Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സന്തോഷ വിപണി’ യുഎഇ വിപണിയിൽ 50 ശതമാനം വരെ വിലക്കുറവ്

FOOD

അബുദാബി∙ ലോകസന്തോഷ ദിനത്തോട് അനുബന്ധിച്ചു യുഎഇ വിപണിയിൽ 50% വരെ വിലക്കുറവ് പ്രഖ്യാപിച്ചു. സന്തോഷ ദിനമായി ആചരിക്കുന്ന 20 മുതൽ അടുത്തമാസം 20 വരെയാണിത്. സഹകരണ സ്ഥാപനങ്ങൾക്കു പുറമെ വൻകിട-ഇടത്തരം വ്യാപാര സ്ഥാപനങ്ങളും വിലക്കുറവിൽ വിൽപന നടത്താൻ ധാരണയിലെത്തിയതായി സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്‌തൃ സംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി.

യുഎഇ വിപണിയിലെ 600 വ്യാപാര സ്ഥാപനങ്ങളാണ് ആദായവിൽപന മേളയിൽ പങ്കെടുക്കുക. 7500 ഇനം ഉൽപന്നങ്ങൾക്ക് വിലകുറയും. ഗൾഫ് ഉപഭോക്തൃ ദിനത്തിന്റെ ഭാഗമായി വിപണികളിൽ ഈ മാസം ഒന്നുമുതൽ പല സാധനങ്ങൾക്കും വിലകുറച്ചിട്ടുണ്ട്. ഇതുൾപ്പെടെ 51 ദിവസം വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കും.

അടുത്തയാഴ്ച മുതൽ വിലക്കുറവ്

വേൾഡ് ഹാപ്പിനസ് ഡേ പ്രമാണിച്ചു വിപണിയിൽ അടുത്തയാഴ്ചമുതൽ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുമെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്‌തൃ സംരക്ഷണ വകുപ്പ് തലവൻ ഡോ. ഹാഷിം അൽ നുഐമി അറിയിച്ചു. അവശ്യസാധനങ്ങൾക്കെല്ലാം വിലക്കുറവുണ്ടാകും. സഹകരണസ്ഥാപനങ്ങൾ, കാർഫോർ, ലുലു ഹൈപ്പർ മാർക്കറ്റ് എന്നിവയെല്ലാം ഒരുമാസത്തെ വിലക്കുറവ് വിൽപനയുടെ ഭാഗമാകും.

വിലക്കുറവിന്റെ വർഷം

സായിദ് വർഷാചരണത്തിന്റെ ഭാഗമായി ഈ വർഷം കൂടുതൽ വിലക്കുറവ് പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാമെന്നു ഫെഡറൽ സഹകരണ സ്ഥാപനങ്ങളുടെ എക്സിക്യൂട്ടീവ് ചെയർമാൻ ഖാലിദ് ഹുമൈദ് അൽ ഫലാസി പറഞ്ഞു. ഇതിനുപുറമേ പല ഉൽപന്നങ്ങളുടെയും വില സ്ഥിരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതിയ ഓഫറുകൾ നൽകി ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കാൻ സഹകരണ സ്ഥാപനങ്ങൾ ശ്രമിക്കുമെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.