Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനോദ സഞ്ചാരികൾക്ക് വാറ്റ് തിരികെ നൽകുമെന്ന് യുഎഇ

uae-vat

ദുബായ്∙ വിനോദസഞ്ചാരികളിൽനിന്നു മൂല്യവർധിത നികുതി(വാറ്റ്)യായി ഈടാക്കുന്ന തുക തിരികെ നൽകാൻ യുഎഇ മന്ത്രിസഭാ തീരുമാനം. ഈ വർഷം അവസാനപാദത്തോടെ ഇതിനു തുടക്കമാകും. നിശ്ചിത ഔട്‌ലെറ്റുകളിൽനിന്നു തുക കൈപ്പറ്റാനാണു സംവിധാനമൊരുക്കുക.

ഇതിനായി വിവിധ റീട്ടെയ്ൽ ഔട്‌ലെറ്റുകളുടെ ശൃംഖല സജ്ജമാക്കും. ഈ മേഖലയിൽ വൈദഗ്ധ്യമുള്ള രാജ്യാന്തര സ്ഥാപനത്തിന്റെ സഹകരണത്തോടെയാണിതു നടപ്പാക്കുന്നത്. സ്വർണാഭരണങ്ങളും ഇലക്ട്രോണിക് ഉൽപന്നങ്ങളും മറ്റും വാങ്ങുന്ന സന്ദർശകർക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ ഹ്രസ്വസന്ദർശനത്തിനായി യുഎഇയിൽ എത്താറുണ്ട്. വിമാനത്താവളത്തിലോ അതതു കച്ചവട കേന്ദ്രങ്ങളിലോ സന്ദർശകർക്ക് 'വാറ്റ്' മടക്കിനൽകാനുള്ള സംവിധാനമൊരുക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചന.

മറ്റു രാജ്യങ്ങളിലേതു പോലെ വിമാനത്താവളങ്ങളിൽ കൗണ്ടറുകൾ ആരംഭിക്കുക, കച്ചവടകന്ദ്രങ്ങളിലെ ഔട് ലെറ്റുകളിൽ പാസ്പോർട്ടും മറ്റു യാത്രാരേഖകളും കാണിച്ചു പണം കൈപ്പറ്റാൻ അവസരമൊരുക്കുക എന്നിവയ്ക്കാണു സാധ്യത. വൈകാതെ ഇക്കാര്യത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. പുതിയ തീരുമാനം വിനോദസഞ്ചാരമേഖലയുടെ വളർച്ചയ്ക്കു വഴിയൊരുക്കുമെന്നാണു വിലയിരുത്തൽ. യുഎഇ വിമാനത്താവളങ്ങളിൽ കഴിഞ്ഞവർഷം 12.3 കോടി യാത്രക്കാർ എത്തിയതായാണു കണക്ക്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 11.3% ടൂറിസം മേഖലയിൽനിന്നായിരുന്നു. അതായതു 15,410 കോടി ദിർഹം.

യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഷോപ്പിങ്ങിനായി ദുബായിൽ ഇറങ്ങാറുണ്ട്. ലോകത്തിലെ ഏതുൽപന്നവും വാങ്ങാൻ കഴിയുമെന്നതാണ് ഏവരെയും ആകർഷിക്കുന്നത്. മുൻനിര ബ്രാൻഡുകളെല്ലാം ലഭ്യമാണ്. യുഎഇയിൽ ജനുവരി ഒന്നുമുതലാണ് അഞ്ചു ശതമാനം വാറ്റ് നടപ്പാക്കിയത്. സാധനങ്ങളുടെ ഉൽപാദനം മുതൽ വിതരണം വരെയുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിച്ചുള്ള പൊതുനികുതി ഘടനയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.