Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻ ഭാര്യയ്ക്ക് നൽകിയിരുന്നത് 75 % ശമ്പളം; ചതി മനസ്സിലായത് വൈകി, ഒടുവിൽ കോടതി ഇടപെടൽ

arab

അബുദാബി ∙ വിവാഹബന്ധം വേര്‍പെടുത്തിയ ഭാര്യക്ക്‌ എമിറാത്തി ഭര്‍ത്താവ്‌ മാസം തോറും നൽകിയിരുന്ന ജീവനാംശം തുടർന്ന് നൽകേണ്ടതില്ലെന്ന് അബുദാബി കുടുംബ കോടതിയുടെ വിധി. വിവാഹ ബന്ധം വേർപെടുത്തിയ ശേഷം യുവതി മറ്റൊരാളെ വിവാഹം കഴിക്കുകയും കുട്ടികളുടെ വിവിധ ആവശ്യങ്ങൾക്കായി മുൻ ഭർത്താവ് നൽകുന്ന നൽകുന്ന ജീവനാംശം ഉപയോഗിച്ച് ജീവിക്കുകയാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് കോടതി വിധി. എമിറാത്തിയുടെ ശമ്പളത്തിന്റെ 75 ശതമാനവും മുൻഭാര്യയ്ക്ക് ജീവനാംശമായി നൽകുന്നുണ്ടായിരുന്നു. 

മുൻഭാര്യ പുതിയ ഭർത്താവിൽ നിന്നും ഒരു കുഞ്ഞിന് ജന്മം നൽകിയെന്നും ഇവർ എല്ലാവരും താൻ വാടക നൽകുന്ന വീട്ടിലാണ് കഴിയുന്നതെന്നും എമിറാത്തി കോടതിയിൽ പറഞ്ഞു. മുൻഭാര്യയ്ക്കും തന്റെ മക്കൾക്കും നൽകുന്ന ജീവനാംശം മറ്റൊരാളും അയാളുടെ കുട്ടിയും ഉപയോഗിക്കുന്നുവെന്നും ഇയാൾ പറഞ്ഞു. വിവിധ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഏതാനും വർഷം മുൻപാണ് ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തിയതെന്നാണ് കോടതി രേഖകൾ. വിവാഹ മോചനത്തിനുശേഷം കുട്ടികളുടെ ചുമതല അറബ് മാതാവിനാണ് കോടതി നൽകിയത്. മാസത്തില്‍ 30,000 ദിർഹം മുൻഭാര്യയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. മൂന്നു മക്കളുടെ വിദ്യാഭ്യാസ ചെലവ്, മൂന്നു മുറികളുള്ള വീടിന്റെ വാടക, മറ്റു ബില്ലുകൾ, വീട്ടുജോലിക്കാരിയുടെ പണം, മറ്റു ചെലവുകള്‍ എല്ലാം ഉൾപ്പെടുത്തിയാണ് ഇത്രയും തുക ജീവനാംശം നൽകാൻ വിധിച്ചത്.

തനിക്ക് മാസത്തിൽ ലഭിക്കുന്നത് 40,000 ദിർഹം ആണെന്നും ഇതിന്റെ 75 ശതമാനവും മുൻഭാര്യയ്ക്കും മക്കൾക്കും നൽകുന്നുണ്ടെന്നും എമിറാത്തി വ്യക്തമാക്കി. ഒരു ദിവസം ആശുപത്രിയിൽ കിടക്കുന്ന സുഹൃത്തിനെ കാണാൻ പോയി വരുമ്പോൾ യാദൃശ്ചികമായി മുൻ ഭാര്യയെ കാണുകയായിരുന്നു. ഇതോടെയാണ് താൻ വഞ്ചിതനാവുകയായിരുന്നുവെന്ന കാര്യം മനസിലായതെന്ന് ഇയാൾ പറഞ്ഞു. വിവാഹ മോചനത്തിനുശേഷം യുവതി സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവുകയും മറ്റൊരാളെ വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു. ഇക്കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും എമിറാത്തി വ്യക്തമാക്കി. 

മുൻഭർത്താവ് നൽകുന്ന പണം ഉപയോഗിച്ചാണ് പുതിയ ഭർത്താവിനൊപ്പം യുവതി താമസിക്കുന്നതെന്ന് വ്യക്തമായി. ഉടൻ തന്നെ എമിറാത്തി കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തു. മറ്റൊരു പുരുഷനെ വിവാഹം ചെയ്തതിനാൽ തുടർന്ന് ജീവനാംശം നൽകാൻ സാധിക്കില്ലെന്നായിരുന്നു പ്രധാന ആവശ്യം. കൂടാതെ, കുട്ടികളെ മാതാവിനൊപ്പം വിടരുതെന്നും വിദേശിയായ മറ്റൊരാൾക്കൊപ്പം കഴിയാൻ കുട്ടികളെ അനുവദിക്കരുതെന്നും ഇയാൾ ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെട്ട കോടതി മാസം തോറും നൽകിയിരുന്ന ജീവനാംശം ഇനി നൽകേണ്ടതില്ലെന്ന് വിധിച്ചു. കൂടാതെ, കുട്ടികളുടെ സംരക്ഷണം മാതാവിൽ നിന്നും മാറ്റുകയും പിതാവ് കുട്ടികളെ നോക്കണമെന്നും ഉത്തരവിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.