Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രഞ്ച് യുവതിയുടെ പരാതിയിൽ പ്രശ്നക്കാരനെ പിടിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക്ക് പൗരൻ

Representative Image

ദുബായ് ∙ തുടർച്ചയായി സ്ത്രീകളെ ശാരീരികമായി ഉപദ്രവിച്ചിരുന്ന പാക്കിസ്ഥാൻ പൗരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 22 വയസ്സുള്ള ഫ്രഞ്ച് പൗരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്കെതിരായ കേസ് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ പരിഗണനയിലാണ്. 

ഫ്രഞ്ച് പൗരിയും ദുബായിലെ ഒരു സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റുമായ യുവതിക്കു നേരെ നടത്തിയ അതിക്രമത്തെ തുടർന്നാണ് ഉദ്യോഗസ്ഥനായ പാക്ക് പൗരനെ പിടികൂടിയത്. യുവതി ജോലി സ്ഥലത്തുനിന്നും താമസ്ഥലത്തേക്ക് പോകുമ്പോഴാണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ആണ് ഇയാൾ നിരന്തരം സ്ത്രീകളെ ഉപദ്രവിച്ചിരുന്നുവെന്ന കാര്യം വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ പ്രതി കുറ്റം സമ്മതിച്ചു. ചോദ്യം ചെയ്യലിൽ ഫ്രഞ്ച് റിസപ്ഷനിസ്റ്റിനെ ഉപദ്രവിച്ചതു കൂടാതെ മറ്റു ആറു സ്ത്രീകളെയും ഇയാൾ ശാരീരികമായി ഉപദ്രവിച്ചുവെന്ന് സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പരാതികൾ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു.

ഫ്രഞ്ച് യുവതിയെ പിറകിൽ നിന്നും കഴുത്തിന് പിടിക്കുകയും ശബ്ദം ഉണ്ടാക്കാതിരിക്കാൻ വായ അടച്ചു പിടിക്കുകയും ചെയ്തു. മോശമായ രീതിയിൽ പ്രതി ശരീരത്തിൽ സ്പർശിക്കുകയും ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിനിടെ യുവതി രക്ഷപ്പെടുകയായിരുന്നു. സഹായത്തിനായി ഉറക്കെ നിലവിളിച്ചു. ഒരു കെട്ടിടത്തിന് മുന്നിൽ വരികയും അവിടെ ഉണ്ടായിരുന്ന ഒരു സംഘത്തോട് കാര്യം പറയുകയും പ്രതിയെ കണ്ടുപിടിക്കാൻ സഹായം തേടുകയുമായിരുന്നുവെന്നാണ് യുവതി പറഞ്ഞത്.

ദുബായ് പൊലീസിന്റെ പ്രത്യേക സുരക്ഷാ സംഘമാണ് കേസ് അന്വേഷിച്ചതെന്ന് ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. ആറ് മറ്റു സ്ത്രീകളും സമാനമായ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നാണ് രേഖകളിൽ വ്യക്തമാക്കുന്നത്. സംഭവം നടന്ന ഭാഗത്തു നിന്നു ലഭിച്ച ക്യാമറ ദൃശ്യങ്ങളിൽ ഒരു പുരുഷൻ ഫ്രഞ്ച് യുവതിയെ പിന്തുടരുന്നത് വ്യക്തമാണ്. അൽപസമയത്തിനു ശേഷം ഇതേ റോഡിലൂടെ ഇയാൾ തിരിച്ചുവരുന്നതും കാണാം. ഈ ദൃശ്യങ്ങൾ പരിശോധിക്കുകയും അന്വേഷണ സംഘത്തിന് കൈമാറിയുമാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

മേയ് മാസത്തിൽ പ്രതിയെ സൂപ്പർ മാർക്കറ്റിനു സമീപം കണ്ടിരുന്നു. ഇയാളെ പിടികൂടിയ ശേഷം ഫ്രഞ്ച് യുവതി തിരിച്ചറിയുകയും ചെയ്തു. തുടർന്നാണ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ സംഭവ ദിവസം ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തി. ജൂലൈ 29ന് കേസിൽ വിധി പറയും.

പൗരി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.