Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതിയെ മതംമാറ്റി വിവാഹം കഴിച്ചു ‘ചതിച്ചു’; അബുദാബി കോടതിയിൽ മലയാളിക്കെതിരെ പരാതി

fake-marriage1

അബുദാബി ∙ ഗോവൻ സ്വദേശിനിയെ മതംമാറ്റി വിവാഹം കഴിക്കുകയും കുഞ്ഞു പിറന്നശേഷം മാതാവിന്റെ ശസ്ത്രക്രിയക്കെന്ന പേരിൽ ഇവരുടെ ആഭരണവും പണവും എടുത്ത് നാട്ടിൽപോയി മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്ത മലയാളിക്കെതിരെ അബുദാബി ക്രിമിനൽ-സിവിൽ-കുടുംബ കോടതികളിൽ ഭാര്യയുടെ പരാതി. ഭാര്യ ഫാത്തിമക്കും മകൻ ഇർഫാനും ചെലവിനു കൊടുക്കാത്തതും നിരന്തരമായ പീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കാരണങ്ങൾ കാണിച്ചാണ് അബുദാബി മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനും തിരുവനന്തപുരം തൊട്ടിക്കല്ലു സ്വദേശിയുമായ പെരുംകുളം ചിന്നൂസ് മൻസിലിൽ ഷംനാദ് അബ്ദുൽ കലാമിനെതിരെ ഭാര്യ കോടതികളിൽ പരാതി നൽകിയത്. 

fake-marriage

തന്നെയും ഒരു വയസും ഏഴുമാസവും പ്രായമുള്ള മകനെയും ക്രൂരമായി ആക്രമിക്കുന്നതായി ഭാര്യ പറയുന്നു. മറ്റൊരാളുടെ ഭാര്യയാണെന്നും അയാളുടെ കുട്ടിയാണെന്നും രണ്ടാം ഭാര്യയോടു പറഞ്ഞില്ലെങ്കിൽ കുട്ടിയെ 14-ാം നിലയിലെ ഫാളാറ്റിൽ നിന്ന് താഴേക്ക് വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തി മാനസിക പീഡനവും മർദ്ദനവും നടത്തിയതിന് 1,10,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷംനാദിനെതിരെ ഫാത്തിമ കുടുംബ കോടതിയിൽ നൽകിയ പരാതിയുടെ തീർപ്പിനായി അടുത്തമാസം ആറിന് കോടതിയിൽ വിളിപ്പിച്ചിട്ടുണ്ട്. പ്രതി ഷംനാദിന്റെ പാസ്പോർട്ട് കോടതി കണ്ടു കെട്ടുകയും ഭാര്യക്കും കുഞ്ഞിനും എല്ലാ മാസവും ആയിരം ദിർഹം വീതം ചെലവിനും വീട്ടു സാധനങ്ങൾ വാങ്ങിക്കൊടുക്കാനും കഴിഞ്ഞ മാസം 11ന് അബുദാബി കുടുംബ കോടതിയും ആഭരണം വിറ്റതിന്റെ 8,000 ദിർഹം പ്രതിമാസം ആയിരം ദിർഹം വീതമായി എട്ടു മാസം കൊണ്ടു ഭാര്യ ഫാത്തിമക്കു കൊടുക്കാനും കഴിഞ്ഞ മാസം 23ന് അബുദാബി സിവിൽ കോടതിയും ഷംനാദിനെതിരെ  വിധി പുറപ്പെടുവിച്ചിട്ടുണ്ട്. വിധിയനുസരിച്ച് ഈ മാസം മുതൽ പ്രതിമാസം 2000 ദിർഹം വീതവും വീട്ടു സാധനങ്ങളും ഷംനാദ് നൽകണം. എന്നാൽ 500 ദിർഹം മാത്രമാണ് വിധി വന്നശേഷം നൽകിയതെന്നും ഫാത്തിമ പറഞ്ഞു.

fake-dubai

അബുദാബി എയർപോർട്ട് റോഡിലെ സലൂണിൽ ജോലി ചെയ്യുമ്പോഴാണ് വെറോണിക്ക ആന്റൻ പർവാർക്കർ എന്ന ഗോവൻ യുവതിയോട് വിവാഹാഭ്യർഥനയുമായി ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്ന ഷംനാദ് എത്തുന്നത്. തുടർന്ന് ഷംനാദിന്റെ നിർബന്ധത്തിനു വഴങ്ങി വെറോണിക്ക 2014 ഡിസംബർ 23ന് ഇസ്‌ലാം മതം സ്വീകരിക്കുകയും ഫാത്തിമ എന്ന പേരു മാറ്റുകയുമായിരുന്നു. അബുദാബി കോടതിയിൽ നിയമപരമായിത്തന്നെ ഇവർ 2015 മാർച്ച് 4ന് വിവാഹിതരാവുകയും ചെയ്തു. ഇതിനിടയിൽ ബേക്കറിയിലെ ജോലി നഷ്ടപ്പെട്ട ഭർത്താവ് ഷംനാദിന് പുതിയ ജോലി തരപ്പെടുത്തിയതും ഫാത്തിമയായിരുന്നു. സലൂണിലെ കസ്റ്റമറും മുനിസിപ്പാലിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥയുമായ സ്വദേശി വനിതയോട് ഭർത്താവിന് ഒരു ജോലി തരപ്പെടുത്തണമെന്ന് പലവട്ടം അഭ്യർഥിച്ചതിനെ തുടർന്ന് അവരുടെ ശുപാർശയിൽ 2016 മാർച്ച് 22ന് ഷംനാദ് അബുദാബി മുനിസിപ്പാലിറ്റിയിൽ സർവേയറായി ജോലിയിൽ പ്രവേശിച്ചു. ജോലി സ്ഥലത്തു നിന്ന് അനുവദിച്ച അബുദാബി ജവാസാത്ത് റോഡിലെ 44-ാം നമ്പർ കെട്ടിടത്തിലെ ഒരു ബെഡ്‌റൂം ഫ്‌ളാറ്റിലാണിപ്പോൾ ഫാത്തിമയും മകനും താമസിക്കുന്നത്. എന്നാൽ കുടുംബ വഴക്കിനെ തുടർന്ന് ഷംനാദിനോട് പുറത്തു താമസിക്കണമെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു. അഞ്ചു മാസമായി ഇയാൾ പുറത്താണ് താമസിക്കുന്നത്.

