ദുബായ്∙ മലയാളത്തിന് അത്ര സുപരിചിതമല്ലാത്ത വെബ് സീരീസുമായി പ്രവാസി മലയാളികൾ. ദുബായിയില്‍ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മഹേഷ് പി. നായര്‍ സംവിധാനം ചെയ്ത ത്രില്ലർ ഗണത്തിൽപ്പെടുന്ന ഹെൽ മേറ്റ് ആണ് അഞ്ച് എപിസോഡുകളിൽ ആദ്യത്തേതായി പുറത്തിറങ്ങിയിരിക്കുന്നത്. നിജയ് ഘോഷ് തിരക്കഥ എഴുതിയ ഹ്രസ്വചിത്രം യുട്യൂബിൽ റിലീസായി. സംവിധായകന് ഉമര്‍ ലുലുവാണ് ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചത്.
സിനിമാ മോഹവുമായി ദുബായിൽ ഒത്തുചേർന്ന കുറേ മലയാളികളുടെ ചിന്തയിൽനിന്നുയർന്ന ആശയമാണ് മലയാളത്തിന് ഹ്രസ്വചിത്രങ്ങളുടെ ആദ്യത്തെ വെബ് സീരീസ്. ഒരുകഥയെ ചുരുങ്ങിയ സമയത്തിലൊതുക്കാതെ ഓരോ എപ്പിസോഡുകളാക്കി അവതരിപ്പിക്കുന്ന രീതിയാണ് വെബ് സീരീസുകൾ. അന്യഭാഷകളില്‍ ഇത്തരം ചിത്രങ്ങൾ ഒരുപാട് പുറത്തിറങ്ങുന്നുണ്ട്. എന്നാൽ മലയാളത്തിൽ ഇതാദ്യമാണെന്ന് മഹേഷ് പി.നായർ പറയുന്നു. ഒരു കൊലപാതകിയുടെ ജീവിതത്തെ ആധാരമാക്കിയാണ് ഹെൽ മേറ്റിൻ്റെ കഥ പുരോഗമിക്കുന്നത്. ഒരു എപിസോഡിന് ഏഴ് മിനിറ്റാണ് ദൈര്‍ഘ്യം.
ചലച്ചിത്ര താരങ്ങളായ ഷാജു ശ്രീധര്‍, രാജേഷ്ബാബു, നിതിന്‍ സൈനുദ്ദീന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ പത്തോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ഒരു സിനിമാക്കാരന്, ടേക്ക്ഓഫ്, ആന അലറലോടലറല്‍, ഹിന്ദി ചിത്രം റെയ്സ് 3 എന്നീ ചിത്രങ്ങളില്‍ രാജേഷ് ബാബു ചെയ്ത കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിമിക്രിയിലൂടെ മലയാള സിനിമായിലേയ്ക്കെത്തിയ ഷാജു സിനിമ, സീരിയൽ പ്രേക്ഷകർക്ക് സുപരിചിതനാണ്. നിതിന്‍ സൈനുദ്ദീന്‍ അടുത്തിടെ ഇറങ്ങിയ ചങ്ക്സ്, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളില്‍ വിവിധ വേഷങ്ങൾ ചെയ്തിരുന്നു.
മറ്റ് അണിയറപ്രവർത്തകർ: ഛായാഗ്രഹണവും എഡിറ്റിങ്ങും: വൈശാഖ്, ക്യാമറ അസിസ്റ്റന്റ്: സഗീത്, സംഗീതം: രതീഷ് റോയി, മേക്കപ്പ്: ഷിജി താനൂര്‍, ഫൊട്ടോഗ്രഫര്‍: ബിജു എച്ച്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: കിരണ്‍ ഗോപാലകൃഷ്ണന്, മുഹമ്മദ് സഹല്‍, ഫലാല്‍. ഏതന്‍സ് പ്രൊഡക്ഷന്‍സിന്റെ ജെന്‍സി സാമുവലും ഡ്രീം സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓരോ മാസവും ഓരോ എപ്പിസോഡുകള്‍ പുറത്തിറക്കി ജനുവരിയോടെ സീരീസ് പൂർത്തിയാക്കാനാണ് തീരുമാനം. മഹേഷ് പി. നായര്‍– നിജയ് ഘോഷ് കൂട്ടുകെട്ടിന്റെ മുന്‍ വര്‍ഷങ്ങളില്‍ ഇറങ്ങിയ നിശാഗന്ധിയും പ്ലാന്‍ ഡിയും പ്രേക്ഷകർ സ്വീകരിച്ചിരുന്നു.