Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽ കടന്നൊരു കാരുണ്യ മാതൃക; മകന്റെ അവയവങ്ങൾ ദാനം ചെയ്യാനൊരുങ്ങി മാതാപിതാക്കൾ

jobins ജോബിൻസ്

ഇരിട്ടി ∙ കുടുംബത്തെ കരകയറ്റുന്നതിനായി ഖത്തറിൽ എത്തിയ മകന്റെ ദാരുണാന്ത്യത്തിലും മനസ്സു പതറാതെ അവയവദാനത്തിനു സമ്മതം നൽകി മാതാപിതാക്കളുടെ കാരുണ്യ മുഖം. കടൽ കടന്നെത്തി ഒരു വർഷം തികയും മുൻപു രോഗം ബാധിക്കുകയും മസ്തിഷ്‌കാഘാതത്തെത്തുടർന്ന് മരിക്കുകയും ചെയ്ത അയ്യൻകുന്ന് ഉരുപ്പുംകുറ്റിയിലെ ജോബിൻസ് ജോസഫിന്റെ (28) ആന്തരികാവയങ്ങളാണ് ദോഹയിൽ തന്നെയുള്ളവർക്ക് നൽകാൻ മാതാപിതാക്കളായ കളത്തിൽ (കൊട്ടാരത്തിൽ) ജോസഫും സിസിലിയും അനുമതി നൽകിയത്. 

ജോബിൻസ് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദോഹയിൽ റസ്റ്ററന്റ് ജീവനക്കാരനായി ജോലിയിൽ പ്രവേശിക്കുന്നത്. രണ്ടു മാസം മുൻപ് പക്ഷാഘാതത്തിന്റെ രൂപത്തിലായിരുന്നു വിധിയുടെ പരീക്ഷണം തുടങ്ങുന്നത്. ഹമദ് ആശുപത്രിയിൽ ചികിത്സയിലായി.

മൂന്നാഴ്ച മുൻപ് ബോധം തിരിച്ചുകിട്ടി ലഘു ഭക്ഷണം കഴിച്ചു തുടങ്ങിയെങ്കിലും വീണ്ടും രോഗം മൂർഛിക്കുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തു. ആശുപത്രി അധികൃതർ ഹമദ് മെഡിക്കൽ കോർപറേഷന്റെ അവയവദാന ക്യാംപെയ്ന്റെ ഭാഗമായി മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതമാണോയെന്ന് അന്വേഷിച്ചപ്പോൾ മാതാപിതാക്കൾ സമ്മതം അറിയിക്കുകയായിരുന്നു.

നാട്ടിൽ നിന്നുള്ള ഔദ്യോഗിക നടപടി ക്രമങ്ങളും പൂർത്തീകരിച്ചു നൽകി. ബുധനാഴ്ചയോടെ മരണം സ്ഥിരീകരിച്ചു. വൃക്കകളും കരളും എടുത്തതായി ആശുപത്രി അധികൃതർ കുടുംബാംഗങ്ങളെ അറിയിച്ചു.കുടുംബത്തെ കരകയറ്റാനുള്ള ശ്രമത്തിനിടയിൽ മകൻ നഷ്ടപ്പെട്ടതോടെ ജീവിതവഴിയിൽ പതറി നിൽക്കുകയാണ് ജോസഫും സിസിലിയും. 

സഹോദരൻ: റോബിൻ. സംസ്‌കാരം ഇന്ന് നാലിന് ഉരുപ്പുംകുറ്റി സെന്റ് മേരീസ് പള്ളിയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.