Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫീനിക്സ് പക്ഷിയെ പോലെ അറ്റ്‍ലസ് രാമചന്ദ്രൻ; വീണ്ടും ബിസിനസിലേക്ക് തിരിച്ചുവരുന്നു

Atlas Ramachandran

ദുബായ്∙ കേസുകൾ സംബന്ധിച്ചു ബാങ്കുകളുമായി അന്തിമ ധാരണയിലെത്തിയ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ വീണ്ടും ബിസിനസിൽ സജീവമാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതിയ സംരംഭത്തിനു ദുബായിൽ തുടക്കംകുറിക്കാനും ഇതര ഗൾഫ് രാജ്യങ്ങളിലും നാട്ടിലുമുള്ള ബിസിനസുകൾ ഊർജിതമാക്കാനുമുള്ള നടപടികൾ പുരോഗമിക്കുന്നതായാണു സൂചന.

ബാങ്ക് പ്രതിനിധികളുമായി അറ്റ്ലസ് രാമചന്ദ്രൻ കൂടിക്കാഴ്ച നടത്തി. ബിസിനസിൽ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത വിഹിതം ബാങ്കുകളിൽ അടയ്ക്കാനും എല്ലാ മാസവും അവലോകന യോഗങ്ങൾ നടത്താനുമാണു തീരുമാനം. ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത അറ്റ്ലസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കും. പത്തുരൂപ വിലയുണ്ടായിരുന്ന ഓഹരിക്ക് ഇപ്പോൾ 154.70 രൂപയുണ്ട്.

2015 നവംബർ 12നായിരുന്നു ദുബായ് കോടതി രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിനു വിധിച്ചത്​. അതിനു മുൻപ് ഏറെ നാളായി അദ്ദേഹം പൊലീസ് കസ്റ്റഡിയിലായിരുന്നു. സാമ്പത്തിക പ്രശ്നം ഒത്തു തീർത്ത് അദ്ദേഹത്തെ പുറത്തുകൊണ്ടുവരാൻ കുടുംബവും മറ്റും ഏറെ ശ്രമങ്ങൾ നടത്തിയിരുന്നു.


ബിസിനസ് കാര്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതിനെത്തുടർന്ന് ബാങ്കുകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂർ സ്വദേശിയായ അറ്റ്ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.