Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇ ലോകത്തെ പ്രബലമായ പാസ്പോർട്ടിൽ ആദ്യ പത്തിൽ; അറബ് ലോകത്ത് നമ്പർ വൺ

uae-passport

അബുദാബി ∙ ആഗോള സാമ്പത്തിക ഉപദേശക സ്ഥാപനമായ ആർടൻ ക്യാപിറ്റൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ആഗോള സൂചികയിൽ ലോകത്തെ പ്രബലമായ പാസ്‌പോർട്ടുകളിൽ യുഎഇ പാസ്‌പോർട്ട് ഒൻപതാം സ്ഥാനത്ത്. 157 രാജ്യങ്ങളുടെ ആഗോള പാസ്‌പോർട്ട് ഇൻഡക്‌സിൽ ലോക റാങ്കിങിൽ ഒമ്പതാം സ്ഥാനം നേടിയ യുഎഇ പാസ്‌പോർട്ടാണ് അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത്.

ഇപ്പോൾ മുൻകൂർ വീസയില്ലാതെ ലോകമെമ്പാടുമുള്ള 157 രാജ്യങ്ങൾ സന്ദർശിക്കാൻ യുഎഇ പാസ്‌പോർട്ടുള്ളവർക്കാവുന്നു. അബുദാബി എക്‌സിക്യുട്ടീവ് കൗൺസിൽ വൈസ് ചെയർമാൻ ഷെയ്ഖ് ഹസ്സാ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ യുഎഇയുടെ ഈ നേട്ടത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ചു. 

യുഎഇ ഭരണ നേതൃത്വത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള നയ സമീപനങ്ങളുടെയും കാഴ്ചപ്പാടിന്റെയും പുതിയ സൂചനയാണിതെന്നും സായിദ് വർഷാചരണത്തോടനുബന്ധിച്ച് യുഎഇക്കു ലഭിച്ച അംഗീകാരമായി ഇതിനെ കാണുന്നതായും ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. രാജ്യാന്തര തലങ്ങളിൽ യുഎഇക്കു ലഭിക്കുന്ന ആദരവും ബഹുമാനവും പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം. യുഎഇ സഹിഷ്ണുതാ നയം, മറ്റു രാജ്യങ്ങളുമായുള്ള സഹവർത്തിത്വം, സമാധാനം എന്നിവയും ഈ നേട്ടത്തിനിടയാക്കിയതായി വിലയിരുത്തുന്നു. 

ലോകത്തിലെ ഒന്നാം സ്ഥാനത്തുള്ള രാജ്യം സിങ്കപ്പൂരാണ്. 2016 ആഗസ്റ്റ് വരെ വീസയില്ലാതെ യുഎഇ പാസ്‌പോർട്ടുള്ളവർക്ക് സന്ദർശനാനുമതി ലഭിച്ചിരുന്നത് 91 രാജ്യങ്ങളിൽ മാത്രമായിരുന്നു. രണ്ടു വർഷത്തിനകമാണ് 57 രാജ്യങ്ങളിൽ ഈ സൗകര്യം ലഭിച്ചത്. യുഎഇ പാസ്‌പോർട്ടിന്റെ പ്രഭാവം വളരെ പെട്ടെന്നാണ് ലോക രാജ്യങ്ങൾ അംഗീകരിച്ചത്. 

പല കാരണങ്ങളാൽ ലോകത്ത് യുഎഇ വൻ തോതിൽ സ്വാധീനിക്കുകയും സാങ്കേതിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിൽ ലോകത്തിലെ ഏറ്റവും നൂതന രാജ്യങ്ങളിലൊന്നായി യുഎഇ മാറുകയും ചെയ്തതും നേട്ടത്തിനു കാരണമാണ്. കാഴ്ചപ്പാടുകളും പ്രതിബദ്ധതയും യുഎഇയെ ആധുനിക സുസ്ഥിര രാജ്യമാക്കിയതോടൊപ്പം അതിവേഗം വളരുന്നതും യുഎഇ പാസ്‌പോർട്ടിന് ആഗോള ഇൻഡക്‌സിൽ ഉയർന്ന നില കൈവരിക്കാനും സാധിച്ചു. 2021ഓടെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് പാസ്‌പോർട്ടുകളുടെ പട്ടികയിൽ യുഎഇ പാസ്‌പോർട്ട് എത്താനുള്ള പരിശ്രമം യുഎഇ രാജ്യാന്തര സഹകരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കും. 

യുഎഇ വിദേശകാര്യ രാജ്യാന്തര സഹകരണ മനത്രാലയത്തിന്റെ നേതൃത്വത്തിലുള്ള നയതന്ത്ര രാഷ്ട്രീയ നേട്ടങ്ങളുടെ ഉന്നതിയിലാണ് ഈ നേട്ടം ലഭിച്ചതെന്ന് സഹമന്ത്രി അൻവർ ഗർഗാഷ് ചൂണ്ടിക്കാട്ടി. ഈയിടെ പ്രസിദ്ധീകരിച്ച ആഗോള പാസ്‌പോർട്ട് ഇൻഡക്‌സ് പ്രകാരം യുഎഇ പാസ്‌പോർട്ട് അടുത്തിടെ വളരെ വേഗത്തിൽ ഉയർന്നു. മധ്യപൂർവദേശത്തെ പല പ്രദേശങ്ങളും സംഘർഷം അനുഭവിക്കുന്ന സമയത്ത് ഈ രാജ്യത്ത് അൽഭുതകരമായ രീതിയിൽ സമാധാനവും സഹിഷ്ണുതയും പുലരാൻ ഭരണ നേതൃത്വത്തിനാവുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.