Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൾഫിൽ കോടികളുടെ തട്ടിപ്പ്: കാനഡയിലേക്കു മുങ്ങാൻ ശ്രമിക്കുന്നതിനി‌ടെ മലയാളി പിടിയിൽ

handcuff-4 representative image

കടുത്തുരുത്തി /കുവൈത്ത് സിറ്റി∙ കുവൈത്തിൽ മലയാളികളിൽ നിന്നു കോടികൾ തട്ടിയെടുത്തു കേരളത്തിലേക്കു മുങ്ങിയശേഷം കാനഡയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് മുംബൈ എയർപോർട്ടിൽ പിടിയിലായി. ഞീഴൂർ കാപ്പിൽ ജിൻസ് ജയിംസിനെയാണ് (32) മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ എമിഗ്രേഷൻ അധികൃതർ പിടികൂടിയത്. കേസ് അന്വേഷണത്തിനു നേതൃത്വം വഹിക്കുന്ന കടുത്തുരുത്തി എസ്എച്ച്ഒ കെ.പി. തോംസൺ മുംബൈയിലേക്കു പുറപ്പെട്ടു.

നടപടികൾ പൂർത്തിയാക്കി ജയിംസിനെ ഇന്നോ നാളയോ നാട്ടിലെത്തിക്കും. കുവൈത്തിൽ തട്ടിപ്പിനിരയായ ഒൻപതോളം ആളുകൾ കോട്ടയം എസ്‌പിക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തതോടെ ജിൻസും കുടുംബവും കാനഡയിലേക്കു കടക്കാനായി ഒളിവിൽ പോയിരുന്നു. ജിൻസ് രാജ്യം വിട്ടുപോകുന്നതു തടയാനായി ലുക്ക് ഒൗട്ട് നോട്ടിസും പൊലീസ് പുറപ്പെടുവിച്ചിരുന്നു. മുംബൈയിൽ കഴിഞ്ഞിരുന്ന ജിൻസ് ഇന്നലെ കാനഡയിലേക്കു പോകുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവച്ചത്.

തുടർന്നു കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു വിവരം കൈമാറുകയായിരുന്നു.  കുവൈത്തിൽ ജിൻസ് നടത്തുന്ന ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞും, കടമായിട്ടുമാണ് ലക്ഷക്കണക്കിനു രൂപവീതം ഓരോരുത്തരോടും വാങ്ങിയത്. കുവൈത്തിൽ വിവിധ ബിസിനസുകൾ നടത്തി വരികയായിരുന്ന ജിൻസ് സ്ഥാപനങ്ങൾ ആരുമറിയാതെ വിൽപന നടത്തി നാട്ടിലേക്കു മുങ്ങുകയായിരുന്നുവെന്നാണ് പരാതി.

പണം നൽകിയിരുന്നവർ പണം തിരികെ വാങ്ങാൻ ജിൻസ് കുവൈത്തിൽ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ ചെന്നപ്പോഴാണ് ജിൻസ് നാട്ടിലേക്കു പോയത് അറിയുന്നത്. പത്തു വർഷക്കാലമായി കുവൈത്തിൽ നഴ്‌സായി ജോലി ചെയ്‌തിരുന്ന ജിൻസ്, പ്രവാസികൾ ചേർന്നു നടത്തുന്ന ചിട്ടി ഇടപാടിൽ മെംബർഷിപ് എടുത്തശേഷം ആദ്യഗഡു അടച്ചശേഷം ചിട്ടി പിടിക്കുകയും പിന്നീടു പണം അടയ്ക്കാതെ മുങ്ങിയെന്നും പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.