ, കുപ്പിക്കുള്ളിലെ കപ്പൽ.... ഇതൊക്കെ കൺമുന്നിൽ കാണുമ്പോൾ എങ്ങനെ വിശ്വസിക്കും, വിശ്വസിക്കാതിരിക്കും. ‘റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട്’ എന്ന പ്രശസ്ത പരിപാടിയിലെ 75 കൗതുക വസ്തുക്കളുടെ പ്രദർശനമാണ് മാളിൽ ആരംഭിച്ചത്. 

Ripley2

തായ്‌ലാന്റിലെ കലാകാരന്മാരുടെ സൃഷ്ടിയാണ് 20 അടി വലുപ്പത്തിലുള്ള ഡൈനോസോർ ഭീമനായ ടിറാനോസോർ. റീസൈക്കിൾ ചെയ്ത ടയറുകൊണ്ടാണ് ഇതു നിർമിച്ചിരിക്കുന്നുത്. ഇന്നു ജീവിച്ചിരിക്കുന്ന എല്ലാ പക്ഷികളുടെയും മുതുമുത്തച്ഛനാണ് ഈ ഭീമാകാരനെന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുന്നത്. പക്ഷേ, അതാണ് സത്യമെന്ന് ശാസ്ത്രജ്ഞൻമാർ കണ്ടെത്തിയെന്ന് റിപ്ലീസ് കുറുപ്പിൽ വ്യക്തമാക്കുന്നു. ടയറുകൊണ്ടു നിർമിച്ച സിംഹങ്ങളുമുണ്ട്. 

നൂറുകണക്കിന് കാറുകളുടെ ഉപയോഗിച്ച യന്ത്രസാമഗ്രികൾ കൊണ്ടു നിർമിച്ച റോബോട്ടാണ് മറ്റൊരു ഭീമൻ കാഴ്ച വസ്തു. നിസാര തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് നിർമിച്ചിരിക്കുന്നത് 7.5 അടി നീളമുള്ള ടൈറ്റാനിക് കപ്പൽ രൂപമാണ്. 15000 തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് പാട്രിക് ആക്ടൻ എന്ന ശിൽപി നിർമിച്ചത് ആവിയിൽ ഓടുന്ന പട്ടാളത്തീവണ്ടിയുടെ മാതൃകയാണ്. 

Ripley3

പല്ലുകുത്തി പോലും ഇവിടെ പാഴല്ലെന്ന് തെളിയുകയാണ്. 2,50,000 പല്ലുകുത്തികളിൽ 7,50,000 സുഷിരങ്ങൾ നിർമിച്ച് കൂട്ടിയോജിപ്പിച്ച നിർമിച്ച കൊട്ടാരസദൃശ്യമായ കെട്ടിടമാണ് മറ്റൊരു വലിയ വിസ്മയം. വിയറ്റ്നാം വാസ്തുശിൽപി ലോങ് ഹൊയാങ് രൂപകൽപ്പന ചെയ്ത ഈ തലസ്ഥാന മന്ദിരം ലിൻ വൂങ് എന്നയാളും കുടുംബവും ചേർന്ന് ഏഴുമാസമെടുത്താണ് 2016ൽ പൂർത്തീകരിച്ചത്. ഇതിൽ ഒരിറ്റുപോലും പശ ഉപയോഗിച്ചിട്ടില്ലെന്ന് അറിയുമ്പോഴാണ് അത്ഭുതം. രാത്രിയിൽ ഇതിന്റെ നിറം മാറുന്ന സംവിധാനവും ഉള്ളിൽത്തന്നെ നിർമിച്ചിരിക്കുന്നതാണ് എന്ന് അറിയുമ്പോൾ ആളുകൾ ഒന്നുകൂടി അമ്പരക്കുന്നു. 

Ripley4

ആക്രി ഇരുമ്പു സാധനങ്ങൾ കൊണ്ടു നിർമിച്ച ഭീമാകാരനായ ഹൾക്ക് (നമ്മുടെ അതിശയൻ സിനിമയിലെ ഭീമാകാരൻ), പീയാനോയിലെ സാധനങ്ങൾ കൊണ്ടു നിർമിച്ച ചലിക്കുന്ന കുതിര എന്നിവയും കാണികളെ വിസ്മയം കൊള്ളിക്കുന്നു. ലഘുപാനീയം കുടിക്കാനുപയോഗിക്കുന്ന സ്ട്രോ കൊണ്ടു നിർമിച്ച പുലി മറ്റൊരു കാര്യം കൂടി പഠിപ്പിക്കുന്നു. അമേരിക്കയിൽ പ്രതിദിനം 500 ദശലക്ഷം സ്ട്രോകളാണ് ഉപയോഗിക്കുന്നത്. അതായത് ഏതാണ് 127 സ്കൂൾ ബസുകളിൽ കുത്തിറിയ്ക്കാവുന്ന അത്രയും.