മാതാവിന്റെ ഗർഭാശയ ശസ്ത്രക്രിയക്കെന്നു പറഞ്ഞ് ഭാര്യയിൽ നിന്ന് ആഭരണവും പൈസയും വാങ്ങി ഷംനാദ് നാട്ടിൽ പോയതോടെയാണ് ഇവരുടെ ദാമ്പത്യത്തിൽ വിള്ളൽ വീണത്. കുറച്ചു ദിവസങ്ങൾക്കു ശേഷം ഇതേ ആവശ്യത്തിനായി വീണ്ടും നാട്ടിൽ പോകാനൊരുങ്ങിയപ്പോഴാണ് ഫാത്തിമക്ക് സംശയം തോന്നിയത്. അന്വേഷണത്തിൽ നാട്ടിൽ മറ്റൊരു വിവാഹത്തിനുള്ള ശ്രമം തിരക്കിട്ടു നടക്കുന്നതായി വിവരംകിട്ടി. അവിവാഹിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 2017 ഏപ്രിൽ 27നായിരുന്നു ഷംനാദ് മറ്റൊരു യുവതിയെ രണ്ടാം വിവാഹം കഴിച്ചത്. സംഭവമറിഞ്ഞ് കുഞ്ഞിനോടൊപ്പം ഫാത്തിമയും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് പോയി. വീട്ടിലെത്തിയെങ്കിലും വീട്ടുകാർ ഫാത്തിമയേയും കുഞ്ഞിനെയും ആട്ടിപ്പായിക്കുകയായിരുന്നു. രണ്ടാം ഭാര്യയെ അവിടെ കണ്ടെങ്കിലും ഷംനാദ് മുങ്ങുകയും വീട്ടിൽ തങ്ങാൻ അനുവദിക്കാതെ ബന്ധുക്കൾ ആട്ടിയോടിക്കുകയും ചെയ്തു. അപരിചിതയായതിനാൽ നാട്ടിൽ നിന്ന് അന്നു വൈകിട്ടുതന്നെ മടങ്ങിപ്പോരേണ്ടി വന്നു. പുലർച്ചെ മൂന്നിന് തിരുവനന്തപുരത്തെത്തിയ ഫാത്തിമയും കുട്ടിയും ഏഴു മണിയോടെ ഷംനാദിന്റെ വീട്ടിലെത്തിയെങ്കിലും മോശം സാഹചര്യത്തിൽ അവിടെ നിൽക്കാനാകാതെ അന്നു വൈകിട്ടോടെ അബുദാബിയിലേക്ക് മടങ്ങിപ്പോരേണ്ടി വന്നു.

നാട്ടിൽ നിന്ന് മടങ്ങിയെത്തിയ ഷംനാദിനും രണ്ടാം ഭാര്യക്കുമൊപ്പം ജീവിക്കാൻ തയ്യാറാണെന്നു ഫാത്തിമ പലവട്ടം പറഞ്ഞെങ്കിലും ക്രൂരമായ മർദ്ദനം തുടരുകയും വിവാഹ മോചനത്തിന് നിർബന്ധിക്കുകയും ചെയ്തു. കുഞ്ഞിനെ കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്ന് താഴേക്കിടുമെന്ന് ഭീഷണിപ്പെടുത്തി. അബുദാബിയിൽ വച്ച് ഫാത്തിമയുമായി വിവാഹം കഴിച്ചിരുന്ന വിവരം പുതിയ ബന്ധുക്കൾ അറിഞ്ഞതോടെ മറ്റൊരാളുടെ ഭാര്യയാണെന്ന് നാട്ടിലെ ബന്ധുക്കളോട് പറയിപ്പിക്കാനായിരുന്നു മർദ്ദനവും ഭീഷണിയും. വിവാഹ മോചനത്തിന് നിർബന്ധിച്ച് നിരന്തരമായ മർദ്ദനം തുടരുന്ന സാഹചര്യത്തിലാണ് ഭർത്താവ് ഷംനാദിനെതിരെ താൻ ക്രിമിനൽ, സിവിൽ, കുടുംബ കോടതികളിൽ പരാതി നൽകിയതെന്നും ഫാത്തിമ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വെറോണിക്ക ഇസ്‌ലാം മതം സ്വീകരിച്ചതിന്റെയും പിന്നീട് ഷംനാദുമായി നിയമ പരമായി വിവാഹം കഴിച്ചതിന്റെയും എല്ലാ രേഖകളും മാധ്യമങ്ങൾക്ക് നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഇയാൾ രണ്ടാമത് വിവാഹം ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.