Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പെറ്റമ്മയുടെ ദുരിതത്തിന് പോറ്റമ്മയുടെ കൈത്താങ്ങ്’; യുഎഇയ്ക്ക് നിറഞ്ഞ കയ്യടി

487605696

ദുബായ് ∙ പേമാരി ദുരിതമായി കേരളത്തിൽ പെയ്തിറങ്ങിയപ്പോൾ സ്നേഹത്തിന്റെ, കരുതലിന്റെ കുട നിവർത്തി കേരളത്തിനൊപ്പം നിൽക്കുകയാണ് യുഎഇ. പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് 700 കോടി രൂപയുടെ സഹായം നൽകുമെന്ന് അറിയിച്ചതിലൂടെ മലയാളികളുടെ കണ്ണും മനസ്സും ഹൃദയവും നിറച്ചു യുഎഇ ഭരണാധികാരികൾ. ഏറെ ആവേശത്തോടെയും ആദരവോടെയുമാണ് യുഎഇയുടെ പ്രഖ്യാപനത്തെ പ്രവാസി മലയാളികളും കേരളത്തിലുള്ളവരും സ്വീകരിച്ചത്.

Read Also: സ്നേഹക്കുട നിവർത്തി യുഎഇ, 700 കോടി നൽകും; നന്ദിയോടെ കേരളം

uae-president

സമൂഹമാധ്യമങ്ങളില്‍ യുഎഇയുടെ നടപടിക്ക് നിറഞ്ഞ കയ്യടിയാണ്. നിരവധി മലയാളികൾക്കു ജീവിതം നൽകിയ, കേരളത്തിന്റെ സാമ്പത്തിക സുരക്ഷിതതത്വത്തിന്റെ തൂണുകളിലൊന്നായ ഗൾഫ് രാജ്യങ്ങൾ പ്രളയദുരിതകാലത്തും കേരളത്തിനു കൈത്താങ്ങാകുകയാണ്. ‘പെറ്റമ്മയുടെ ദുരിതത്തിന് പോറ്റമ്മയുടെ കൈത്താങ്ങ്’ എന്ന കമന്റോടെയാണ് പ്രവാസിമലയാളികൾ ഈ സഹായത്തിനു നന്ദി പറയുന്നത്.

ഇപ്പോൾ നേരിടുന്ന പ്രതിസന്ധികളെ കേരളം ഒറ്റക്കെട്ടായി മറികടക്കുമെന്ന് ഭരണാധികാരികൾ ആവർത്തിച്ചു വ്യക്തമാക്കുന്നതിനിടെയാണ് വിദേശരാജ്യങ്ങളുടെ വലിയ പിന്തുണ. യുഎഇയുടെ ഈ വലിയ സഹായത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നന്ദി അറിയിച്ചിരുന്നു. പ്രവാസികളും അല്ലാത്തവരും യുഎഇയുടെ തീരുമാനത്തെ നെഞ്ചിലേറ്റുന്നു. സമൂഹമാധ്യമങ്ങളിൽ ‘ശുക്റൻ യുഎഇ’ (നന്ദി യുഎഇ) എന്ന സ്നേഹവാചകം നിറയുന്നു.

‘പെറ്റമ്മയുടെ ദുരിതത്തിന് പോറ്റമ്മയുടെ കൈത്താങ്ങ്’, ‘പ്രവാസി ആയതിൽ ഞങ്ങൾ അഭിമാനിക്കുന്നു’, ‘ഞങ്ങളുടെ കണ്ണീരിനൊപ്പം നിന്നതിന് നന്ദി’, ഇങ്ങനെ പോകുന്നു സമൂഹമാധ്യമങ്ങളിലെ കമന്റുകൾ. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനും മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികൾക്കും പ്രമുഖ മലയാളി വ്യവസായിയായ യൂസഫലിക്കുമെല്ലാം ആളുകൾ നന്ദി പറയുന്നു.

heikh-Mohammed-bin-Rashid-Al-Maktoum-and-General-Sheikh-Mohammed-bin-Zayed-Al-Nahyan

അബുദാബി കിരീടാവകാശിയും യുഎഇ ആംഡ് ഫോഴ്സ് ഡപ്യൂട്ടി സുപ്രീം കമാൻഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് സഹായ വിവരം ഇന്നു രാവിലെ അറിയിച്ചത്. പ്രമുഖ വ്യവസായി യൂസഫലി രാവിലെ പെരുന്നാൾ ആശംസകൾ അറിയിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ സന്ദർശിച്ചിരുന്നു. ഈ സമയത്താണ് യുഎഇയുടെ സഹായം സംബന്ധിച്ച കാര്യങ്ങൾ പ്രധാനമന്ത്രിയോടു സംസാരിച്ച കാര്യം യൂസഫലിയോട് അദ്ദേഹം പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

നേരത്തെ, പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിനൊപ്പം നിൽക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റ്ും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തിരുന്നു. കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്നും ദുരിത ബാധിതരെ സഹായിക്കാൻ യുഎഇയും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അടിയന്തര സഹായം നൽകാൻ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. യുഎഇയുടെ വിജയത്തിനു പിന്നിൽ‌ കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരം നീക്കങ്ങൾക്കു പിന്നാലെയാണ് കേരളത്തിനു വൻ സഹായവുമായി യുഎഇ എത്തിയത്. സമൂഹമാധ്യമത്തില്‍ ആരോ കുറിച്ചതു പോലെ.– ‘നന്ദി യുഎഇ, മലയാളികൾ ഒരിക്കലും മറക്കില്ല’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.