Ripley5

രോഗങ്ങൾ മാറ്റാൻ വരെ കഴിവുള്ളതെന്ന് വിശ്വസിച്ചിരുന്ന ചൈനീസ് കല്ലുകളായ ജേഡുകൾ കൊണ്ടു നിർമിച്ച 200 പൗണ്ട് തൂക്കമുള്ള കപ്പൽ, ആഢ്യരായ ബ്രിട്ടീഷുകാർ ആറുപേർ വരെ യാത്രചെയ്തിരുന്ന 19-ാം നൂറ്റാണ്ടിലെ റോൾസ് റോയ്സ്, നൂലുണ്ടകൾ കൊണ്ടു നിർമിച്ച രൂപം തുടങ്ങിയവയെല്ലാം ആകർഷകങ്ങളാണ്. ദക്ഷിണ പെസഫിക്കിലെ ചെറിയ ദ്വീപിൽ ജീവിച്ചിരുന്ന 300 പൌണ്ട് വരെ തൂക്കം വരുന്ന ലോകത്തെ ഏറ്റവും വലിയ പല്ലിയുടെ അസ്ഥികൂടം, 183 കോഴിമുട്ടയുടെ വലുപ്പവും 12 ഇഞ്ച് ഉയരവും ഉള്ള മെഡഗാസ്കറിലെ ആനപ്പക്ഷി മുട്ട എന്നിവയാണ് മറ്റ് അത്ഭുതങ്ങൾ. 

Ripley6

17-ാം നൂറ്റാണ്ടിൽ ഭൂമുഖത്തു നിന്നേ അപ്രത്യക്ഷമായതാണ് ഈ പക്ഷി എന്ന് അറിയുമ്പോഴാണ് ആ മുട്ട എന്തൊരു മുട്ടയാണെന്ന് അറിയാതെ പറഞ്ഞുപോകുന്നത്. തടിയിൽ നിർമിച്ചിരിക്കുന്നതാണ് വെസ്പ സ്കൂട്ടറിന്റെ ആദ്യമോഡൽ. ഇത് വെള്ളത്തിലിട്ടാൽ അതേ പോലെ പൊങ്ങിക്കിടക്കും. റോഡിലൂടെ ഓടുകയും ചെയ്യും. കോഴിക്കൂടിന് ഉപയോഗിക്കുന്ന ഇരുമ്പുവല കൊണ്ടു നിർമിച്ച സിംഹം, ഇരുമ്പു സാമഗ്രികൾ കൊണ്ടു നിർമിച്ച ഭീമൻ കുതിര, പോസ്റ്റ് കാർഡുകൾ കൊണ്ടു നിർമിച്ച വാൻഗോവ് ചിത്രം, റോസാദലങ്ങൾ കൊണ്ടു നിർമിച്ച ജെന്നിഫർ ലോറൻസിന്റെ ചിത്രം, ടോസ്റ്റ് ചെയ്ത ബ്രെഡുകൊണ്ടുള്ള മോണലീസ ചിത്രം തുടങ്ങിയവയെല്ലാം കണ്ട് കണ്ണു മിഴിക്കുകയാണ് ആളുകൾ. 

Ripley7

പത്തനാപുരം സ്വദേശിയായ രൂപേൻ, തൃശൂർ സ്വദേശിയായ ജെറി, തിരുവനന്തപുരം സ്വദേശി ജെറി ഇവരെല്ലാം കുടുംബസമേതമാണ് ഈ അത്ഭുത കാഴ്ച കാണാനെത്തിയത്. 

Ripley8

1918 ലാണ് റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട് പ്രദർശനം റോബർട്ട് റിപ്ലി ആരംഭിച്ചത്. ഇത് നൂറാം വർഷമാണ്. ആദ്യമായാണ് റിപ്ലിയുടെ പ്രദർശനം ദുബായിൽ എത്തുന്നത്. നവംബർ വരെ പ്രദർശനം തുടരും.

Ripley9
Ripley10
Ripley11
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.