Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാരക്കണ്ണുകളുമായി ഡ്രോണുകൾ; വ്യവസായ മേഖലയിലെ നിയമലംഘനങ്ങൾ കുറഞ്ഞു

drone

ദുബായ് ∙ ഡ്രോണുകൾ ഉപയോഗിച്ചു നിരീക്ഷണം ശക്തമാക്കിയതോടെ വ്യവസായ മേഖലയിലെ  നിയമലംഘനങ്ങളിൽ വൻ കുറവ്. ഈ വർഷം ആദ്യപകുതിയിൽ കഴിഞ്ഞവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 47% കുറവു രേഖപ്പെടുത്തി. ഡ്രോണുകളുടെ 'ചാരക്കണ്ണുകൾ' ചെറിയ നിയമലംഘനങ്ങൾ പോലും കൃത്യമായി പകർത്താൻ തുടങ്ങിയതിന്റെ മാറ്റങ്ങൾ എല്ലാ മേഖലയിലും പ്രകടമായതായി മുനിസിപ്പാലിറ്റി പരിസ്ഥിതി വിഭാഗം ഡയറക്ടർ ആലിയ അൽ ഹർമൗദി പറഞ്ഞു.

അന്തരീക്ഷ മലിനീകരണ കേസുകളിൽ മാത്രം 24% കുറവുണ്ടായി. പാരിസ്ഥിതിക വെല്ലുവിളികൾ ഇല്ലാതാക്കാൻ നയങ്ങളും നടപടികളും കർശനമാക്കി. ഈ രംഗത്തെ പ്രവർത്തനമികവിന് പരിസ്ഥിതി വിഭാഗത്തിനു യുഎസ് നാഷനൽ അക്രഡിറ്റേഷൻ ബോർഡിന്റെ ഐഎസ്ഒ 17020:2012 ലഭിച്ചിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങൾ കണ്ടെത്താൻ ഏറ്റവും ശാസ്ത്രീയ സംവിധാനങ്ങളാണ് ദുബായിൽ ഉപയോഗിക്കുന്നത്. വ്യവസായ സ്ഥാപനങ്ങൾ, മറ്റു പദ്ധതി മേഖലകൾ എന്നിവിടങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളുണ്ടെങ്കിൽ  ഡ്രോണുകൾ കണ്ടെത്തും. തീരദേശ നിരീക്ഷണത്തിനും ഉപയോഗിക്കുന്നുണ്ട്.

കടലിലും തീരദേശ മേഖലകളിലും 98 പരിശോധനകളാണ് നടത്തിയത്. മണൽഖനന മേഖലയിൽ 289 പരിശോധനകൾ നടത്തി. ഫ്ലോട്ടിങ് റസ്റ്ററന്റുകളിൽ 154, ബീച്ചുകൾ-ദെയ്റ തുറമുഖം 802 എന്നിങ്ങനെയും. എമിറേറ്റിൽ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യപകുതിയിൽ 444 പാരിസ്ഥിതിക അനുമതിപത്രങ്ങൾ നൽകി. അടിസ്ഥാന സൗകര്യവികസന മേഖലയിലെ പദ്ധതികളുമായി ബന്ധപ്പെട്ട അനുമതി പത്രങ്ങളിൽ 60% വർധനയുണ്ടായതായും വ്യക്തമാക്കി.

ബീച്ച് സുരക്ഷയ്ക്ക് വൻ ക്രമീകരണം

ബീച്ച് സന്ദർശകരുടെ സുരക്ഷയ്ക്കായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ആലിയ അൽ ഹർമൗദി പറഞ്ഞു. പരിശീലനം ലഭിച്ച 100 ലൈഫ് ഗാർഡുകൾ ഉൾപ്പെടെ ബീച്ചുകളിലുണ്ട്. പ്രഥമ ശുശ്രൂഷ നൽകാനും മറ്റും ശാസ്ത്രീയ പരിശീലനം നേടിയവരാണിവർ.ഈ വർഷം ആദ്യപകുതിയിൽ ഒരു മുങ്ങിമരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. 310 രക്ഷാദൗത്യങ്ങൾ നടത്തി.

രാത്രിയിലും നിരീക്ഷണം

നിരീക്ഷണത്തിനായി മുനിസിപ്പാലിറ്റി ഉപയോഗിക്കുന്നത് ഹൈടെക് ഡ്രോണുകൾ. 500 മീറ്റർ ഉയരത്തിൽ പറക്കാനാകും. കൂടുതൽ ദൂരം പറക്കാനും ഭാരം വഹിക്കാനും കഴിയുമെന്നതിനാൽ വലിയ ദൗത്യങ്ങൾക്കു നിയോഗിക്കാം. രാത്രികാല ദൃശ്യങ്ങളും പകർത്താം. ഒരു മേഖല മൊത്തമായോ ഏതെങ്കിലും സ്ഥലം മാത്രമായോ അതിസൂക്ഷ്മമായി പകർത്താനാകുമെന്നതാണ് മറ്റു നേട്ടങ്ങൾ. ഉദ്യോഗസ്ഥരുടെ പരിശോധനയേക്കാൾ കൂടുതൽ കൃത്യതയോടെ എളുപ്പം കാര്യങ്ങൾ കണ്ടെത്താൻ ഡ്രോണുകൾക്കു കഴിയും.

സിമന്റ് ഫാക്ടറികളോടനുബന്ധിച്ച് അന്തരീക്ഷ മലിനീകരണ നിരീക്ഷണ സ്റ്റേഷനുകൾ ഉണ്ടായിരിക്കണമെന്നാണു നിയമം. ഈ സ്റ്റേഷനുകളിൽനിന്നുള്ള വിവരങ്ങൾ മുനിസിപ്പാലിറ്റിയുടെ പൊതുവിവര ശേഖരത്തിലേക്കു കൈമാറും. പൊടിപടലങ്ങളും ശബ്ദവും ദുർഗന്ധവുമുണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽ ഇത്തരം സ്റ്റേഷനുകൾ നിർബന്ധമാണ്. വ്യവസായ കേന്ദ്രങ്ങളിലേക്ക് അപകടകരമായ രാസവസ്തുക്കളും മറ്റും സുരക്ഷാവിഭാഗത്തിന്റെ മേൽനോട്ടത്തിലാണു കൊണ്ടുവരേണ്ടത്. ഇവ ഇറക്കുമതി ചെയ്യാനും സൂക്ഷിക്കാനും ഏകീകൃത സംവിധാനമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.