Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റമസാൻ ആരംഭം വ്യാഴാഴ്ച മുതൽ; ശക്തമായ ചൂടില്‍ 15 മണിക്കൂറോളം വ്രതാനുഷ്ഠാനം

shop ഷാർജ റമസാൻ വിപണിയിലെ തിരക്ക്. ചിത്രം: സിറാജ് കീഴ്മാടം.

ദുബായ് ∙ വ്രതശുദ്ധി പകരുന്ന റമസാൻ മാസം നാളെ (വ്യാഴം) ആരംഭിക്കും. ശക്തമായ ചൂടില്‍ 15 മണിക്കൂറോളമാണ് യുഎഇയില്‍ റമസാന്‍ വ്രതാനുഷ്ഠാനം. നാല് മണിക്കു അന്നപാനീയങ്ങള്‍ പൂര്‍ത്തിയാക്കി റമസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിനു മാനസികവും ശാരീരികവുമായി ഒരുങ്ങുന്ന വിശ്വാസികള്‍ വിശപ്പും ദാഹവും വികാര വിചാരങ്ങളും ദൈവ പ്രീതിക്കായി ഉപേക്ഷിക്കുന്നു. ദീര്‍ഘനേരത്തെ വ്രതവേളയില്‍ അനാവശ്യമായ സംസാരവും പ്രവര്‍ത്തികളും ഉപേക്ഷിക്കാനും കഴിയേണ്ടതുണ്ട്. 

റമസാനിലെ രാത്രിയില്‍ വിശ്വാസികള്‍ പാപക്കറകള്‍ കഴുകിക്കളയാന്‍ ദൈവത്തിനു മുമ്പില്‍ കണ്ണീരോടെ പ്രാര്‍ഥിക്കുന്നു. ആത്മഹര്‍ഷത്തിന്റെ ദിനരാത്രങ്ങളെ സ്വാഗതം ചെയ്യുന്ന വിശ്വാസികള്‍ക്ക് വിശ്രമമില്ലാത്ത മുപ്പത് ദിനങ്ങളാണ് ഇനിയുള്ളത്. വ്രത ദിനങ്ങളെ സന്തോഷത്തോടെ എതിരേല്‍ക്കാനുള്ള മാനസികവും ശാരീരികവുമായ തയ്യാറെടുപ്പിലായിരുന്നു ഇതുവരെ വിശ്വാസികള്‍. ചെയ്തു പോയ പാപങ്ങളില്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയും ദൈവപ്രീതിക്കായി പ്രാര്‍ഥിക്കുകയും ദാനധര്‍മത്തില്‍ മുഴുകുകയും ചെയ്യുന്നതിനു വിശ്വാസികള്‍ മല്‍സരിക്കുന്ന കാഴ്ചയും ഇനി കാണാം.

നാളെ മുതല്‍ ഇഫ്ത്താര്‍ വിരുന്നുകളും യുഎഇ എമിറേറ്റുകളില്‍ സജീവമാവും. വ്യക്തികളും സാമൂഹിക സാംസ്‌കാരിക സംഘടനകളും ബിസിനസ് സ്ഥാപനങ്ങളുമെല്ലാം ഇഫ്ത്താര്‍ വിരുന്നൊരുക്കുന്നു. കടുത്ത പരീക്ഷണങ്ങളുടെ ദിനങ്ങളായിരിക്കും ഓരോ വ്യക്തികളും റമസാന്‍ വ്രതവേളയില്‍ നേരിടേണ്ടി വരുന്നത്. നാക്കും നോക്കും പ്രവൃത്തിയും പ്രലോഭനവും പുതിയൊരു ജീവിത വിശുദ്ധിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നതാവണം. 

രാത്രിയില്‍ ദീര്‍ഘനേരത്തെ തറാവീഹ് നമസ്‌കാരത്തില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ ഉറക്കം ഉപേക്ഷിച്ച് രാത്രിയില്‍ പ്രാര്‍ഥിക്കുകയും അന്ന പാനീയങ്ങളില്‍ നിയന്ത്രണം വരുത്തുകയുമൊക്കെ ചെയ്യുമ്പോല്‍ ധൂര്‍ത്തും അനാവശ്യച്ചെലവുകളും ഉപേക്ഷിക്കുന്നതും പാവങ്ങളെ അകമഴിഞ്ഞു സഹായിക്കുന്നതുമെല്ലാം ജീവിത വിശുദ്ധിക്കിടയാക്കും. അതിനുള്ള ശ്രമമാണ് ഓരോ വിശ്വാസിയും റമസാനില്‍ നിര്‍വഹിക്കേണ്ടതെന്ന് റമസാനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്ന വിശ്വാസി സമൂഹത്തോട് മത പണ്ഡിതർ ഉപദേശിക്കുന്നു.

റമസാനെ വരവേൽക്കാനുള്ള ഇൗന്തപ്പഴം, പഴ വർഗങ്ങൾ, ജ്യൂസുകൾ, വെള്ളം, മോര്, മത്സ്യ, മാംസാദികൾ എന്നിവ വാങ്ങാനെത്തിയവരെകൊണ്ട് രാവിലെ മുതൽ വിപണിയിൽ നല്ല തിരക്കനുഭവപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.